ഭാവന: യോർദ്ദാനിലെ ഭൃത്യൻ | ഷൈജു ഐസക് അലക്സ്

സായാഹ്നത്തിനു മുന്പ് എത്തിച്ചേരാൻ അയാൾ നടപ്പിൻ്റെ വേഗം കൂട്ടി. മണൽ കാറ്റുകൾക്കും മുന്പ് ദേശത്തിൻ്റെ ഓരത്തു വരെ അയാൾ എത്തിച്ചേർന്നു. ദുഖം പേറി മരവിച്ചു കിടക്കുന്ന ഒരു നഗരത്തിൻ്റെ വാതിൽക്കൽ ആയാൾ എത്തുന്പോൾ സൂര്യൻ മങ്ങി തുടങ്ങിയിരുന്നു. നടന്ന് മുന്നോട്ട് കല്ലുകൾ പാകിയ നിരത്തിലൂടെ ചില നേരം യാത്രചെയ്യുന്പോൾ ഏകാകിയായി താമസ്സിക്കുന്ന ഒരു വൃദ്ധയുടെ വീടിൻ്റെ മുന്നിൽ എത്തിച്ചേർന്നു.

കൽപാത്രത്തിൽ കോരിനിറച്ച വെള്ളത്തിൽ നിന്നും ചെറു പാത്രത്തിൽ മുക്കിയെടുത്തു നിൽക്കുന്പോൾ ആരോ പടിക്കൽ എത്തിയിട്ടുണ്ട് എന്നറിഞ്ഞു.

അമ്മായി ഞാൻ യോഫാസാണ്!

വേഗത്തിൽ കയിറി വരു. നിനക്കിവിടെ ആപത്താണ് എന്തിന് വീണ്ടും വന്നു.

ആ വൃദ്ധ വളരെ ആകുലയായിരുന്നു.

ഇവിടെ നടന്നതൊക്കെ നീ അറഞ്ഞുവോ?

ഞാൻ ഇപ്പോൾ വന്നതെയുള്ളു. എനിക്കു നല്ല ദാഹമുണ്ട്.

ഇവിടെയിരിക്കു ഞാൻ എടുത്തുകൊണ്ട് വരട്ടെ.

അവർ കൊടുത്ത വെള്ളം അയാൾ ആർത്തിയോടെ കുടിച്ചു തീർത്തു.

നിനക്കു ഞാൻ അത്താഴം തരാം, കഴിച്ചിട്ട് വേഗത്തിൽ ദേശത്തുനിന്നും പൊയ് ക്കൊള്ളുക.

ഞാൻ എൻ്റെ സൃഹൃത്തുക്കളുടെ അടുത്തേക്കാണ് പോകുന്നത്.

അവരെയെല്ലാം ശെബായർ കൊന്നു കളഞ്ഞു!. അതു പറഞ്ഞ് ആ വൃദ്ധ അടക്കി കരയാൻ തുടങ്ങി. ദേശത്തിനു ഭവിച്ച നാശത്തെ അവർ കരഞ്ഞു കൊണ്ട് വിവരിച്ചു. പറഞ്ഞ് അവസാനിക്കുന്പോൾ ഉറക്കെ കരയുമെന്നു തോന്നി എന്നാൽ വീണ്ടും ശബ്ദം അടക്കി നിശബ്ദയായി.

അനർത്ഥം കേട്ട് യോഫാസിൻ്റെ ഹൃദയം വിറച്ചു കാലുകളുടെ ബലം നഷ്ടപ്പെട്ട് പേടിച്ച് നിലത്ത് കുത്തിയിരുന്നു.

അയാൾക്ക് തനിച്ചു പോകാൻ ഇനിയും കഴിയില്ല എന്നു മനസ്സിലാക്കിയ വൃദ്ധ പിന്നെ നിർബന്ധിച്ചില്ല. അവൻ മൂലക്ക് അങ്ങനെ തന്നെ കുത്തിയിരുന്നു.

യോഫാസ് ഇയ്യോബിൻ്റെ ഭൃത്യനായിരുന്നു. യോർദ്ദാൻ്റെ കിഴക്കുള്ള ഒരു ഗ്രാമത്തിലായിരുന്നു വസിച്ചിരുന്നത്. തൻ്റെ സ്വദേശത്തേക്ക് പോയ യോഫാസ് വീണ്ടും കടന്നു വരുന്പോൾ ഊസ് ദേശത്തെ ശാപം പിടി മുറുക്കിയിരുന്നു. ആയുദ്ധ ധാരികളായ ശത്രുക്കൾ ദേശത്തെ നാമാവിശേഷമാക്കി.

