കഥ: വിശുദ്ധ പ്രജ | സണ്ണി കെ. ജോൺ, രാജസ്ഥാൻ

താഷി ഡോൾമ ലോവ്ജാംഗ് മലയിലേക്ക് തന്നെ നോക്കി നിന്നു . താഴ്‌വരയിൽ .അലസമായി മേയുന്ന യാക്കുകളുടെ മേൽ മഞ്ഞ് പെയ്തിറങ്ങുന്നുണ്ട്. വെഞ്ചാമരവാൽ നീട്ടി പുറത്ത് വീഴുന്ന മഞ്ഞുകണങ്ങൾ ഒരനുഷ്ടാനത്തിന്റെ യാന്ത്രികതയിലെന്നോണം അവ തുടച്ചു കൊണ്ടേയിരുന്നു.
യഥാർത്ഥത്തിൽ അങ്ങനെ ഒരു തുടച്ചുനീക്കൽ തന്റെ ഹൃദയത്തിനാണ് വേണ്ടതെന്ന് അവൾക്ക് തോന്നിപ്പോയി.
” ബാബുജി, നാട്ടിൽ പോയാ പിന്നെ നമ്മൾ എങ്ങനെ ….”
” ഒരുപക്ഷേ ഇനിയൊരിക്കലും ഈ ഭൂമിയിൽ നമ്മൾ കണ്ടുമുട്ടി എന്ന വരികയില്ല ! ഒരു പട്ടാളക്കാരന്റെ ജീവിതത്തിൽ ഒരിക്കൽ മാത്രമാണ് ഗ്ലേസിയറിലേക്ക് കടന്നുവരേണ്ടി വരുന്നത് , എന്ന് നിനക്കറിയാഞ്ഞിട്ടല്ലല്ലോ താഷി”
അവളുടെ കപോലങ്ങൾ നിറഞ്ഞൊഴുകി.വിരഹ വേദനയുടെ അനിയന്ത്രിതമായ തിരതള്ളലാണത്. അത്രമാത്രം ആഴമായി , അത്രമാത്രം ആത്മാർഥമായി അവൾ അദ്ദേഹത്തെ സ്നേഹിച്ചു പോയി.എങ്ങനെ സ്നേഹിക്കാതിരിരിക്കും ? വ്രണം എല്ലാം പഴുത്തു പൊട്ടി, ചോരയൊലിപ്പിച്ച് കൊണ്ട് ടിബറ്റൻ മാർക്കറ്റ് കവാടത്തിൽ മരണം കാത്തു കിടന്ന ഒരു ഭൂത കാലമുണ്ടായിരുന്നു , അവൾക്ക്.
ആരും തിരിഞ്ഞു നോക്കാൻ ഇല്ലാതിരുന്ന ആ തിരസ്കൃതിയിൽ അയാൾ മാത്രം എന്നും അവളെ തേടിയെത്തി. കോട്ട് കോൾഡ് വെതറും സ്നോ ബൂട്ടും അണിയിച്ച് കൊടുത്തു. തുഗ്പയും മോമോയും ബട്ടർ ചേർത്ത സുൽജയും ( ചായ) വാങ്ങി കൊടുത്തു
അവളെ പരിചരിച്ചു.
“കർത്താവ് നിന്നെ സ്നേഹിക്കുന്നുവെന്നും ഇനി നീ പാപം ചെയ്യരുതെന്നും നിൻറെ അവസ്ഥകൾക്ക് മാറ്റം വരുമെന്നും”,പറഞ്ഞു.
അവൾക്ക് ധൈര്യം പകർന്നു കൊടുത്തു. ഹൃദയത്തിൽ പ്രത്യാശ നിറച്ചു .ജീവിതം പിന്നെയും സ്വപ്നം കാണാൻ പഠിപ്പിച്ചു.
ഇപ്പോൾ പക്ഷേ, അദ്ദേഹം പോവുകയാണ് !
ഈ ഭൂമിയിൽ വച്ച് കണ്ടുമുട്ടുകയില്ലെന്നും എന്നാൽ നമുക്ക് വീണ്ടും കാണാം എന്നും അദ്ദേഹം പറയുന്നു ! അതാണ് അവൾക്ക് മനസ്സിലാകാത്തത് . എങ്ങനെയാണ് വീണ്ടും കണ്ടുമുട്ടാൻ കഴിയുന്നത്?
അയാൾ തുറന്നു കൊടുത്ത ബൈബിൾ വാക്യത്തിലേക്ക് അവൾ പിന്നേയും തുറിച്ചു നോക്കി..
” പരിശുദ്ധാത്മാവ് നിൻറെ മേൽ വരും. അത്യുന്നതന്റെ ശക്തി നിൻറെ മേൽ നിഴലിടും. ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധ പ്രജ ദൈവപുത്രൻ എന്ന് വിളിക്കപ്പെടും … ”
ഞാൻ പുരുഷനെ അറിയായ്കയാൽ ഇതു എങ്ങനെ സംഭവിക്കും എന്ന മറിയയുടെ ചോദ്യത്തിന് ദൂതൻ പറയുന്ന ഉത്തരം ആണ് .
ഇതു പക്ഷേ രണ്ടായിരം വർഷം മുൻപ് ദൈവപുത്രനായ യേശു ഈ ലോകത്തിലേക്ക് കടന്നുവരുന്ന കാര്യമാണ്. അതും ഇതും തമ്മിൽ എന്ത് ബന്ധം? ബന്ധമുണ്ടെന്നാണ് അദ്ദേഹം പറയുന്നത് .അത് പക്ഷേ തനിക്കെങ്ങനെ ….?
അദ്ദേഹം മലയടിവാരത്തിൽ അപ്രത്യക്ഷനായി കഴിഞ്ഞിരിയ്ക്കുന്നു. ഹാൾ ഓഫ് ഫെയിമിന് താഴെ ഒതുക്കിവിരിച്ച എയർപ്പോട്ടുണ്ട്. ആ എയർ പോർട്ടിൽ അയാളെ കാത്ത് AN 32 വിമാനം കാത്തു കിടക്കുന്നു. അതിൽ കയറി അദ്ദേഹം നാട്ടിലേക്ക് പോകും. അവിടെ മുറ്റത്തും തൊടിയിലും നന്ദ്യാർവട്ടമുണ്ട്. രത്‌ന മുല്ലയും വെള്ള പീച്ചിയുമുണ്ട്.
“ ബാബുജി, ഈ വാക്യം വായിച്ചിട്ട് എനിക്കൊന്നും …. “

