15 മാസത്തിൽ 25 പുസ്തകങ്ങൾ, കോവിഡിനെ എഴുതിത്തോൽപ്പിച്ച് പാസ്റ്റർ കെ.സി.തോമസ്

ജോൺസൺ മാത്യു

 

post watermark60x60

കോവിഡ് ദുരിതത്തിലെ 15 മാസങ്ങളിൽ ഒന്നിനു പിറകെ ഒന്നായി എഴുതിത്തീർത്തതു 25 പുസ്തകങ്ങൾ. ഐപിസി  മുൻനിര നേതാക്കളിലൊരാളും പേരൂർക്കട ഫെയ്ത്ത് സെന്റർ സഭയുടെ സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ കെ.സി. തോമസാണ് കോവിഡിന്റെ അടച്ചുപൂട്ടലിനെ എഴുതിത്തോൽപ്പിച്ചത്. കോവിഡ് വ്യാപനം ശക്തമായി തുടങ്ങിയ 2020 ഏപ്രിൽ മാസത്തിലായിരുന്നു എഴുത്താരംഭിച്ചത്. 2021 ജൂണിൽ എഴുത്തവസാനിക്കുമ്പോൾ ചെറുതും വലുതുമായ 25 പുസ്തകകൾ അദ്ദേഹത്തിന്റെ തൂലികയിൽ പിറന്നു. കോവിഡ്കാല ചിന്തകൾ, കുടുംബ കൗൺസലിങ്, പ്രസംഗ ശാസ്ത്രം, പ്രതിദിന ധ്യാനങ്ങൾ, ഗിരിപ്രഭാഷണം– ഒരു പഠനം,  സഭാ വളർച്ച, യേശുക്രിസ്തുവിന്റെ മടങ്ങിവരവ് തുടങ്ങിയവയാണ് പ്രധാന പുസ്തകങ്ങൾ.  ക്രൈസ്ത മൂല്യങ്ങളിലൂന്നിയ വൈവിധ്യമാർന്ന വിഷയങ്ങളുടെ  ആഴമേറിയ പഠനങ്ങളാണു ഇവയിൽ ഏറെയും. വർഷത്തിൽ 365 ദിവസവും ഉപയോഗിക്കാവുന്ന പ്രതിദിന പ്രചോദനക്കുറിപ്പുകളുടെ സമാഹാരമാണ് ‘ പ്രതിദിന കുറിപ്പുകൾ’ എന്ന ഗ്രന്ഥം. നാനൂറു പേജോളം വരുന്ന ഇൗ പുസ്തകമാണ് എഴുതിയതിൽ ഏറ്റവും വലുത്. 25 പുസ്തകങ്ങളിൽ 17 എണ്ണത്തിന്റെ അച്ചടി നടന്നുവരികയാണ്. ബാക്കിയുള്ളവരുടെ ഡിസൈൻ ജോലികളും പൂർത്തിയായി വരുന്നു. തിരുവനന്തപുരം ഫെയ്ത്ത് സെന്റർ പബ്ലിക്കേഷൻസാണ് പ്രസാധകർ.

24 പുസ്തകങ്ങൾ നേരത്തെ രചിച്ചിട്ടുള്ള പാസ്റ്റർ തോമസിന്റെ പുസ്തകങ്ങളുടെ എണ്ണം ഇതോടെ 49 ആയി. അൻപതാമത്തെ പുസ്തകമായ ആത്മകഥയുടെ പണിപ്പുരയിലാണ് അദ്ദേഹം ഇപ്പോൾ. ധ്യാനത്തിനും തയാറെടുപ്പിനും എഴുത്തിനുമായി ദിവസം ഏകദേശം 10 മുതൽ 12 മണിക്കൂർ വരെ ചെലവഴിക്കുമായിരുന്നു. ഞായർ ഒഴികെ എല്ലാദിവസവും എഴുത്തിനായി മാറ്റിവച്ചു. അനുസ്യൂതമായ എഴുത്തിന്റെ ദിനങ്ങളിൽ അത്ഭുതം പോലെയാണ് ഓരോ പുസ്തകവും പൂർത്തിയായത്. ‘‘ ദിവ്യമായ ഒരു പ്രചോദനം എനിക്കുണ്ടായിരുന്നു. വിഷയങ്ങൾ ഓരോന്നായി വന്നുകൊണ്ടിരുന്നു. ഓരാന്തരിക ശക്തി എന്നെക്കൊണ്ടു എഴുതിക്കുകയായിരുന്നു’– പാസ്റ്റർ തോമസ് പറഞ്ഞു. പ്രഭാഷകനും അധ്യാപകനും സഭാനേതാവുമായ പാസ്റ്റർ തോമസിന്റെ ആദ്യ പുസ്തകം 1984 ൽ ആണ് പുറത്തിറങ്ങിയത്. ബൈബിളിലെ എബ്രായർ എന്ന ലേഖനത്തിന്റെ പഠനം. ഒരുപാട് കോപ്പികൾ വിറ്റഴിഞ്ഞ ആ പുസ്തകം പല തവണ റീപ്രിന്റ് ചെയ്തു.

Download Our Android App | iOS App

തലവടി ഇടയത്രയിൽ കെ.ജി.ചാക്കോ– ശോശാമ്മ ദമ്പതികളുടെ മകനായ തോമസ് ഇന്ത്യാ പെന്തക്കോസ്തു ദൈവസഭയുടെ മുൻ സ്റ്റേറ്റ് പ്രസിഡന്റാണ്. സ്റ്റേറ്റ് വൈസ് പ്രസിഡന്റ്, സ്റ്റേറ്റ് സെക്രട്ടറി, യുവജനസംഘടന സംസ്ഥാന പ്രസിഡന്റ് എന്നീ പദവികളും വഹിച്ചിട്ടുണ്ട്. കീക്കൊഴൂർ കോളകോട്ട് കുടുംബാംഗം റേച്ചൽ തോമസാണ് ഭാര്യ. മക്കൾ: സൂസൻ ബോബി തോമസ്, റ്റൈറ്റസ് തോമസ്, ഫേബാ ഷിജോ വൈദ്യൻ, ശേബാ സാബു ആര്യപ്പള്ളിൽ.

-ADVERTISEMENT-

You might also like