ലേഖനം: കാലിത്തൊഴുത്തില്‍ പിറന്ന രാജാവ് | വീണ ഡിക്രൂസ്, യു എ ഇ

ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഡിസംബർ 25 ന് ക്രിസ്മസ് ആഘോഷിക്കുന്നു. യഥാർത്ഥത്തിൽ ഡിസംബർ 25 തന്നെയാണോ കർത്താവായ യേശുവിന്റെ ജനനം? അല്ല എന്നാണ് പലരും പറയുന്നത് കാരണം ബൈബിളിൽ യേശു ജനിച്ച വർഷത്തെക്കുറിച്ച് പറയുന്നില്ല, കാലിത്തൊഴുത്തിൽ മറിയ ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു എന്നാണ് പറയുന്നത്, എന്നാൽ അന്ന് രാത്രിയിൽ ആ പ്രദേശത്ത് ആട്ടിൻകൂട്ടത്തെ കാവൽ കാത്ത് വെളിയിൽ പാർത്തിരുന്ന ഇടയന്മാരുടെ അടുക്കലേക്ക് ദൂതന്മാർ വന്നു യേശുവിന്റെ ജനനത്തെക്കുറിച്ചു പറഞ്ഞുവെന്നു ലൂക്കോസ്‌ ‌രേഖപ്പെടുത്തിയിട്ടുണ്ട്. അന്നത്തെ കാലത്ത് പകൽ ചൂട് കൂടുമ്പോഴാണ് രാത്രിയിൽ ഇടയന്മാർ ഇറങ്ങുന്നത് എന്നും ചരിത്രകാരന്മാർ പറയുന്നുണ്ട് അങ്ങനെയാണെങ്കിൽ അതൊരു ശീതകാലം ആയിരിക്കാനാണ് സാധ്യത.മിക്ക ചരിത്രകാരന്മാരും ക്രിസ്തുവിൻറെ ജനനം എ ഡി 200നു അടുത്തു ജനുവരിയിൽ ആണെന്ന് പറയുന്നുണ്ട് . ക്രിസ്തുവിന്റെ ജനനം ഓർക്കുക എന്ന അർത്ഥം വരുന്ന ഇംഗ്ലീഷ് പദങ്ങളായ ക്രിസ്റ്റീസ് മാസ്സ് എന്ന 2 പദത്തിൽ നിന്നാണ് ക്രിസ്തുമസ്സ് എന്ന പദം രൂപം കൊണ്ടത്. ജനനം കൊണ്ടും,ജീവിതം കൊണ്ടും തന്റെ ജീവിതാവസാനം കൊണ്ടും അത്ഭുതങ്ങൾ നിറഞ്ഞ ഒരു ജീവിതമായിരുന്നു യേശുവിന്റേത്, യേശുവിന്റെ ജനനം ഡിസംബർ 25നാണ് എന്ന് തെളിയിക്കുന്ന യാതൊന്നും ബൈബിളിൽ രേഖപ്പെടുത്തിയിട്ടില്ല, യേശുവിന്റെ ജീവിതകാലം 33 വർഷം ആണ് അതിൽ തന്റെ ശുശ്രൂഷ കാലയളവിൽ ശിഷ്യന്മാരോടും, ജനത്തോടും സദാ കൂടെയുണ്ടായിരുന്നിട്ടും ഒരിക്കൽ പോലും തന്റെ ജന്മദിനം ആഘോഷിക്കാൻ യേശു പറഞ്ഞിട്ടില്ല, തന്റെ ജന്മദിനം ആഘോഷിക്കുമ്പോൾ അതിൽ എന്തെങ്കിലും പ്രത്യേകതയുണ്ടായിരുന്നെങ്കിൽ യേശു തന്നെ അത് ആഘോഷിക്കുമായിരുന്നില്ലേ? യഹൂദന്മാരുടെ രാജാവായി പിറന്നവൻ അവർ അത് വിശ്വസിക്കാതെ വന്നപ്പോൾ ജാതി കളിലേക്ക് സ്വർഗ്ഗരാജ്യത്തിലെ മർമ്മങ്ങൾ വെളിപ്പെടുത്തി നമ്മെ പാപത്തിൽനിന്നും സ്വതന്ത്രരാക്കുകയാണ് യേശു എന്ന രക്ഷകൻ ചെയ്തത്.യേശുവിനു വേണമെങ്കിൽ കുറ്റപ്പെടുത്തിയവരെ പറ്റിക്കാനും, ചങ്ങലയിൽ നിന്ന് രക്ഷപ്പെടാനും,മരണത്തിൽനിന്ന് അപ്രത്യക്ഷമാകാനും കഴിയുമായിരുന്നിട്ടും സ്വയം രക്ഷിക്കാൻ ഒന്നും ചെയ്യാതെ നമുക്കായി സ്വയം ജിവൻ ബലിയർപ്പിച്ചവനാണ് യേശു എന്ന കർത്താവ്. യേശു ജനിക്കുന്നത് നമ്മുടെ ഹൃദയത്തിലാണ് ദൈവമായിരുന്നു യേശു ഭൂമിയിൽ ഇറങ്ങി വന്നത് നമ്മുടെ ഹൃദയത്തിൽ രാജാവായി വാഴാൻ ആണ്, യേശുവിനാവശ്യം ആഘോഷങ്ങളല്ല, നമ്മുടെ ഹൃദയമാണ്. ഒരിക്കൽ ജനിക്കുകയും, ക്രൂശിക്കപ്പെടുകയും ചെയ്തു. തന്റെ രക്തത്താൽ മരണാധികാരിയായിരുന്ന സാത്താന്റെ അധീനതയിൽ നിന്നും നമ്മെ വീണ്ടെടുത്തവനാണ് യേശു. ഇനി യേശു പിറക്കേണ്ടതു നമ്മുടെ ഹൃദയങ്ങളിലാണ്, അതും ശിശുവായിട്ടല്ല, രാജാവായിട്ടു തന്നെ. അന്നേരം പ്രശ്നങ്ങളാൽ ചൂടു പിടിച്ചിരിക്കുന്ന നമ്മുടെ ഹൃദയം മഞ്ഞുപോലെ തണുക്കും. ഈ ഡിസംബറിലെ തണുത്ത മഞ്ഞുപോലെ ദൈവം നമ്മുടെ ഹൃദയത്തിൽ രാജാവായി പിറക്കട്ടെ.

വീണ ഡിക്രൂസ്, യു എ ഇ

-ADVERTISEMENT-

-ADVERTISEMENT-

You might also like