സാത്തൻ സഭയുടെ സഹസ്ഥാപകൻ ക്രൈസ്തവ വിശ്വാസത്തിലേക്ക്

കേപ്പ്ടൗൺ: യേശുവിന്റെ  സ്‌നേഹം ഉപാധികളില്ലാത്ത അനുഭവിച്ചറിഞ്ഞപ്പോൾ സാത്താൻ ആരാധനയോട് വിടപറഞ്ഞ് ദക്ഷിണാഫ്രിക്കയിലെ കുപ്രസിദ്ധ സാത്താൻ ആരാധകൻ. ദക്ഷിണാഫ്രിക്കയിലെ സാത്താൻ സഭയുടെ സഹസ്ഥാപകൻ കൂടിയായ റിയാൻ
സ്വിഗെലറാണ്, സാത്താനെയും അവന്റെ സഭയെയും തള്ളിപ്പറഞ്ഞ് ക്രിസ്തീയതയെ പുൽകാനുള്ള ആഗ്രഹം പരസ്യമാക്കിയത്. സാത്താൻ സഭയിൽനിന്നുള്ള തന്റെ വിടുതലും അതിലേക്ക് നയിച്ച ദൈവീക ഇടപെടലുകളും സാക്ഷിച്ച് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച 30 മിനിറ്റ് വീഡിയോയും ശ്രദ്ധേയമാവുകയാണ്.

‘വൃത്തികെട്ട രാക്ഷസൻ’ ആയിരുന്ന കാലത്ത് ക്രൈസ്തവർ തന്നോടു കാട്ടിയ ഉപാധികളില്ലാത്ത സ്‌നേഹത്തെ കുറിച്ചു പറഞ്ഞുകൊണ്ടാണ് വീഡിയോയുടെ ആരംഭം. യേശുക്രിസ്തു പകരുന്ന ഉദാത്ത സ്‌നേഹത്തിന്റെ ആദ്യാനുഭമായാണ് അദ്ദേഹം അതിനെ നോക്കിക്കാണുന്നത്. കഴിഞ്ഞ മേയ് 30ന് അദ്ദേഹം സാത്താൻ സഭയുമായുള്ള ബന്ധം വിച്ഛേദിച്ചെങ്കിലും ഇക്കഴിഞ്ഞ ദിവസം പ്രസ്തുത വീഡിയോ പോസ്റ്റ് ചെയ്തതോടെയാണ് അത്ഭുതാവഹമായ ഈ മാനസാന്തരാനുഭവം പുറംലോകം അറിഞ്ഞത്. ഉത്തമ ക്രൈസ്തവ വിശ്വാസിയായ ഒരാളുടെ ഒരു ആലിംഗനമാണ് ഈ മാനസാന്തരത്തിന് തുടക്കമായതെന്ന വസ്തുതയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

സാത്താൻ സഭയുടെ സഹസ്ഥാപകൻ എന്ന നിലയിൽ ‘കേപ്ടോക്ക്’ റേഡിയോ സ്റ്റേഷനിൽ ഒരു അഭിമുഖത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു സ്വിഗെലറിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. മേയ് മാസത്തിലെ ആദ്യ ദിനങ്ങളിലായിരുന്നു അഭിമുഖം. യേശുക്രിസ്തു ഉണ്ടെന്ന വിശ്വാസം തനിക്കില്ലെന്ന് പറയുന്ന അഭിമുഖം പൂർത്തിയാക്കി മടങ്ങുംമുമ്പാണ് റേഡിയോ സ്റ്റേഷനിലെ ഒരു സ്ത്രീ അയാളെ സമീപിച്ച് ആലിംഗനം ചെയ്തത്. അഡെൽ ഫ്രേ എന്നായിരുന്നു അവളുടെ പേര്. ഏതാണ്ട് ഒരാഴ്ച കഴിഞ്ഞപ്പോഴാണ്, അവൾ ഒരു ക്രിസ്തീയ വിശ്വാസിയാണെന്ന കാര്യം സ്വിഗെലർ മനസിലാക്കിയത്.

