ചെറുകഥ: പ്രതീക്ഷ | ജോബി. കെ.സി

“ഇനി ഇവിടെ തുടരാൻ നിന്നെ അനുവദിക്കുകയില്ല. കാര്യങ്ങളെല്ലാം കഴിഞ്ഞ തവണ തീർത്തു പറഞ്ഞതാണ്. നിന്നെപ്പോലെയല്ലേ ബാക്കി കുട്ടികളും . നിനക്ക് മാത്രം എന്താ കൊമ്പു വല്ലതുമുണ്ടോ ? കുറച്ചുനാൾ പോയി വീട്ടിലിരിക്ക്, അതുകഴിഞ്ഞ് നമുക്ക് നോക്കാം വീണ്ടും പഠിക്കണോ വേണ്ടയോ എന്ന് . എങ്കിലേ നീയൊക്കെ മര്യാദ പഠിക്കുകയുള്ളൂ… എബ്രഹാം സാർ ദേഷ്യത്തോടെ കയ്യിലിരുന്ന സർട്ടിഫിക്കറ്റുകൾ റിച്ചാർഡിന്റെ മുന്നിലേക്ക് വലിച്ചെറിഞ്ഞു.

പാലം കുലുങ്ങിയാലും കേളനു കുലുക്കമില്ല എന്ന മട്ടിലായിരുന്നു റിച്ചാർഡിന്റെ നില്പും ഭാവവും .

ബാംഗ്ലൂരിൽ അവസാനവർഷ നേഴ്സിങ് വിദ്യാർത്ഥിയാണ് റിച്ചാർഡ് . തൃശ്ശൂർ പൂരം പോലെയാണ് അവന്റെ ഹോസ്റ്റൽ ജീവിതം . എപ്പോഴും എന്തെങ്കിലും പ്രശ്നത്തിന് തിരികൊളുത്തിയില്ലെങ്കിൽ അവന് ഉറക്കം വരികയില്ല.

“കഴിഞ്ഞ വർഷങ്ങൾ സുനാമി പോലെ വന്നുപോയി ഇനിയുള്ള സമയം പുസ്തകപ്പുഴു ആയിട്ട് ഇരിക്കാൻ ആണോ പരിപാടി എങ്കിൽ നമ്മെ പോലെ മണക്കൂസുകൾ ഈ ലോകത്ത് ആരും കാണുകയില്ല നമുക്ക് തകർക്കണം തകർത്തു തരിപ്പണമാക്കണം” ഫെബിനാണ് എല്ലാവരിലേക്കും എരിവ് പകർന്നത്.

പുതുതായി വന്ന പുതുപ്പള്ളിക്കാരനെ റാഗിങ്ങിലൂടെ വിറപ്പിക്കുവാനുള്ള പരിപാടികളിൽ ആയിരുന്നു തുടക്കം. സാങ്കല്പിക സൈക്കിളിൽ പത്തുമിനിറ്റ് നീളുന്ന പ്രാക്ടീസ് … ദോശ ചുടൽ, ഓട്ടംതുള്ളൽ, കലാപരിപാടികൾ നീണ്ടതും പയ്യൻ തലകറങ്ങി വീണു. സംഭവം ആകെ പുലിവാലായി, കോളേജിൽ വലിയ കോലാഹലം സൃഷ്ടിച്ചു.

അടിയന്തരമായ സ്റ്റാഫ് മീറ്റിംഗ് . “സ്ഥാപനത്തിന് നാണക്കേട് വരുത്തിയ സംഭവമാണ് ..” എബ്രഹാം സാർ കാര്യങ്ങളുടെ ഗൗരവം വ്യക്തമാക്കി . “റിച്ചാർഡിനെ പുറത്താക്കുക , കോളേജിന്റെ മാനം രക്ഷിക്കുക. അവന്റെ പെരുമാറ്റ ദൂഷ്യം ഇനിയും വെച്ചുപൊറുപ്പിക്കാൻ പറ്റുകയില്ല , അഹങ്കാരം അല്ലാതെന്തു ..” ഡിസൂസ സാറിന് കോപം അടക്കാൻ ആകുന്നില്ല.