post watermark60x60

താഷി ഡോൾമാ തറയിൽ മുട്ടുകുത്തി .
“യേശുവേ കർത്താവേ, ഇതിനർത്ഥം പറഞ്ഞുതരൂ “.
ആകാശത്ത് നിന്നുതിരുന്ന മഞ്ഞ് കണങ്ങൾ അവൾക്ക് മുന്നിൽ ഒരു രൂപം തീർത്തു. ആ വെൺമയുടെ പ്രഭാപ്രപഞ്ചത്തിൽ ശണ വസ്ത്രം ധരിച്ചും ഊഫാസ് തങ്കംകൊണ്ടുള്ള കച്ചകെട്ടിയും ഇരിക്കുന്ന ഒരു പുരുഷനെ അവൾ കണ്ടു. അവന്റെ ദേഹം ഗോമേദകം പോലെയും മുഖം മിന്നൽ പ്രകാശം പോലെയും കണ്ണ് തീപ്പന്തം പോലെയും ഇരുന്നു. ബോധാബോധത്തിന്റെ നാരിഴയിൽ അവൾ സർവ്വസൈന്യാധിപന്റെ ശബ്ദം കേട്ടു…
” താഷി, .താഷി ഡോൾമ..”
ആ മഹാദർശനത്തിൽ ബോധംകെട്ട് ഏറെനേരം അവളങ്ങനെ തന്നെ കിടന്നു…
താഴ്‌വരയിലെ യാക്കുകൾ ഇപ്പോൾ അവളുടെ അടുക്കലെത്തി മുക്രയിട്ട് സാന്നിദ്ധ്യമറിയിച്ചു.
ആ പ്രഭാപ്രപഞ്ചത്തിൽ നിന്നിറങ്ങി വന്ന താഷിക്ക് ഇപ്പോൾ കാര്യങ്ങൾ എല്ലാം മനസ്സിലായി.
‘ഗബ്രിയേൽ പറഞ്ഞത് മറിയയോടാണെങ്കിലും, ഇപ്പോൾ വേദപുസ്തകം വായിക്കുന്നത് മറിയയല്ല; നീയാണ് .അപ്പോൾ നീയാണ് ഗർഭം ധരിക്കേണ്ടത്. ദൈവവചനമായ വിത്ത് നിൻറെ ഉള്ളിൽ വീണു കഴിഞ്ഞിരിക്കുന്നു. ഇനി വേണ്ടത് ഒരു പുതിയ താഷി ഈ ലോകത്തിലേക്ക് പിറന്നു വീഴുകയാണ് . ‘
“ഇവനെന്റെ പ്രിയപുത്രൻ “ എന്ന് നിന്നെ നോക്കി പറയാൻ കഴിയും വിധം ഒരു പുതു സൃഷ്ടിയാകണം. എങ്ങനെ സംഭവിക്കും എന്നല്ലേ ? ”
”പരിശുദ്ധാത്മാവ് നിൻറെ മേൽ വരും… അത്യുന്നത ശക്തി നിൻറെ മേൽ നിഴലിടും ആകയാൽ ഉൽഭവിക്കുന്ന വിശുദ്ധ പ്രജ ….”
വചനത്തിന്റെ നീല വില്ലീസ് പാളികളുടെ ചാരുതയെ ദേദിച്ച് ഹുങ്കാര ശബ്ദമുയർന്നു..
എയർ ഫീൽഡിൽ നിന്നും അൽപം മാത്രം ഓടി കുത്തനെ ഉയർന്ന വിമാനം ലൊവ്ജാoഗ് മലയെ ചുറ്റി ഉയരത്തിലേക്ക് കയറി.
അന്നേരം,
അതിൽ നിന്നും നീളുന്ന കരങ്ങൾ കാണാൻ അവൾ ഉന്നതത്തിലേക്ക് ഗഹനമായി നോക്കി നിന്നു. ഗിരിസാനുക്കളിൽ ഹിമം അപ്പോഴും പെയ്യുകയായിരുന്നു.

സണ്ണി കെ. ജോൺ

-ADVERTISEMENT-

-ADVERTISEMENT-

You might also like