കഥ: നിന്റെ പിന്നാലെ എന്നെ വലിക്ക… | സുബേദാർ സണ്ണി കെ ജോൺ, രാജസ്ഥാൻ

എന്തായാലും ഞാൻ ആത്മഹത്യ ചെയ്യില്ല , “
മെലീസയുടെ കൈ പിടിച്ചു കൊണ്ട് ഓമ പറഞ്ഞു. അങ്ങനെ പറഞ്ഞെങ്കിലും വിനുവിൻറെ വഞ്ചന മറക്കാൻ ഓമയ്ക്ക് ആകുമായിരുന്നില്ല. ഉള്ളിന്റെ ഉള്ളിൽ ഒരു നീറ്റൽ . തന്റെ അറിവോടും ഇഷ്ടത്തോടുമൊക്കെ ആണെങ്കിലും മറ്റൊരുത്തൻ തൻറെ ശരീരത്തിന്റേയും ആത്മാവിന്റേയും സന്തുഷ്ടിയെ ഊറ്റിയെടുത്തിട്ട് ഇപ്പോൾ അവന് തന്നെ വേണ്ട!! കഠിനമായ മാനസിക അവസ്ഥയിൽ കിതച്ചുകൊണ്ട് ഓമ തുടർന്നു ,
“ എൻറെ ദേഹത്ത് അവൻറെ വിരൽ തൊടാത്ത ഒരു സ്ഥലവും ഇല്ലല്ലോ എന്നോർക്കുമ്പോൾ എനിക്ക് എന്നോട് തന്നെ അറപ്പും വെറുപ്പും …”
മെലീസ അവളോട് ഒന്നും മിണ്ടിയില്ല.മറിച്ച് അവളെ ഒന്ന് കെട്ടിപ്പിക്കുകയാണുണ്ടായത്. ആയിരമായിരം വാക്കുകളേക്കാൾ ഇപ്പോൾ ആ ആശ്ലേഷം അവളെ സാന്ത്വനപ്പെടുത്തി. ഏറെ നേരത്തിനു ശേഷം മെലീസ പറഞ്ഞു,
“ പാസ്റ്ററങ്കിൾ പ്രീമാരിറ്റൽ കൗൺസിലിങ്ങിന് വിളിച്ചപ്പോൾ പോകാൻ നിനക്ക് തോന്നീല്ലല്ലോ. ”
“ ഞാനാണോ പോകാതിരുന്നേ? മമ്മി എന്നെ വിടാഞ്ഞിട്ടല്ലേ?”
അതിന്റെയൊക്കെ അപാകതയാണ് നിങ്ങളുടെ ജീവിതത്തിൽ ഉണ്ടായത്. വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും നിങ്ങൾക്ക് യഥാർത്ഥത്തിൽ സ്നേഹം ഇല്ലായിരുന്നു ! ലൈംഗികമായിട്ടുള്ള വെറും ഒരു തൃഷ്ണ മാത്രമായിന്നു. അത് ഈ പ്രായത്തിൽ എതിർചേരിയിലുള്ള ആണിനോടും പെണ്ണിനോടും തോന്നുക മനുഷ്യസഹജമാണ്. പക്ഷേ ഒരാളുടെ സാന്നിധ്യം മൂലം ഉണ്ടാകുന്ന വൈകാരിക സന്തോഷത്തെ നീ സ്നേഹമെന്ന് തെറ്റിദ്ധരിച്ചു. അതുകൊണ്ടാണ് നിങ്ങളുടെ സ്നേഹത്തിൽ ആരംഭം മുതൽ ഈ ’തൊടലും പിടിക്കലുമൊക്കെ’ ഉണ്ടായിരുന്നത്!
നേരാണെന്ന് ഓമ തലയാട്ടി.
ഓരോ പ്രാവശ്യവും നിങ്ങൾ കണ്ടുമുട്ടിയപ്പോൾ ഒക്കെ മുമ്പത്തേക്കാളും ഒരുപടികൂടി കടന്നു. ഉപരിപ്ലവമായ വികാരോത്തേജനത്തിൽ മുഴുകീ എന്നുമാത്രമല്ല; ഈ പെറ്റിങ്ങ് വേണ്ടെന്ന് പറയാൻ നിനക്ക് കഴിഞ്ഞതുമില്ല. “
മെലീസ പറയുന്നത് നൂറ് ശതമാനം ശരിയാണെന്ന് ഓമ കുറ്റബോധത്തോടെ മനസ്സിലാക്കുകയാണ്. വസ്തുനിഷ്ഠമായ കാര്യങ്ങളാണ് അവൾ പറയുന്നത്.