“സോളമൻ സാറിന്റെ അഭിപ്രായം എന്താണ് , എല്ലാ കാര്യത്തിനും ന്യായം പറയാറുള്ള ആളല്ലേ . എതിരഭിപ്രായം വല്ലതുമുണ്ടോ..” ആലോചനയിൽ മുഴുകിയിരുന്ന സോളമൻ സാറിനോട് എബ്രഹാം സാർ ആരാഞ്ഞു.

“റിച്ചാഡിന് ഒരു അവസരം കൂടി കൊടുക്കണം… ” സോളമൻ സാർ തന്റെ നിലപാട് പറഞ്ഞു.

” റിച്ചാർഡിന്റെ ഉത്തരവാദിത്വം പൂർണ്ണമായും സോളമൻ സാർ ഏറ്റെടുക്കണം. ഇത്തരം പരാതികൾ ഇനിമേൽ ഉണ്ടായാൽ പൂർണ ഉത്തരവാദിത്വം സാറിന് ആയിരിക്കും… അതിന് തയ്യാറാണോ…” ഡിസൂസ ചോദിച്ചു.
” അധ്യാപകൻ എന്ന നിലയിൽ കുട്ടികളുടെ പഠനമികവു മാത്രമല്ലല്ലോ, സ്വഭാവഗുണം കൂടെ മെച്ചപ്പെടുത്തേണ്ട ഉത്തരവാദിത്വവും നിക്ഷിപ്തമാണെന്ന് ഞാൻ മനസ്സിലാക്കുന്നു. അവൻ നല്ലവനാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. അവന്റെ മാതാപിതാക്കൾ ഡിവോഴ്സിന്റെ വക്കിലാണ്. ഭവനത്തിലെ സ്നേഹമില്ലായ്മയും ഒറ്റപ്പെടുത്തലുകളുമാണ് അവനെ ഇത്തരത്തിൽ ആക്കിയത്. അതിനാൽ ദൈവത്തിന് ആശ്രയിച്ച് ഈ വെല്ലുവിളി ഞാൻ “. സോളമൻസാറിന്റെ വാക്കുകൾക്ക് കാരിരുമ്പിന്റെ കരുത്ത് ഉണ്ടായിരുന്നു.

മൂന്നുവർഷങ്ങൾ വേഗം കടന്നുപോയി. ക്യാമ്പസ് വീണ്ടും ഉണർന്നു. ഒരു ദിവസം എബ്രഹാം സാറിന് ഒരു കത്ത് ലഭിച്ചു, അയച്ചത് ആരാണെന്നോ… റിച്ചാർഡ് . ദൈവമേ വല്ല കടലാസ് ബോംബും ആണോ … അവന് തന്നോട് ദേഷ്യം ഉണ്ടാകും. വലിയ പ്രശ്നങ്ങളൊന്നും ഇല്ലാതെ ഗ്രാജുവേഷൻ വരെ പിടിച്ചു നിന്നതാണ്. പഠനശേഷം ക്യാമ്പസ് പ്ലെയ്സ്മെൻറ് നൽകുന്ന കൂട്ടത്തിൽ റിച്ചാർഡിന്റെ പേരും ഉയർന്നുവന്നു.” വല്ല പൊട്ട കുളത്തിലേക്ക് തട്ട്, ശല്യം എത്രയും പെട്ടെന്ന് ഒഴിഞ്ഞു കിട്ടിയാൽ മതി.. ” ഡിസൂസ മാഷ് പറഞ്ഞു.

“ഹക്കുനാ ദ്വീപിൽ തുടങ്ങിയിരിക്കുന്ന പുതിയ ക്ലിനിക്കിലേക്ക് അവനെ അയക്കാം. അതേ വഴിയുള്ളൂ അവിടെ ആകുമ്പോൾ വല്ല തരികിടയും ഒപ്പിച്ചാൽ അവർ കൈകാര്യം ചെയ്തോളും….” എബ്രഹാം സാർ തീരുമാനം അറിയിച്ചു.

