ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്‌: ഹൈക്കോടതി വിധിക്ക് അടിയന്തിര സ്റ്റേയില്ല

ന്യൂഡൽഹി: ന്യൂനപക്ഷ വിദ്യാഭ്യാസ സ്കോളർഷിപ്പുകളിലെ 80:20 അനുപാതം റദ്ദാക്കിയ ഉത്തരവ് അടിയന്തിരമായി സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചു. അതേസമയം, ഹൈക്കോടതി ഉത്തരവ് അടിയന്തിരമായി സ്റ്റേ ചെയ്യണം എന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജികളിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. ഹൈക്കോടതി വിധിക്ക് എതിരായ അപ്പീലുകളിലും സുപ്രീം കോടതി എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ചു
ജനസംഖ്യ ആനുപാതികമായി ന്യൂനപക്ഷ വിദ്യാഭ്യാസ സ്കോളര്ഷിപ്പുകൾ വിതരണം ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവ് അടിയന്തിരമായി സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസ്സമ്മതിച്ചു. സ്റ്റേ ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരും, മൈനോറിറ്റി ഇന്ത്യൻസ് പ്ലാനിങ് ആന്റ് വിജിലൻസ് കമ്മിഷൻ ട്രസ്റ്റും നൽകിയ അപേക്ഷകളിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. നാല് ആഴ്ച്ചയ്ക്ക് ഉള്ളിൽ മറുപടി നൽകാൻ ആണ് കേസിലെ എതിർകക്ഷികളോട് സുപ്രീം കോടതി നിർദേശിച്ചിരിക്കുന്നത്.

സ്റ്റേ ആവശ്യപ്പെട്ടുള്ള അപേക്ഷയിൽ നോട്ടീസ് അയക്കണം എന്നാണ് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ സി യു സിംഗും, സ്റ്റാന്റിംഗ് കോൺസൽ സി കെ ശശിയും ആവശ്യപ്പെട്ടത്. എന്നാൽ ഹൈക്കോടതി വിധി അടിയന്തിരമായി സ്റ്റേ ചെയ്യണം എന്ന് മൈനോറിറ്റി ഇന്ത്യൻസ് പ്ലാനിങ് ആന്റ് വിജിലൻസ് കമ്മിഷൻ ട്രസ്റ്റിന് വേണ്ടി ഹാജരായ അഭിഭാഷകൻ ഹാരിസ് ബീരാൻ വാദിച്ചു. കഴിഞ്ഞ പതിമൂന്ന് വർഷമായി നിലനിൽക്കുന്ന സർക്കാർ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ സംസ്ഥാന സർക്കാർ അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെടുന്നില്ലല്ലോയെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹൈക്കോടതി ഉത്തരവ് അടിയന്തിരമായി സ്റ്റേ ചെയ്യാൻ കഴിയില്ല എന്ന് ജസ്റ്റിസ്മാരായ എൽ നാഗേശ്വർ റാവു, ബി ആർ ഗവായ് എന്നിവർ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.സ്റ്റേ ആവശ്യം സംബന്ധിച്ച വാദങ്ങൾ തുടരുകയാണെങ്കിൽ അപേക്ഷകൾ തള്ളുമെന്ന മുന്നറിയിപ്പും സുപ്രീം കോടതി നൽകി.

ന്യൂനപക്ഷ വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ ജനസംഖ്യാനുപാതികമായി വിതരണം ചെയ്യണമെന്ന ഹൈക്കോടതി വിധിയാണ് കേരളം ചോദ്യം ചെയ്യുന്നത്. ജനസംഖ്യ ആനുപാതികമായി ന്യൂനപക്ഷ വിദ്യാഭ്യാസ സ്കോളര്ഷിപ്പുകൾ വിതരണം ചെയ്താൽ അനർഹർക്ക് അത് ലഭിക്കും എന്നാണ് കേരളത്തിന്റെ വാദം. മുസ്ലിം സമുദായത്തിലെ പിന്നാക്കാവസ്ഥ സച്ചാർ, പാലോളി കമ്മിറ്റികൾ കണ്ടെത്തിയിരുന്നു. അതിനാലാണ് മുസ്ലിങ്ങൾക്ക് കൂടുതൽ സ്കോളർഷിപ്പ് അനുവദിച്ചത്. എന്നാൽ ക്രിസ്ത്യൻ സമുദായത്തിലെ പിന്നാക്കാവസ്ഥ സംബന്ധിച്ച് ഇതുവരെ സർക്കാരിന്റെ പക്കൽ ആധികാരിക രേഖകൾ ഇല്ല എന്നും കേരളം സുപ്രീം കോടതിയിൽ ഫയൽ ചെയ്ത അപ്പീലിൽ വ്യക്തമാക്കിയിട്ടുണ്ട്. ക്രിസ്ത്യൻ സമുദായത്തിലെ പിന്നാക്ക അവസ്ഥ സംബന്ധിച്ച് പഠിക്കുന്ന ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് ലഭിച്ചാൽ ഉടൻ ക്രിസ്ത്യാനികൾക്കും അർഹമായ സ്കോളർഷിപ്പ് നൽകും എന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.