“ഈ ബന്ധം ആരംഭിച്ചപ്പോൾ തന്നെ അവൾ പറഞ്ഞതാണ് ; ഒരു വിശ്വാസിയുടെ ശരീരത്തിനുമേൽ ദൈവത്തിനാണ് അധികാരം എന്നും , നിങ്ങളുടെ വിശുദ്ധീകരണമാണ് ദൈവം അഭിലഷിക്കുന്നതെന്നും . അതുകൊണ്ട് എല്ലാ അസന്മാർഗ്ഗത്തിൽ നിന്നും നിങ്ങൾ ഒഴിഞ്ഞു മാറണം എന്ന് .
അതോർത്ത് ഓമ പിന്നേയും വിങ്ങിപ്പൊട്ടി,
“അന്ന് നീ പറഞ്ഞുതന്നപ്പോൾ കർത്താവ് സ്വാതന്ത്യ്രത്തിന്റെ ആത്മാവാണ് തന്നതെന്ന് പറഞ്ഞ് ഞാൻ …. ഹോ! ഈ മുടിഞ്ഞ സ്നേഹത്തിൽ പെട്ടുപോയല്ലോ ”
“ സ്നേഹത്തെ ശപിക്കുകയും പ്‌രാകുകയും ഒന്നും വേണ്ട. നിനക്കറിയാമോ, ഈ ലോകം ഉണ്ടായത് തന്നെ ദൈവത്തിന് നമ്മോടുള്ള സ്നേഹത്തിൽ നിന്നാണ് ! അനാദിയായ ആ ദൈവത്തിന്റെ അകൈതവും അംഭംഗവും അനർഗളവുമായ ആത്മപ്രവാഹമാണ് മനുഷ്യനും പ്രകൃതിയും. അഖിലമായ ആ സ്നേഹത്തിന്റെ ഒരു അഗ്നിതുള്ളി മാത്രമാണ് മനുഷ്യൻ കൈക്കുമ്പിളിൽ കൊണ്ടു നടക്കുന്ന സ്നേഹം. വേണമെങ്കിൽ ഈ ഒരു തുള്ളി കൊണ്ട് അഗാധമായ ദിവ്യാത്മാവിൻറെ സ്നേഹത്തോട് ചേരാം ! സ്വാർഥതയില്ലാത്ത, അനുചിതമായി ചിന്തിക്കാത്ത, അനീതിയിൽ സന്തോഷിക്കാത്ത അഗാപ്പയായ ദൈവസ്നേഹത്തിൽ ഏകീഭവിക്കാം.!
പ്രേമം മരണം പോലെ ബലമുള്ളതാണ്. സ്ത്രീയും പുരുഷനും സ്നേഹിക്കണം…” സ്നേഹത്തെക്കുറിച്ച് പറയുമ്പോൾ ഉൽക്കടമായ ഒരുൾവാഞ്ജയിൽ മെലീസ ചുവന്ന് തുടുത്തിരിക്കുകയാണെന്ന് ഓമ കണ്ടുപിടിച്ചു. മെലീസ തുടർന്നു ,
“സ്ത്രീയും പുരുഷനും വെറുതെ സ്നേഹിച്ചാൽ പോരാ, ദേഹീദേഹം കൊണ്ട് സ്നേഹിക്കണം. ഒരാൾ മറ്റൊരാളുമായുള്ള ഏകീഭാവത്തിൻറെ അനൽപമായ ആ ആനന്ദം ദൈവം അനുവദിച്ചു തന്നെയാണ് മനുഷ്യനിൽ പ്രതിഷ്ഠിച്ചത്! പക്ഷേ ഉന്നതവും ഉദാത്തവുമായ ലൈംഗികബന്ധത്തിലേർപ്പെടുന്നതിനു മുൻപേ ദൈവം ഒരു പരിധി വച്ചു. ”
“ പരിധിയോ ?”
“ അതെ പരിധി. ദൈവം ആദത്തിന് മുൻപോ ആദത്തിന്റെ കൂടെയോ അല്ല ഹവ്വയെ സൃഷ്ടിച്ച് മുന്നിൽ കൊണ്ടുവന്ന് നിർത്തിയത് ! മറിച്ച് അവന് വേണ്ടി ‘നിയമിക്കപ്പെട്ട’ സമയത്ത് തക്ക തുണയായി ദൈവം ഹവ്വയെ ആദത്തിന് കൊടുത്തു. പക്ഷേ, ദൈവീകമായ ആ നിയമിക്കപ്പെട്ട സമയം വരെ കാക്കാൻ ക്ഷമയില്ലാതെ, കുടുംബത്തേയും ദൈവസഭയേയും മറന്ന് നിങ്ങൾ സ്വന്ത യുക്തിയിൽ പരസ്പരം സ്നേഹിച്ചു ! എന്തൊക്കെയോ പ്രാപിച്ചെന്ന് വരുത്തി തീർക്കുന്ന ഇത്തരം സ്നേഹത്തേയാണ് ഈറോസ് എന്ന് വിളിക്കുന്നത്.