ചെറു ചിന്ത: ക്രിസ്മസും, ക്രിസ്തുവും | ബിജോ മാത്യു പാണത്തൂർ

മറ്റൊരു ക്രിസ്മസ് കാലം കൂടി വരവായി.. മഞ്ഞുപെയ്യുന്ന രാവും, മാലാഖമാരുടെ സംഗീതവും, നക്ഷത്രങ്ങളും, ക്രിസ്മസ് ട്രീ യും, ഉണ്ണിയേശുവും, കരോൾ ഗാനങ്ങളും അങ്ങനെ ഒത്തിരി കാര്യങ്ങൾ.. സ്കാൻഡിനേവിയയിലാണെങ്കിൽ (വടക്കൻ യൂറോപ്പ്) മഞ്ഞു മനുഷ്യനും ക്രിസ്മസിന് കൂട്ടുണ്ടാവും.

വേദപുസ്തക സത്യങ്ങളെക്കാളും ഉപരിപ്ലവമായതും കച്ചവടക്കണ്ണോട് കൂടിയതുമായ ആധുനിക ക്രിസ്മസ് ആഘോഷത്തിനായി ഒരു വലിയ വിഭാഗം ജനത തയ്യാറെടുക്കുമ്പോൾ, മേൽപ്പറഞ്ഞ സകലവും ക്രിസ്തുവിൻറെ ലേബലിൽ വിറ്റഴിക്കപ്പെടുന്ന ഒരു ആഘോഷമാണ് ഇന്ന് ക്രിസ്മസ്. യേശുവില്ലാത്ത വെറും ആഘോഷം.

ക്രിസ്തുവിന് മുമ്പും നിലനിന്നിരുന്ന റോമൻ പാഗൺ മതത്തിൻറെ സൂര്യാരാധനയും, ബ്രിട്ടീഷ് ദ്വീപുകളിൽ കുടിയേറിയ കെൽറ്റിക്,ആംഗ്ലോസാ ക്സൻ വർഗ്ഗങ്ങളുടെ “യൂൾ” ഫെസ്റ്റിവലു മൊക്കെയായി ഇത് കെട്ടുപിണഞ്ഞു കിടക്കുന്നു. ക്രൈസ്തവ മതം ശക്തിപ്പെട്ടപ്പോൾ നിറം മാറ്റി അടിച്ചതുപോലെ ക്രിസ്മസും പഴയ ആചാര രീതികളോടെ ഇന്നും നിർബാധം തുടരുന്നു.

ക്രിസ്മസ് അർഥമാക്കുന്നത് ഒരു ജനനമാണ്.. രക്ഷകന്റെ ജനനം. യേശു എന്ന വാക്ക് “യാഷ” എന്ന ധാതുവിൽ നിന്ന് ഉണ്ടായി. അർത്ഥാൽ രക്ഷകൻ. രക്ഷകൻ ജനിച്ചു എന്നതാണ് ക്രിസ്മസിന്‍റെ അർത്ഥം.

ക്രിസ്മസ് എന്നത് ക്രിസ്റ്റ-മാസ്സെ എന്ന രണ്ട് പദങ്ങളിൽ നിന്ന് ഉത്ഭവിച്ചതാണ്. അർത്ഥം: ക്രിസ്തുവിൻറെ ആരാധന. ഒരിക്കലായി പുൽക്കൂട്ടിൽ ജനിച്ച രക്ഷകൻ ഇനിയും പുൽക്കൂടുകൾ അല്ല പിറക്കേണ്ടത് മറിച്ച് മനുഷ്യന്റെ ഹൃദയത്തിലാണ്. പാപത്താൽ മനസ്സാക്ഷി മരവിച്ച മനുഷ്യൻറെ ഹൃദയത്തിൽ..

ദുർചിന്തകൾ പുറപ്പെടുന്ന പാപിയുടെ ഹൃദയത്തിൽ.. മാലാഖമാരുടെ പാട്ടിൻറെ ആകെത്തുകയും അതുതന്നെയാണ്. ക്രിസ്തു എന്ന രക്ഷിതാവ് ദാവീദിന്റെ പട്ടണത്തിൽ ജനിച്ചിരിക്കുന്നു എന്നുള്ളതായിരുന്നു അത്. ഈ രക്ഷിതാവിനെ “യഹൂദന്മാരുടെ മാത്രം രാജാവായി” വിദ്വാന്മാർ തെറ്റിദ്ധരിച്ചു.

“സർവ ലോകത്തിനും ഉണ്ടാകുവാനുള്ള രക്ഷ” എന്നതായിരുന്നു മാലാഖമാർ പാടിയത്. ഓരോ ക്രിസ്മസിനും ലോകം കുടിച്ചു തീർക്കുന്ന മദ്യത്തിന്റെ അളവ് വലുതാണ്. കുടിച്ചു ബോധമില്ലാത്തവരായി ക്രിസ്മസ് ആഘോഷിക്കുന്നതിനേക്കാൾ നല്ലത് ക്രിസ്തുവിനെ ഹൃദയത്തിൽ സ്വീകരിക്കുകയല്ലേ?..

ഹൃദയത്തിൽ പിറന്ന ക്രിസ്തുവിനെ ഓരോ ദിവസവും സ്മരിക്കുന്നത് യഥാർത്ഥ ക്രിസ്മസ് അനുഭവമായി മാറണം. പാരമ്പര്യങ്ങളിൽ തൂക്കിയിട്ടിരിക്കുന്ന നിറങ്ങൾ പിടിപ്പിച്ച ഒരാഘോഷത്തേക്കാൾ ആത്മാവിന്റെ യഥാർത്ഥ അനുഭവമായി ക്രിസ്മസ് മാറണം. ഇതാണ് ക്രിസ്തു നമ്മിൽ നിന്ന് ആഗ്രഹിക്കുന്ന ക്രിസ്മസ്.

ബിജോ മാത്യു പാണത്തൂർ

-Advertisement-

You might also like
Comments
Loading...