ഭാവന: ദൈവം നോക്കിക്കൊള്ളും… | ദീന ജെയിംസ് ആഗ്ര

അപ്പന്റെ നിർത്താതെയുള്ള വിളി കമ്പിളിപുതപ്പിനുള്ളിൽ സുഖനിദ്രയിലായിരുന്ന അവന്റെ കാതുകളിലലച്ചപ്പോൾ മിഴിയിണകൾ പതിയെതുറന്ന് ജനലിനുപുറത്തേക്കുനോക്കി. നേരം പുലർന്നുവരുന്നതേയുള്ളു.പക്ഷികളുടെ ശബ്ദം മുഴങ്ങികേൾക്കാം പുറത്ത്. രാത്രിയിലേ അപ്പൻ പറഞ്ഞിരുന്നതാ രാവിലെ പോകുന്ന കാര്യം. അതിത്രയും നേരത്തെയാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അപ്പനോളം ഭക്തിയും വിശുദ്ധിയും ഒന്നും അവനില്ലെങ്കിലും ദൈവികകാര്യങ്ങളിൽ മറുത്തൊന്നും പറയാറില്ല അപ്പനോട്. അതുകൊണ്ട് തന്നെയാണ് യാഗം കഴിക്കാൻ കൂടെചെല്ലണമെന്ന് പറഞ്ഞപ്പോൾ താൽപ്പര്യമില്ലാതിരുന്നിട്ടും എതിരുപറയാതിരുന്നത്.”നീ ഇതുവരെഎഴുന്നേറ്റില്ലേ?”അപ്പന്റെ സ്വരം ഉച്ചത്തിലായി. “ഞാനിതാ വരുന്നപ്പാ…ഒരഞ്ചുമിനിറ്റ്…”പുതുപ്പ് വലിച്ചെറിഞ്ഞു ശരവേഗത്തിൽ കുളിച്ചൊരുങ്ങി അനുസരണയുള്ള കുട്ടിയായി അപ്പന്റെ മുന്നിലേക്ക്…. താമസിച്ചതിന്റെ അല്പം നീരസത്തോടെ അടിമുടിയൊന്നു നോക്കി. സമയക്കാര്യത്തിൽ കർക്കശക്കാരനാണ് പുള്ളി…
ബാല്യക്കാർ റെഡിയായി നിൽക്കുന്നു… വേഗം വാ… വീണ്ടും അപ്പന്റെ കനത്തസ്വരം മുഴങ്ങി. അമ്മയോട് യാത്രപറയുമ്പോൾ ആ മുഖത്തു വായിച്ചെടുക്കാ മായിരുന്നു തന്നെ കൊണ്ടുപോകുന്നതിലുള്ള അനിഷ്ടം… മകനെ പിരിഞ്ഞു ഒരുനിമിഷം പോലും കഴിയുന്നത് സഹിക്കുവാൻ കഴിയുന്ന ഒരമ്മ ആയിരുന്നില്ല അവന്റേത്…. ഒരുപക്ഷെ വാർദ്ധക്യത്തിൽ ജനിച്ച മകൻ ആയതിനാലായിരിക്കാം എന്നവൻ ചിന്തിക്കാറുണ്ട് പലപ്പോഴും.
യാത്ര തുടങ്ങി കഴിഞ്ഞാണ് ആ സത്യം തിരിച്ചറിഞ്ഞത്…. മൂന്ന് ദിവസത്തെ വഴി ദൂരമുണ്ട് അവിടെയെത്താൻ!!!! അവന്റെ മനസ് അസ്വസ്ഥ മായി. വഴിയാത്രയിലുടനീളം അപ്പൻ തന്റെ ദൈവത്തിന്റെ മഹത്വം വർണ്ണിക്കുകയായിരുന്നു.

