നന്ദിയോടെ ക്രൈസ്തവ എഴുത്തുപുര എട്ടാം വർഷത്തിലേക്ക്* _ജനറൽ പ്രസിഡൻ്റിൻ്റെ സന്ദേശം

ഏഴ് വർഷങ്ങൾക് മുമ്പ് ദൈവം തന്ന ദർശനത്താൽ ഓൺലൈൻ മാധ്യമ പ്രവർത്തനത്തിലൂടെ ക്രൈസ്തവ എഴുത്തുപുര തുടക്കം കുറിക്കുമ്പോൾ പലരും നിരുത്സാഹപ്പെടുത്തി. വിമർശനങ്ങളും വന്നു. ഓൺലൈനിൽ എന്ത് ചെയ്യാനാണ് എന്നതായിരുന്നു പ്രധാന ചോദ്യം.

അതിൻ്റെ ഉത്തരം പിൽക്കാലത്ത് നമുക്ക് കാണുവാൻ കഴിഞ്ഞു. പ്രവർത്തനങ്ങൾ വിശാലപ്പെട്ടു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും പല രാജ്യങ്ങളിലും ഇന്ന് ക്രൈസ്തവ എഴുത്തുപുരയുടെ പ്രവർത്തനങ്ങളുണ്ട്. നൂറ് കണക്കിന് അംഗങ്ങൾ, വിവിധ പ്രോജക്ടുകൾ. ദൈവത്താൽ ആരംഭിച്ചതിനെ
ദൈവം തന്നെ വളർത്തി.
ദൈവകൃപയാൽ പുതിയ വർഷത്തിലേക്ക് നാമിന്ന് കടക്കുന്നു.

ക്രൈസ്തവ പത്രപ്രവർത്തനത്തിന് പുതിയശൈലികൊണ്ടു വരുവാനും, പാരമ്പര്യവും സ്ഥാപിതവുമായ ചട്ടക്കൂടുകളെ പൊളിച്ചെഴുതുവാനും ക്രൈസ്തവ എഴുത്തുപുരയ്ക്ക് കഴിഞ്ഞു. വായനക്കാരിൽ നിന്നും വരിസംഖ്യ വാങ്ങാതെ പരസ്യങ്ങൾ കണ്ടെത്തി തികച്ചും സൗജന്യമായി വാർത്തകൾ ജനങ്ങളിലെത്തിക്കാൻ കഴിയുന്നു.

സഭാ രാഷ്ട്രീയത്തെയോ വ്യക്തിഹത്യയെയോ നമ്മൾ പ്രോത്സാഹിപ്പിക്കുന്നില്ല എന്നത് തീർച്ചയായും ഒരു പ്രത്യേകത തന്നെയാണ്.
ക്രൈസ്തവ സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളിൽ പക്ഷം നോക്കാതെ നിലപാട്
ക്രൈസ്തവ എഴുത്തുപുര എന്നും സ്വീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ 7 വർഷങ്ങൾ പിന്നിടുമ്പോൾ ഞങ്ങൾ കൃതാർത്ഥരാണ്. ജനഹൃദയങ്ങളിൽ വ്യക്തമായ സ്വാധീനം ചെലുത്തുവാൻ കഴിഞ്ഞു എന്നതിൽ ചാരിതാർത്ഥ്യമുണ്ട്.
പ്രോത്സാഹിപ്പിക്കുന്നവരോടൊപ്പം വിമർശിക്കുന്നവരും നമ്മുടെ വളർച്ചയിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്.

ഇനിയും ഏറെ ദൂരം പിന്നിടുവാനുണ്ട്.ഇത് വരെ കൂടെ നിന്ന കുടുംബാംഗങ്ങൾ, വായനക്കാർ, അഭ്യുദയകാംക്ഷികൾ, എഴുത്തുകാർ, സഭാ നേതൃത്വങ്ങൾ, യുവജന സംഘടനകൾ,മറ്റ് ക്രൈസ്തവ സംഘടനാഭാരവാഹികൾ, വാർത്തകളും പരസ്യങ്ങളും തന്ന് സഹായിച്ചവർ അങ്ങനെ ഏവർക്കും ഹൃദ്യമായ നന്ദി.
ദൈവസ്നേഹത്തിൽ നമുക്ക് വീണ്ടും ഒരു മനസ്സോടെ പ്രവർത്തിക്കാം.
ദൈവം നമ്മെ അനുഗ്രഹിക്കട്ടെ!!

എന്ന്
ക്രിസ്തുവിൽ,
ആഷേർ കെ മാത്യു, ജനറൽ പ്രസിഡൻ്റ്,
ക്രൈസ്തവ എഴുത്തുപുര

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.