ഇന്നത്തെ ചിന്ത : കാന്തയും സ്വപ്നവും | ജെ. പി വെണ്ണിക്കുളം
ഉത്തമ ഗീതം 3:1_ _രാത്രിസമയത്തു എന്റെ കിടക്കയിൽ ഞാൻ എന്റെ പ്രാണപ്രിയനെ അന്വേഷിച്ചു; ഞാൻ അവനെ അന്വേഷിച്ചു; കണ്ടില്ലതാനും.
പ്രാണപ്രിയൻ കൂടെയുണ്ടെന്നു ചിന്തിച്ച കാന്ത അവനെ കാണാതായപ്പോൾ കാണുന്ന സ്വപ്നമാണിത്. കിടക്കയിൽ അവനെ അന്വേഷിച്ചു, കണ്ടില്ല. പ്രിയൻ കൂടെയുണ്ടായിരുന്നെങ്കിൽ എന്ന് അവൾ ആശിച്ചു പോവുകയാണ്. കർത്താവ് കൂടെയുണ്ടാകും എന്ന് ശിഷ്യന്മാർ ചിന്തിച്ച സന്ദർഭങ്ങളുണ്ട്. മാതാപിതാക്കൾക്കൊപ്പം യേശു ഉണ്ടെന്നു ചിന്തിച്ച യരൂശലെമിൽ നിന്നുള്ള യാത്രയും ഓർക്കുന്നുണ്ടാവുമല്ലോ. വീഥികളിലും വിശാലസ്ഥലത്തും അവനെ കണ്ടെത്താനാകില്ല. പ്രിയരേ, ഈ ലോക സുഖത്തിൽ യേശു ഉണ്ടാകണമെന്നില്ല. നഗരത്തിന്റെ കാവൽക്കാരായ നാം അവനെ കണ്ടെത്തുന്നവരും മറ്റുള്ളവർക്ക് വഴികാട്ടികളും ആയിരിക്കേണ്ടതാണ്. യെശയ്യാ 26:9 പറയുന്നു, “എന്റെ ഉള്ളംകൊണ്ടു ഞാൻ രാത്രിയിൽ നിന്നെ ആഗ്രഹിച്ചു; എന്റെ ഉള്ളിൽ എന്റെ ആത്മാവുകൊണ്ടു തന്നേ ഞാൻ ജാഗ്രതയോടെ നിന്നെ അന്വേഷിക്കും; നിന്റെ ന്യായവിധികൾ ഭൂമിയിൽ നടക്കുമ്പോൾ ഭൂവാസികൾ നീതിയെ പഠിക്കും”. ജാഗ്രതയോടെ അന്വേഷിച്ചാൽ അവനെ നാം കണ്ടെത്തും.
ജെ. പി വെണ്ണിക്കുളം