തേജോമയനായ ദൈവം പ്രത്യക്ഷനായതും സ്വന്തദേശത്തെയും ചർച്ചക്കാരെയും വിട്ട് യാത്രപുറപ്പെട്ടതും ഒക്കെ സംസാരിച്ചു കൊണ്ടിരുന്നു. അപ്പന്റെ ജീവിതാനുഭവങ്ങൾ കേൾക്കുമ്പോൾ ഒരു വീരപുരഷനാണ് തന്റെ അപ്പൻ എന്ന് തോന്നിപ്പോകും. ദൈവത്തിലുള്ള വിശ്വാസം അത്രയ്ക്കുണ്ട് ആ വലിയ മനുഷ്യന്. യാഗത്തെപറ്റിയും വളരെ വാചാലനായിരുന്നു അപ്പൻ. ഇടയ്ക്ക് മനസ്സിൽ വന്ന ഒരു സംശയം അപ്പനോട് ചോദിക്കാനും മറന്നില്ല അവൻ. യാഗത്തിനുള്ള വിറകും തീയുമൊക്ക ബാല്യക്കാരുടെ പക്കൽ ഉണ്ട്. യാഗത്തിനുള്ള ആട്ടിൻകുട്ടി എവിടെ? “ദൈവം തനിക്കു ഹോമയാഗത്തിന് ഒരാട്ടിൻകുട്ടിയെ നോക്കിക്കൊള്ളും, മകനെ”എന്നായിരുന്നു അപ്പന്റെ മറുപടി. അവിടെയും അപ്പന്റെ അടിയുറച്ച വിശ്വാസം അവനെ അത്ഭുതപെടുത്തി.

അപ്പന്റെ വീരകഥകൾ കേട്ട്കൊണ്ടുള്ള യാത്രയായതിനാലാവാം യാത്രദൂരം അധികമായി തോന്നിയില്ല അവനും ബാല്യക്കാർക്കും. ബാല്യക്കാരെ ദൂരെ നിർത്തി അപ്പനോടൊപ്പം മലകയറുമ്പോഴും താനാണ് യാഗവസ്തു എന്ന സത്യം അവൻ തിരിച്ചറിഞ്ഞിരുന്നില്ല. മലമുകളിൽ വിറകിന്മേൽ അവനെപിടിച്ചു കെട്ടുമ്പോൾ എതിർവാക്കു പറയാൻ അവനായില്ല. ദൈവം നോക്കിക്കൊള്ളും എന്ന അപ്പന്റെ വാക്കുകൾ കാതുകളിൽ അലയടിച്ചുകൊണ്ടിരുന്നു. കണ്ണുകൾ ഇറുകെയടച്ചു കത്തി ശരീരത്തിൽ പതിയുന്നതും പ്രതീക്ഷിച്ചുകിടന്നതന്റെ ശരീരത്തിലെ കെട്ടുകൾ അയയുന്നതുപോലെ തോന്നി. കണ്ണുകൾ പതിയെ തുറന്നഅവൻ കണ്ടത് നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ നിൽക്കുന്ന അപ്പനെയാണ്. കെട്ടുകൾ അഴിച്ച് അവനെ വാരിപ്പുണർന്ന് മൂർദ്ധാവിൽ നിർത്താതെ ചുംബിച്ചു അപ്പൻ. അപ്പന്റെ സ്നേഹത്തിന്റെ ആഴം തിരിച്ചറിഞ്ഞ നിമിഷങ്ങൾ!!!കുട്ടിക്കാട്ടിൽ നിന്നും ദൈവം കരുതിയ ആട്ടിൻകുട്ടിയെ എടുത്തുകൊണ്ടു വന്നു യാഗംകഴിച്ചു അപ്പനോടൊപ്പം മലയിറങ്ങുമ്പോൾ വിശ്വസിക്കുന്നവർക്കുവേണ്ടി വ്യാപാരിക്കുന്ന സർവ്വശക്തന്റെ ശക്തിയുടെ അളവറ്റ വലിപ്പം തിരിച്ചറിഞ്ഞു അവൻ!!!!

ദീന ജെയിംസ്

-ADVERTISEMENT-

-ADVERTISEMENT-

You might also like