എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ റിമി ജയ് തോമസിന് ക്രൈസ്തവ എഴുത്തുപുര യു.കെ ചാപ്റ്റർ ഉപഹാരം നൽകി ആദരിച്ചു

കണ്ണൂർ: എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ റിമി ജയ് തോമസിന് ക്രൈസ്തവ എഴുത്തുപുര യു.കെ ചാപ്റ്റർ ഉപഹാരം നൽകി ആദരിച്ചു.
കണ്ണൂർ ജില്ലയിലെ കീഴ്പള്ളി ആലമ്പള്ളിൽ ജയ് തോമസിന്റെ മകൾ റിമി ജയ് തോമസിനാണ് പഠനത്തിൽ മികവ് പുലർത്തിയതിനും തൻ്റെ തുടർന്നുള്ള പഠനത്തിനാവശ്യമായ മൊബൈൽ ഫോൺ നൽകി ക്രൈസ്തവ എഴുത്തുപുര യു.കെ ചാപ്റ്ററിന് വേണ്ടി പുതിയങ്ങാടി എ.ജി സഭാ ശുശ്രൂഷകൻ പാസ്റ്റർ രമേശ് സ്റ്റീഫനാണ് ഉപകാരം നൽകി ആദരിച്ചത്.
ജന്മനാ കേൾവി ശക്തിയും, സംസാര ശേഷിയും ഇല്ലാത്ത കുട്ടിയാണ് റിമി. നാലു വയസ്സുള്ളപ്പോൾ മുതലാണ് മാതാപിതാക്കൾക്ക് ഈ വൈകല്യം മനസിലായി തുടങ്ങിയത്. ബാല്യത്തിലെ തന്നെ മാതാവിനെ നഷ്ടമായി. തുടർന്ന് റിമിയുടെ പിതാവ് ജയ് തോമസിന്റെ മാതാവ് മേരിയുടെ സംരക്ഷണയിൽ ആയിരുന്നു റിമി വളർന്നത്. നിരവധി ഇല്ലായ്മയുടെയും പ്രാരാബ്ധങ്ങളുടെയും നടുവിലായിരുന്നു വിദ്യാഭ്യാസം. അധ്യാപകരുടെ ചുണ്ടനക്കവും ആംഗ്യഭാഷയും മനസ്സിലാക്കിയാണ് റിമി പഠിച്ചത്.
കണ്ണൂർ ജില്ലയിലെ പുതിയങ്ങാടി അസംബ്ലീസ് ഓഫ് ഗോഡ് സഭയിലെ അംഗങ്ങളാണ് റിമിയുടെ കുടുംബം. പഠനത്തിലെ മികവിന് പുറമെ ഒരു മികച്ച ചിത്രകാരിയും, പ്രതീക്ഷയർപ്പിക്കാവുന്ന ഒരു കായിക താരവും കൂടിയാണ് റിമി എന്ന പെൺകുട്ടി. മൗന ലോകത്തിലെങ്കിലും തന്റെ ചുറ്റുപാടുകളെ കഠിന പരിശ്രമത്താലും ദൈവാശ്രയത്താലും കൂടുതൽ ഉയരങ്ങൾ താണ്ടുവാൻ പ്രയത്നിക്കുയാണ് റിമി.
റിമിയുടെ കുടുംബം ഇപ്പോഴും നിരവധി വെല്ലുവിളികളുടെ നടുവിൽ തന്നെയാണ്. റിമിയുടെ പിതാവ് ശാരീരിക പരിമിതികൾ ഉള്ള വ്യക്തിയാണ്. ജിനി, ജിബിൻ എന്നിവർ റിമിയുടെ ഇളയ സഹോദരങ്ങളാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.