എഡിറ്റോറിയൽ: ഇത് ദർശന സാക്ഷാത്കാരത്തിന്റെ വർഷം | ജെ. പി. വെണ്ണിക്കുളം

2022 ചരിത്രമായി മാറി. ഒരുപാട് സംഭവങ്ങൾ നടന്ന ഒരു വർഷമായിരുന്നു എങ്കിലും ദൈവീക പരിപാലനം കൂടെയുണ്ടായിരുന്നു. ലോകവ്യാപകമായി പടർന്നു പിടിച്ച മഹാമാരിക്ക് അല്പം ശമനം വന്നു എങ്കിലും വർഷാന്ത്യത്തിൽ ചില സ്ഥലങ്ങളിൽ വീണ്ടും പിടിമുറുക്കി, എന്നാൽ ദൈവം നമ്മെ സൂക്ഷിച്ചു. അനേകരുടെ സ്വപ്നങ്ങൾ തകർന്നു വീണ വർഷമെങ്കിലും നാം നിരാശപ്പെടാതെ ദൈവസന്നിധിയിൽ സമയം വേർതിരിച്ചു പ്രാർഥിച്ചുകൊണ്ടിരുന്നു. മറ്റുചിലർ അതിസമ്പന്നന്മാരായി മാറി. പല ബിസിനസ് സംരംഭങ്ങളും തകർന്നു വീണു. നമ്മുടെ ചെറുപ്പക്കാർ വിദേശങ്ങളിലേക്ക് കുടിയേറി. ഇക്കാലയളവിൽ ലഭിച്ച അനുഗ്രഹീത കൂട്ടായ്മകൾ നമ്മുടെ ആത്മീയ മനുഷ്യന് കരുത്തേകി. സാമൂഹിക അകലത്തിന്റെ നാളുകളിൽ നിന്നും കൂടിച്ചേരലുകളുടെ സന്തോഷം തിരികെ പ്രാപിച്ചു. പ്രളയം,വർഗീയ-രാഷ്ട്രീയ കലാപങ്ങൾ, ന്യൂനപക്ഷ പീഡനങ്ങൾ, സഭാ വളർച്ച, പുതിയ ഭരണകൂടങ്ങൾ, മഹാന്മാരുടെ വിയോഗം തുടങ്ങി നിരവധി വിഷയങ്ങളും പോയ വർഷം നാം കണ്ടു.

ആവർത്തന പുസ്തകത്തിൽ ഇങ്ങനെ നാം വായിക്കുന്നു:”…ആണ്ടിന്റെ ആരംഭം മുതൽ അവസാനം വരെ നിന്റെ ദൈവമായ യഹോവയുടെ ദൃഷ്ടി എപ്പോഴും അതിന്മേൽ ഇരിക്കുന്നു”. ഹബക്കൂക്ക് പ്രവചനത്തിൽ വായിക്കുന്നതു പോലെ “ആണ്ടുകൾ കഴിയും മുന്നേ ദൈവമേ അവിടുത്തെ പ്രവർത്തിയെ ജീവിപ്പിക്കേണമേ” എന്നു നമുക്കും പ്രാർത്ഥിക്കാം. അതെ, അവിടുന്നു നമ്മോടു കൂടെ എന്നും ഉണ്ടായിരുന്നു, ഇനിയും ഉണ്ടാകും. നമുക്ക് പ്രിയരായവർ പലരും നമ്മെവിട്ടു അകന്നപ്പോഴും പ്രത്യാശയോടെ ജീവിക്കാൻ അവിടുന്ന് നമ്മെ പ്രാപ്തരാക്കി. അവധിയിൽ ഇരിക്കുന്ന ദർശനം നിറവേറുന്ന വർഷമായി 2023 മാറട്ടെ. പ്രതീക്ഷയുടെയും അനവധി സാധ്യതകളുടെയും പുതിയൊരു വർഷം നമുക്ക് ലഭിച്ചിരിക്കുമ്പോൾ വെല്ലുവിളികൾക്കിടയിലും സാധ്യതകളെ കണ്ടെത്തി പ്രവർത്തിക്കാൻ നമുക്ക് കഴിയട്ടെ. ക്രൈസ്തവ എഴുത്തുപുരയുടെ എല്ലാ വായനക്കാർക്കും അനുഗ്രഹ സമ്പൂർണ്ണവും നന്മ നിറഞ്ഞതുമായ പുതുവൽസരം ആശംസിക്കുന്നു.

ജെ പി വെണ്ണിക്കുളം
ചീഫ് എഡിറ്റർ
ക്രൈസ്തവ എഴുത്തുപുര

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.