ചെറു ചിന്ത: ദർശനം ഉണ്ടോ? ബാല്യക്കാരനാണെങ്കിലും സാരമില്ല | ഇവാ. സാംകുട്ടി സാംസണ്‍

ബാല്യക്കാരൻ ബാലനായാലും മുതിർന്നവനായാലും സ്വാതന്ത്രത്തിനു പരിധിയുള്ളവനാണ്. ഒരു ഭൃത്യൻ ആവശ്യങ്ങൾക്ക് മുട്ടുള്ളവനും ആഗ്രഹങ്ങൾ നിറവേറ്റാൻ നന്നേ പ്രയാസപ്പെടുന്നവനുമായിരിക്കാം. തിരുവചനത്തിൽ പഴയ നിയമത്തിലെ ഭൃത്യന്മാരെ നോക്കുമ്പോൾ ശൗലിനോടൊപ്പം അപ്പന്റെ കാണാതെ പോയ കഴുതകളെ തേടി ഇറങ്ങിയ ഒരു ഭൃത്യനെ നമ്മുക്ക് കാണാം. ദൈവിക നിയോഗങ്ങളിലേക്കു ശൗലിനെ വഴി തിരിച്ചു വിട്ടതിൽ ആ ഭൃത്യൻറെ വാക്കുകൾക്കു വലിയ പ്രസക്തിയുണ്ട്. ” എനിക്ക് ഒരു ദൈവ പുരുഷനെ അറിയാം. അവൻ മാന്യൻ ആകുന്നു. അവൻ പറയുന്നതെല്ലാം അതുപോലെ സംഭവിക്കുന്നു* “(1 samuel 9:6) എന്നു ഭൃത്യൻ പറയുമ്പോൾ ഈ വസ്തുത ഭൃത്യൻ അറിയുന്നതിനെക്കാൾ മുൻപ് ശൗൽ അറിയേണ്ടതായിരുന്നു എന്നു തോന്നിപോകും. താൻ ആയിരിക്കുന്ന ഭവനവും ആ ഭവനവുമായി ബന്ധപ്പെട്ട കാര്യാദികൾ നോക്കുന്നതിലുള്ള സ്വാതന്ത്രമേ തനിക്കുണ്ടായിരുന്നുള്ളു. എന്നാൽ ശൗലിനറിയാത്ത അപ്പോൾ തന്നെ അറിയപെടെണ്ടാ ഒരു വിഷയം ആ ഭൃത്യൻ അറിഞ്ഞിരുന്നു എന്നു മനസിലാകുമ്പോൾ അതു നിമിത്തം ശൗലിന്റെ ജീവിതത്തിൽ എന്തെല്ലാം മാറ്റം സംഭവിച്ചു എന്നു നാം തിരിച്ചറിയുമ്പോൾ ദൈവിക കാഴ്ചപ്പാടിലേക്കുള്ള പാതയിൽ ആ ഭൃത്യനും ഒരു പങ്കുണ്ടായിരുന്നു എന്നു നാം വിസ്മരിച്ചുകൂടാ.

ശൗൽ രാജസ്ഥാനത്തു തുടരുമ്പോഴും തന്നെ ബാധിച്ച ദുരാത്മാവിൽ നിന്നും മോചനം ലഭിപ്പാൻ ദർശനമുള്ള ഒരു ബാല്യക്കാരനെ ദൈവം കൊട്ടാരത്തിൽ നിർത്തി. ” ബെത്ലെഹേം കാരനായ യിശ്ശായിയുടെ ഒരു മകനെ ഞാൻ കണ്ടിട്ടുണ്ട്. അവൻ കിന്നരം വായനയിൽ നിപുണനും, ധൈര്യശാലിയായ യോദ്ധാവും, വാക്ചാതുര്യമുള്ളവനും കോമളനും ആകുന്നു. യ യഹോവ അവനോടുകൂടെ ഉണ്ട് (1 ശമുവേല്‍16:18) എന്നു പറയാൻ ഒരു ഭൃത്യനെ ദൈവം കൊട്ടാരത്തിൽ എഴുന്നേൽപ്പിച്ചു. ശൗലിനെ യിസ്രായേലിന്റെ ഒന്നാമത്തെ രാജാവാക്കുന്നതിൽ ഒരു ഭൃത്യൻറെ വാക്കുകൾ കാരണമായെങ്കിൽ രാജാക്കന്മാരിൽ രണ്ടാമനായി ദാവീദ് കൊട്ടാരത്തിലേക്കു വരാനും ഇവിടെ ഒരു ബാല്യക്കാരന്റെ അധരങ്ങളെ ദൈവം ഉപയോഗിച്ചു. ദൈവ നിയോഗങ്ങളുടെ പൂർത്തീകരണത്തിന് നമ്മൾ യജമാനന്മാരാണോ ഭ്യത്യന്മാരാണോ എന്നുള്ളത് ദൈവത്തിനു വിഷയമല്ല.