നീ ഒരു വിശ്വാസിയായതു കൊണ്ട് ഒരു ലൈംഗീക വേഴ്ചയിലേക്ക് പോയില്ലെന്നത് നേരാണ്. പക്ഷേ, അതിലും പതിൻ മടങ്ങ് വ്യക്തിത്വവും ആത്മാഭിമാനവും നഷ്ടപ്പെടുത്തുന്നതുമായ ഉപരിപ്ലവമായ പരിലാളനങ്ങളിൽ ഏർപ്പെട്ടു. ഒരാളുടെ മാനം കെടുത്തിക്കളഞ്ഞുകൊണ്ട് കഠിനമായ മാനസിക സംഘർഷത്തിലാക്കിയ ആ അരുതാത്തത് ഇപ്പോൾ സ്നേഹത്തേക്കാളപ്പുറം വെറുപ്പായി… ഒരിക്കൽ ഒരു മഹാൻ പറഞ്ഞു, ലൈംഗീകാഭിനിവേശം അടുപ്പിൽ എരിയുന്ന തീ പോലെയാണെന്ന്. അടുക്കളയിൽ തീ കത്തും. കത്തിക്കണം. പക്ഷേ തീ പടർന്ന് വീടു മുഴുവൻ കത്തിപ്പോകതെ സൂക്ഷിക്കണമെന്ന് . ”
ഓമ അൽഭുതത്തോടെ മെലീസയെ നോക്കുകയായിരുന്നു. ഇവൾക്ക് ഈ അറിവും ജ്ഞാനവും എവിടെ നിന്നാണ് കിട്ടിയത് ? എന്തുകൊണ്ടാണ് ദൈവസഭയിൽ ഇതൊന്നും പഠിപ്പിക്കാത്തത്? ആരും തുറന്ന് പറയുന്നില്ലന്നേയുള്ളൂ , പക്ഷേ പല യുവതീ യുവാക്കളും ഇന്ന് തന്നെ പോലെ ആത്മസംഘർഷം അനുഭവിക്കുന്നുണ്ട്. തെറ്റു ശരിയും വിവേചിക്കാനാകാതെ ….
പപ്പാ തന്നെയാണ് ഈ കാര്യങ്ങൾ ഒക്കെ എനിക്ക് പറഞ്ഞു തന്നതെന്ന് മെലിസ പറഞ്ഞപ്പോൾ ഓമ ഞെട്ടിപ്പോയി. തന്റെ വീട്ടിൽ ഇത്തരം കാര്യങ്ങൾ മ്ലേച്ഛകരമായതിനാൽ ആരും സംസാരിക്കാറില്ല ! മമ്മി പോലും കാര്യങ്ങൾ പറഞ്ഞു തരേണ്ടതിന് പകരം ആൺകുട്ടികളോട് ഒരു കാരണവശാലും മിണ്ടിപ്പോകരുതെന്നാണ് പറഞ്ഞത്. ഒന്നിച്ച് പഠിക്കുമ്പോൾ ഒന്നിച്ച് യാത്ര ചെയ്യുമ്പോൾ ആൺ പെൺ വ്യത്യാസം എങ്ങനെ വെക്കാൻ കഴിയും ? മിണ്ടിയതറിഞ്ഞപ്പോൾ മമ്മി മാത്രമല്ല പപ്പയും ശകാരിച്ചു. ഉപദ്രവിച്ചു. അപ്പോൾ വാശിയായി… പക്ഷേ ഇപ്പോൾ ….
” മെലീസാ , ഒന്ന് ഞാൻ തീരുമാനിച്ചു , വചനം കൊണ്ട് നീ എന്റെ കണ്ണ് തുറന്നു ! വീണുയെങ്കിലും വീണ്ടും ഞാൻ എഴുന്നേൽക്കും. എന്റെ രക്ഷിതാവിലേക്ക് ഞാൻ നോക്കും….എന്റെ യേശു എന്നോട് ക്ഷമിക്കുo…. എന്റെ അനുജത്തിമാർക്കങ്കിലും ഇങ്ങനെ ഒരു പറ്റ് പറ്റാതിരിക്കാൻ …”
അന്നേരം അത് വഴി സർവാംഗസുന്ദരനായ ഒരു വൻ കടന്നുവന്നു. മൂറും കുന്തുരുക്കവും കൊണ്ടും കച്ചവടക്കാരന്റെ സകലവിധ സുഗന്ധ പൂർണങ്ങൾ കൊണ്ടും പരിമളപ്പെട്ടിരുന്ന അവനെ നോക്കി മെലീസ പറഞ്ഞു ,
“നിന്റെ പിന്നാലെ എന്നെ വലിക്ക; നാം ഓടിപ്പോക”

post watermark60x60

സണ്ണി കെ. ജോൺ

-ADVERTISEMENT-

-ADVERTISEMENT-

You might also like