ദിവസങ്ങൾ കഴിഞ്ഞപ്പോൾ യോഫാസ് പാത്തും പതുങ്ങിയും വെളിയിൽ ഇറങ്ങി. കവാടത്തിൻ്റെ വാതിൽക്കൽ ഒരു മൂലക്ക് മറഞ്ഞിരിക്കുന്പോൾ ഒട്ടകങ്ങളും അതിൻ്റെ പുറത്ത് ആരൊക്കെയോ നഗരത്തിലേക്ക് പ്രവേശിക്കുന്നത് കണ്ട് അവൻ മതിലിൻ്റെ ഇടുക്കിലേക്ക് മറഞ്ഞിരുന്നു. അവർ ഇയ്യോബെന്നും സൃഹൃത്തെന്നും പറയുന്നത് അവർ കേട്ടു. എന്തോ ശുഭ സൂചന എന്ന് തോന്നിയതുകൊണ്ട് അവരുടെ ഭൃത്യൻമാരുടെ പുറകെ യോഫാസ് കയറിപ്പറ്റി.

ഇയ്യോബിൻ്റെ വാസസ്ഥലത്തോടടുക്കുന്പോൾ യോഫാസ് ആശ്ചര്യപ്പെട്ടു. തൻ്റെ സുഹൃത്തുക്കൾക്കൊപ്പം താൻ വേലയെടുത്ത് നടന്നയിടങ്ങൾ വിദൂരത്തിലേക്ക് നിശബ്ദമായി ഒഴിഞ്ഞു കിടക്കുന്നു. ഉണങ്ങി ഉറഞ്ഞ രക്തത്തിൻ്റെ അസഹ്യമായ ഗന്ധം അനുഭവപ്പെട്ടു. അവൻ്റെ ഹൃദയമിടിപ്പു കൂടി. ആരെങ്കിലും തനിക്കുള്ളവരെ അവൻ കാണും എന്നു പ്രതീക്ഷിച്ച് അവർക്കൊപ്പം മുന്നോട്ടു നടന്നു.
അകലെ നിന്നും ആരോ ഒരുവൻ ഇരുന്ന് പൂഴി വാരി ഞങ്ങൾക്കു നേരെ എറിയുന്നു. അടിപെട്ടു പോയ ഏതെങ്കിലും ഭൃത്യനാകുമെന്ന് അവർ പ്രതീക്ഷിച്ചു. എന്നാൽ യാത്രക്കാർ അൽപമൊന്ന് അമാന്തിച്ചു നിന്നു.

യോഫാസ് പഴയ ഓർമയിലേക്കു പോയി!
ഒരിക്കൽ ഒരു വലിയ വിരുന്നു നടക്കുന്പോൾ അവൻ പിന്നാന്പുറത്തു വേല ചെയ്യുകയായിരുന്നു. നിറച്ച ഒരു വലിയ വീഞ്ഞു പാത്രവുമായി തന്നോട് വിരുന്നു ശാലയിലേക്കു ചെല്ലുവാൻ ഏൽപിച്ചു. തൻ്റെ യജമാനൻ ഇയ്യോബിൻ്റെ മുന്നിലേക്ക് ചെല്ലുന്പോൾ അദ്ദേഹം ഏകനായി ഇരുന്ന് യഹോവയോടു പ്രാർത്ഥിക്കുന്നത് കണ്ടു. തിരികെ വരുന്പോൾ യജമാനൻ്റെ ഭക്തിയും ദൈവത്തോടുള്ള വിധേയത്വവും യോഫാസ് ഓർത്തു.

ഇയ്യോബിൻ്റെ മൂന്നു സുഹൃത്തുക്കൾ ഒട്ടക പുറത്തുനിന്ന് ഇറങ്ങി നിലത്തിരിക്കുന്ന മനുഷ്യൻ്റെ അടുത്തോട്ടു നടന്നു. മെലിഞ്ഞ് വിരൂപിയായ മനുഷ്യനെ കണ്ട് മുഖം തിരിച്ചപ്പോൾ അത് ഇയ്യോബെന്ന തങ്ങളുടെ സുഹൃത്താണ് എന്നു ഒരാൾ തിരിച്ചറിഞ്ഞ് ഉറക്കെ കരഞ്ഞു നിലത്തേക്കു വീണു. ബാക്കിയുള്ള രണ്ടു പേരും ഇയ്യോബിനെ തിരിച്ചറിഞ്ഞ് വിറച്ചു പോയി. നിലത്തേക്കു വീണ് വസ്ത്രം കീറി പൊടി വാരി മേലോട്ടു തലയിൽ വിതറി. ഇയ്യോബിൻ്റെ വ്യസനം അതികഠിനമെന്നു കണ്ടിട്ടു അവർ ആരും ഒരു വാക്കും മിണ്ടാതെ ഏഴു രാപ്പകൽ അവനോടുകൂടെ നിലത്തിരുന്നു.