തിരുവചനത്തിൽ അനുഗ്രഹീതമായ വ്യക്തിത്വത്തിന് ഉടമയാണ് നയമാൻ. സൈന്യാധിപനായ നയമാനു തന്റെ കുഷ്ഠം മാറുവാൻ അതിയായ ആഗ്രഹമുണ്ട്. താൻ ആയിരിക്കുന്ന ദേശത്തിനു മുഴുവൻ നയമാനെ അറിയാം. എങ്കിലും താൻ അഭിമുഖികരിക്കുന്ന രോഗത്തിന്മേൽ സൌഖ്യം ലഭിപ്പാൻ ബാല്യക്കാരിയായ ഒരു ചെറിയ പെൺകുട്ടി വേണ്ടി വന്നു. ” യജമാനൻ ശമര്യയിലെ പ്രവാചകന്റെ അടുക്കൽ ചെന്നെങ്കിൽ അവൻ യജമാന്റെ കുഷ്ഠം മാറ്റി കൊടുക്കുമായിരുന്നു “(2 രാജ. 5:3) എന്നിങ്ങനെ ആ പെൺകുട്ടിയുടെ വാക്കുകൾ കേട്ടിട്ടാണ് പ്രവാചകന്റെ അടുക്കലേക്കു നയമാൻ കടന്നു ചെല്ലുന്നത്. ആ ഭവനത്തിൽ അപ്പോളും അവൾ ബാല്യക്കാരിയാണ്. എങ്കിലും പ്രവാചകന്റെ അടുക്കൽ ചെന്നാൽ വിടുതൽ ഉണ്ടെന്നുള്ള അവളുടെ ദർശനം ശ്രേഷ്ഠമാണ്. ആ ചെറു പ്രായത്തിൽ ലഭിക്കേണ്ടുന്ന സ്വാതന്ത്ര്യം തനിക്കു നിഷേധിക്കപ്പെട്ടെങ്കിലും യിസ്രായേലിലെ പ്രവാചകനെയും പ്രവാചകനിലൂടെ ദൈവം നൽകുന്ന വിടുതലിനെക്കുറിച്ചും അവൾക്കു ഉത്തമ ബോധ്യമുണ്ട്. കാണാതെ പോയ കഴുതകളെ മടക്കി ലഭിപ്പാൻ ഒരു ദൈവ പുരുഷന്റെ അടുക്കൽ ചെന്നാൽ മതി എന്നു ശൗലിനറിയില്ല, എന്നാൽ ഭൃത്യനറിയാം. ദുരാത്മാവ് ബാധിച്ച തനിക്കു ആശ്വാസം ലഭിപ്പാൻ എന്തു ചെയ്യണമെന്നു ശൗലിനറിയില്ല, എന്നാൽ ബാല്യക്കാരനറിയാം. പരാക്രമശാലിയും, മഹാനും, മാന്യനുമായ നയമാനു തന്റെ കുഷ്ഠം മാറാൻ എന്തു ചെയ്യണമെന്നറിയില്ല. എന്നാൽ ബാല്യക്കാരിയായ ആ ചെറിയ പെൺകുട്ടിക്കറിയാം .

ഭ്യത്യന്മാർക്ക് ജീവിതത്തിൽ ആഗ്രഹങ്ങൾക്കുപരി ആവശ്യങ്ങൾ ആയിരിക്കാം. അഭിപ്രായ സ്വാതന്ത്രങ്ങളോ അവകാശങ്ങളോ കുറവായിരിക്കാം. പലപ്പോഴും യജമാനനു കീഴിൽ അനുസരത്തോടെയും വിനയത്തോടെയും കീഴ്പെട്ടു മുന്നോട്ടു പോകുന്നവനായിരിക്കാം ഒരു ഭ്യത്യൻ. സ്വതന്ത്രമായി ചിന്തിക്കാനോ പ്രവർത്തിക്കാനോ ഒരു ആശ്രിതന് കഴിഞ്ഞെന്നു വരില്ല. എങ്കിലും നിതീസൂര്യനായ കർത്താവിന്റെ പ്രഭയെ തന്റെ ഹൃദയ ഭിത്തികളിൽ വഹിക്കാൻ ഒരു ബാല്യകാരനു കഴിഞ്ഞാൽ അതു നിമിത്തം തന്റെ യജമാനനെ സ്വർഗീയ നിർണയത്തിന്റെ വീഥികളിലേക്ക് വഴി തിരിച്ചു വിടാൻ കർത്താവു അവനെ പ്രയോജനപ്പെടുത്തും. സാഹചര്യങ്ങൾ കഠിന ശോധനയായാലും തന്റെ യജമാനന്റെ നൊമ്പരങ്ങൾക്കു ആശ്വാസമാകാൻ ഒരു ഭ്യത്യൻ്റെ അധരങ്ങൾക്കു കഴിയും. എല്ലായ്‌പോഴും യജമാനൻ ആകാൻ കഴിഞ്ഞില്ലെങ്കിലും ദൈവ സാനിധ്യം വഹിക്കുന്ന ഭ്യത്യൻ ആകാൻ കഴിഞ്ഞാൽ അതു ശ്രേഷ്ഠമല്ലേ…….. നമ്മൾ അനുഭവിക്കുന്ന പ്രതികൂലങ്ങൾ അസംഖ്യമെങ്കിലും ഉറച്ച പ്രത്യാശയോടെ അന്തരംഗത്തിൽ നമ്മോടുതന്നെ പറയാം… ” ദർശനമുണ്ടോ? ബാല്യക്കാരനാണെങ്കിലും സാരമില്ല”.

ഇവാ. സാംകുട്ടി സാംസണ്‍

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.