രണ്ടുവർഷമായിട്ട് അവന്റെ വിവരങ്ങൾ ഒന്നും ഇല്ലായിരുന്നു. ദ്വീപിലേക്ക് തങ്ങളെ ക്ഷണിച്ചു കൊണ്ടുള്ള റിച്ചാർഡിന്റെ കത്താണ് വന്നിരിക്കുന്നത്…
അവൻ എന്തെങ്കിലും പൊല്ലാപ്പ് ഉണ്ടാക്കിക്കാണും . അവന്റെ ലോക്കൽ ഗാർഡിയൻ എന്ന നിലയ്ക്ക് സോളമൻ സാർ തന്നെ പോകണം എന്നാണ് എന്റെ അഭിപ്രായം.. എബ്രഹാം സാർ മറ്റ് അധ്യാപകരെ അറിയിച്ചു..
ദുർഘടമായ കപ്പൽ യാത്ര . ദ്വീപിലേക്ക് അടുക്കാറായപ്പോഴേക്കും നെഞ്ച് പട പട അടിക്കാൻ തുടങ്ങി. എന്തായിരിക്കും സംഭവിച്ചിരിക്കുക. ധൈര്യത്തോടെ സാറ് തുറമുഖത്തേക്ക് ഇറങ്ങി.

പെട്ടെന്ന് നാലഞ്ചു തടിമാടന്മാർ മുൻപോട്ടു വന്നു. അദ്ദേഹത്തെ പൊക്കിയെടുത്ത് മഞ്ചലിലേയ്ക്ക് ഇരുത്തി. എന്തെങ്കിലും പറയും മുമ്പേ അവർ നടന്നു തുടങ്ങി. ജനക്കൂട്ടം മുഴുവനും ഓഹോയ് ശബ്ദത്തോടെ പിന്നാലെ കൂടി.

ദൈവമേ ഇവർ നരഭോജികളോ മറ്റോ ആണോ … തന്റെ സർവ്വധൈര്യവും ആവിയായി പോയി.. ഒരു കുടിലിൽ നിന്നും റിച്ചാർഡ് ഓടിവന്നപ്പോൾ ആശ്വാസമായി. അവൻ തന്റെ കാൽക്കൽ വീണു.
“എന്താ റിച്ചാർഡ് എന്താണ് സംഭവിച്ചത് ..” ആശങ്കയയോടെ ചോദിച്ചു.

” എന്നിൽ അർപ്പിച്ച വിശ്വാസവും നൽകിയ പ്രോത്സാഹനവും എന്നെ പുതിയൊരു മനുഷ്യനാക്കി തീർത്തു . ഞാൻ ഇവിടെ വരുമ്പോൾ പകർച്ചപനി ബാധിച്ച് ഇവിടെയുള്ളവർ വലയുകയായിരുന്നു. സൗകര്യമില്ലാത്ത ആശുപത്രി മാത്രമായിരുന്നു ആകെ ഇവിടെയുണ്ടായിരുന്നത്. ചില മാസങ്ങൾ കൊണ്ട് ഇവിടുത്തെ വൃത്തി ഹീനമായ ചുറ്റുപാടുകളെ കുറിച്ച് അവരെ ബോധവൽക്കരിക്കുകയും അവരോട് ചേർന്ന് വൃത്തിയാക്കുകയും ചെയ്തു. പഠിക്കാൻ സൗകര്യങ്ങൾ ഇല്ലാതിരുന്ന കുഞ്ഞുങ്ങൾക്ക് അക്ഷരങ്ങൾ പറഞ്ഞുകൊടുക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഇവിടത്തെ മൂപ്പന്റെ നേതൃത്വത്തിൽ പുതിയ സ്കൂൾ കെട്ടിടവും ആശുപത്രിയും പണിതെടുത്തു. അതിന്റെ ഉദ്ഘാടനം നിർവഹിക്കാനാണ് ക്ഷണക്കത്ത് എഴുതിയത്. എല്ലാം സാറിന്റെയും ദൈവത്തിന്റെയും അനുഗ്രഹം.”

സോളമൻ സാറിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. “ദൈവമേ നിനക്ക് നന്ദി “. അഭിമാനത്തോടെ തന്റെ ശിഷ്യനെ ചേർത്തുപിടിച്ച് നെറുകയിൽ ചുംബിച്ചു. ഗുരുശിഷ്യബന്ധത്തിന് പ്രതീക്ഷയുടെ ഒരു പുത്തൻ അധ്യായം കൂടെ അവിടെ തുറക്കപ്പെട്ടു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.