ചെറു ചിന്ത: ദൈവം ഉണ്ടായിരുന്നുവെങ്കിൽ | മിനി എം. തോമസ്

 

രു കുട്ടി തന്റെ അമ്മയുടെ കൂടെ വലിയ തിരക്കുള്ള സ്ഥലത്തെത്തി. ആൾക്കൂട്ടത്തിനിടയിൽ ആ കുട്ടിയെ കാണാതായി. കുറെ തിരച്ചിലിന് ശേഷം ആ കുട്ടിയെ കണ്ടെത്തി അമ്മയുടെ അരികിൽ എത്തിച്ചപ്പോൾ, നിഷ്കളങ്കമായി ആ കുട്ടി ചോദിച്ചു “‘അമ്മ എന്തിനാ എന്റെ കൈവിട്ടിട്ട് പോയത്?”
പാവം ആ കുട്ടി അറിഞ്ഞില്ല, അമ്മയല്ല താനാണ് ആ കൈ വിട്ട് പോയതെന്ന്.
സങ്കടങ്ങളുടെ മുൾമുനയിൽ കാലുറപ്പിച്ച് നിൽക്കേണ്ടി വരുമ്പോഴൊക്കെ ഇത്തരം നിരവധി ചോദ്യങ്ങളുടെ ചോദ്യകർത്താക്കൾ ആണ് നമ്മൾ. ദൈവം ഉണ്ടോ എന്ന് പോലും സംശയിക്കേണ്ടി വരുന്ന എത്രയോ സാഹചര്യങ്ങൾ നമുക്ക് മുൻപിലൂടെ കടന്നുപോയിരിക്കുന്നു.

ദൈവം ഉണ്ടോ?
ദൈവം ഉണ്ടായിരുന്നുവെങ്കിൽ ഈ കഷ്ടപ്പാടുകൾ ഉണ്ടാകുമായിരുന്നോ?
ദൈവം ഉണ്ടായിരുന്നുവെങ്കിൽ ഞാൻ പരാജയപ്പെടുമായിരുന്നോ?

കൂരിരുൾ താഴ്‌വരയിൽകൂടി ഒറ്റയ്ക്ക് നടക്കുന്നു എന്ന തോന്നലുണ്ടായപ്പോഴൊക്കെ നമ്മൾ നമ്മളോട് തന്നെ ചോദിച്ചിട്ടുണ്ടാവും, ദൈവം ശരിക്കും ഉണ്ടോ? കഷ്ടതകൾ ജീവിതത്തിൽ ക്യൂ പാലിക്കുമ്പോൾ ദൈവം എന്നത് ഒരു തോന്നൽ മാത്രമാണെന്ന് മനസ്സ് വെറുതേ ഇരുന്ന് വേദം ഓതി തന്നിട്ടുണ്ടാവില്ലേ.

ബൈബിളിൽ യിസ്രായേൽ ജനത ശത്രു രാജ്യങ്ങളെ ഭയന്ന് ജീവിക്കേണ്ടി വന്ന സാഹചര്യങ്ങൾ നിരവധി ഉണ്ടായിട്ടുണ്ട്. ശത്രുക്കൾ വന്ന് തങ്ങളുടെ വിള നശിപ്പിക്കാതെ അവയ്ക്ക് കാവൽ നിന്ന ഗിദയോൻ എന്ന ഒരു യൗവ്വനക്കാരൻ ഉണ്ടായിരുന്നു. തന്റെ മുൻപിൽ ഒരു ദൂതൻ പ്രത്യക്ഷപ്പെടുകയും അവനോട് ‘യഹോവ നിന്നോട് കൂടെ ഉണ്ട്’ എന്ന് പറഞ്ഞു അവനെ ധൈര്യപ്പെടുത്തുകയും ചെയ്തു. ഒരു ജനത അനുഭവിക്കുന്ന കഷ്ടപ്പാടുകളെ അനുഭവിച്ചറിയുന്ന ഗിദയോന്
കേട്ടത് മനസ്സിലേക്ക് സ്വീകരിക്കാൻ കഴിഞ്ഞില്ല. അവന്റെ മറുപടി മറ്റൊരു ചോദ്യമായിരുന്നു, “അയ്യോ, യജമാനനെ യഹോവ നമ്മോട് കൂടെ ഉണ്ടെങ്കിൽ നമുക്ക് ഇത് ഒക്കെ ഭവിക്കുന്നത് എന്ത്?” ദൈവം യിസ്രായേൽ ജനത്തിന് ചെയ്ത അത്ഭുതങ്ങളും അടയാളങ്ങളും കേട്ടും കണ്ടും അനുഭവിച്ചും വളർന്ന ഗിദയോന് ദൈവം ഉണ്ട് എന്ന കാര്യത്തിൽ തെല്ലും സംശയമുണ്ടായിരുന്നില്ല. പക്ഷെ, ദൈവം കൂടെ ഉണ്ടോ എന്ന കാര്യത്തിൽ മാത്രമായിരുന്നു സന്ദേഹം. ദൈവം കൂടെ ഉണ്ടാവാതിരുന്നതിന്റെ കാരണം യിസ്രായേൽ ജനം ദൈവത്തെ അനുസരിക്കാതെ അകന്നു മാറിയതായിരുന്നു.

ജീവിതത്തിൽ മോശമായി എന്ത് സംഭവിച്ചാലും ദൈവം ഇല്ല എന്ന് പറയുന്ന ഒരു പക്ഷം ഇന്നുമുണ്ട്. ജീവിതത്തിൽ പലതും ഭവിക്കുന്നത് ദൈവം ഇല്ലാത്തത്കൊണ്ടല്ല, ദൈവം നമ്മോട് കൂടെ ഇല്ലാത്തത്കൊണ്ടാണ് എന്നതാണ് സത്യം. പരാതികൾ മാറ്റി വെച്ച് ദൈവത്തിൽ നിന്ന് അകന്നു മാറാനിടയായ കാരണം കണ്ടെത്തുകയാണ് ആവശ്യം. പരീക്ഷകൾ ഇല്ലാത്ത, അനുഗ്രഹങ്ങളും സൗഖ്യവും മാത്രം അനുഭവിക്കുന്ന ഒരു ജീവിതം ദൈവം വാഗ്ദാനം ചെയ്തിട്ടില്ല. പക്ഷെ, നമുക്ക് താങ്ങാൻ കഴിയാത്ത പരീക്ഷകൾ ദൈവം തരില്ല. പരീക്ഷകൾ നൽകുമ്പോൾ അതിനുള്ള പോക്കുവഴിയും അവൻ നമ്മുടെ മുൻപിൽ നല്കിത്തരും. പ്രാർത്ഥനയോടും പരിജ്ഞാനത്തോടും കൂടെ ആ പോക്കുവഴികൾ കണ്ടെത്തി ജീവിതം മുന്നോട്ട് നയിക്കുന്നിടത്താണ് വിജയം. ദൈവം ഉണ്ടോ എന്ന സംശയം വേണ്ട, പക്ഷെ ദൈവം കൂടെ ഉണ്ടാവാതിരിക്കാൻ എന്തെങ്കിലും പ്രവർത്തികൾ ജീവിതത്തിൽ ഉണ്ടോ എന്ന് ചിന്തിക്കണം. അകന്നുപോയി എന്ന തിരിച്ചറിവ് ഉണ്ടായെങ്കിൽ
തിരികെ വരണം അപ്പന്റെ അരികിലേക്ക് മുടിയൻ പുത്രനെപ്പോലെ…

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.