ഇയ്യോബിൻ്റെ ദാരുണമായ അവസ്ഥ കണ്ട് യോഫാസ് നടുങ്ങിപോയി, അവൻ നിലമറന്ന് കരഞ്ഞു. ഒരു ഭീരുവിനെപ്പോലെ മണ്ണിൽ നിരങ്ങി വലിഞ്ഞെഴുനേറ്റ് ദൂരേക്കു, തൻ്റെ ദേശത്തേക്കു ഓടി മറഞ്ഞു.

നാളുകൾ ഏറെ കഴിഞ്ഞു. പല മണൽ കാറ്റുകളും വന്നു പോയി. ഒരിക്കൽ കൂടി യോഫാസ് ഊസ് ദേശത്തിൻ്റെ നഗര വാതിൽക്കൽ എത്തി. കഥ പറഞ്ഞു ചിരിക്കുന്ന ചില സ്ത്രീകളുടെ അരികുപറ്റി അയാൾ നടന്നു.

യോഫാസ്.

ആരോ വിളിക്കുന്നത് കേട്ട് തിരിഞ്ഞപ്പോൾ ആ വൃദ്ധയും അവർക്കിടയിൽ ഇരിക്കുന്നതു കണ്ടു.

നിന്നെ തിരക്കി നിൻ്റെ കൂട്ടുകാർ വന്നിട്ടുണ്ടായിരുന്നു.

എന്ത്..! അവൻ അത്ഭുതപ്പെട്ടു.

നീ നിൻ്റെ യജമാനൻ്റെ അടുത്തേക്കു ചെല്ല്. അവിടെ അവരുണ്ട്. പറഞ്ഞ ശേഷം അവർ സ്ത്രീകളുടെ കുശലം പറച്ചിലിൽ മുഴുകി. ധാരളം ചിരിക്കുന്ന ആളുകളുടെ ഇടയിലൂടെ യോഫാസ് മുന്നോട്ടു നടന്നു. ആശങ്കയോടെ അവൻ തൻ്റെ യജമാനൻ്റെ വാസസ്ഥലത്തെത്തിയപ്പോൾ എല്ലാവരെയും കണ്ടു. തൻ്റെ സൃഹൃത്തുക്കളെയും കണ്ടു. അവർ അവനെ സ്വീകരിച്ച് തങ്ങൾക്കൊപ്പം ചേർത്തു നിർത്തി. പല കുശലങ്ങളും ചോദിച്ചു.

യോഫാസ് അവിടെനിന്നും വീഥികളിലൂടെ മുന്നോട്ടു നടന്നു, കാറ്റു വീശുന്പോൾ പൂത്തു നിൽക്കുന്ന ഈന്തപനയുടെ ഗന്ധം അവനെ തഴുകി കടന്നു പോയി. ശൂന്യവും നിശബ്ദവുമായിരുന്ന ഇടങ്ങളിൽ സന്തോഷത്തിൻ്റെ ആരവങ്ങൾ കാണുന്നു. അത്തിമരങ്ങളിൽ പണ്ടുള്ളതിലും കൂടുതൽ ഫലം നിറഞ്ഞു കിടക്കുന്നു.

അധികം ദൂരെയല്ലാതെയുള്ള ചെറിയൊരു കുന്നിൽ മുകളിലേക്ക് യോഫാസ് തിടുക്കപ്പെട്ടു കയറി. തൻ്റെ യജമാനൻ്റെ തോട്ടങ്ങളും മൃഗങ്ങളും ആളുകളെയും അവൻ നോക്കി നിന്നു. കണ്ണെത്താ ദൂരത്തേക്ക് പരന്നു കിടക്കുന്ന അനുഗ്രഹങ്ങളെ കണ്ട് അവൻ അത്ഭുതപ്പെട്ടു. യഹോവ ഇയ്യോബിനെ അധികം അനുഗ്രഹിച്ചിരിക്കുന്നു എ‌ന്നു ഗ്രഹിച്ചു.

അവൻ കുന്നിൻ മുകളിറങ്ങി തൻ്റെ സുഹൃത്തുക്കളുടെ അരികിലേക്കു പോയി. അൽപം നേരത്തിനു ശേഷം അവിടേക്ക് തൻ്റെ യജമാനൻ ഇയ്യോബു കടന്നു വരുന്നത് കണ്ട് എല്ലാ ഭൃത്യൻമാർക്കും ഒപ്പം താനും വിധേയത്തോടെ നിന്നു. ഇയ്യോബിൻ്റെ ശോഭയേറിയ മുഖം കണ്ട് യോഫാസിൻ്റെ കണ്ണുകൾ വിടർന്നു. യഹോവ തൻ്റെ യജമാനനെ അതിഭയങ്കരമായ അനർത്ഥത്തിൽ നിന്നും കരുതിയിരിക്കുന്നു. അവൻ അദ്ദേഹത്തെ ശ്രേഷ്ടതയോടെ കണ്ടു. യോഫാസിൻ്റെയുള്ളിൽ യഹോവയോടുള്ള ഭക്തി വർദ്ധിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.