‘ക്രൈസ്തവരിൽനിന്ന് ഒരിക്കലും എനിക്ക് അപ്രകാരം ഒരു അനുഭവം ഉണ്ടായിട്ടില്ല. സാത്താൻ ആരാധനകൻ എന്ന് സ്വയം പ്രഖ്യാപിച്ച ഒരുവനോട് ഒരു ക്രൈസ്തവ വിശ്വാസി ഇത്രയധികം സ്‌നേഹം പ്രകടിപ്പിക്കുന്നതും ഞാൻ കണ്ടിട്ടില്ല. എന്നിരുന്നാലും ആ സ്‌നേഹം എന്നോടൊപ്പം തുടർന്നു,’ അദ്ദേഹം വീഡിയോയിൽ വ്യക്തമാക്കി. ദിനങ്ങൾ പിന്നിട്ടപ്പോഴേക്കും തനിക്ക് ഉണ്ടായ ക്രിസ്തുവിന്റെ ദർശനത്തെക്കുറിച്ചും അദ്ദേഹം വെളിപ്പെടുത്തി. കൂടുതൽ സ്വാധീനവും ശക്തിയും നേടാനുള്ള അടുത്ത ഘട്ടം മനസിലാക്കാൻ സാത്താൻ ആരാധന നടത്തുമ്പോഴായിരുന്നു, ക്രിസ്തുവുമായുള്ള ആ മുഖാമുഖ ദർശനം!

ആ നിമിഷം അദ്ദേഹം വിവരിക്കുന്നത് ഇങ്ങനെ: ‘നീ യേശുവാണെങ്കിൽ അത് തെളിയിക്കണം എന്ന് ഞാൻ ആവശ്യപ്പെട്ടു. ഉദാത്തമായ സ്‌നേഹവും ഊർജവും അപ്പോൾ എന്നിൽ നിറഞ്ഞു കവിയുകയായിരുന്നു. റേഡിയോ സ്റ്റേഷനിലെ സ്ത്രീയിൽനിന്ന് ഉണ്ടായതുപോലുള്ള അനുഭവം ഉടനടി ഞാൻ തിരിച്ചറിയുകയായിരുന്നു.’ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് താൻ മറുപടി പറയില്ലെന്നും ഇത് തന്റെ സാക്ഷ്യമാണെന്നും പറഞ്ഞുകൊണ്ടാണ് വീഡിയോ സന്ദേശം പൂർത്തിയാക്കുന്നത്. എന്തായാലും അദ്ദേഹത്തിന്റെ രാജിവിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചുകൊണ്ട് ദക്ഷിണാഫ്രിക്കയിലെ സാത്താൻ സഭ പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ട്.

തന്റെ മാനസാന്തരം പ്രഖ്യാപിക്കുംവിധം, ഫേസ്ബുക്ക് പേജിന്റെ കവർ ചിത്രമായി തിരുഹൃദയത്തിന്റെ ചിത്രം ഉൾപ്പെടുത്തിയതും ശ്രദ്ധേയമാണ്. മാത്രമല്ല, ‘എല്ലാ ക്രൈസ്തവരും ക്രിസ്തുവിനെ പോലെ പെരുമാറിയിരുന്നെങ്കിൽ ലോകം മുഴുവനും ക്രൈസ്തവീകമാകും,’ എന്ന മഹാത്മാ ഗാന്ധിയുടെ വിഖ്യാതമായ ഉദ്ധരണിയും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. സാത്താൻ ആരാധനകരുടെ പൊതുവായ അവസ്ഥ മുറിവേറ്റ ഹൃദയമാണെന്ന് തുറന്നുപറയുന്ന അദ്ദേഹം, ‘ജനങ്ങളേ, മറ്റുള്ളവരോട് സ്നേഹം കാണിക്കൂ,’ എന്ന വാക്കുകളും വീഡിയോയിൽ പങ്കുവെക്കുന്നു. മാത്രമല്ല, സ്‌നേഹം എന്ന പദം ഇംഗ്ലീഷ് ഉൾപ്പെടെയുള്ള മൂന്ന് ഭാഷകളിൽ രേഖപ്പെടുത്തിയാണ് തിരുഹൃദയത്തിന്റെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നതും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.