ചെറു ചിന്ത: യഥാർത്ഥ സൗജന്യ യാത്ര | ഇവാ. അജി ഡേവിഡ് വെട്ടിയാർ

വിശ്വാസത്തിന്റെ നല്ല പോർ പൊരുതുക; നിത്യജീവനെ പിടിച്ചു കൊൾക”(1തിമൊഥെയൊസ് 6:12)
ചന്ദ്രനിലേക്കു യാത്രചെയ്യുക എന്നത് പലരുടെയും സ്വപ്നമാണ്. യാത്രാ ചെലവിന്റെ കാര്യം ഓർക്കുമ്പോഴാണ് വിഷമം ഉണ്ടാകുന്നത്. എന്നാൽ ചന്ദ്രനിലേക്കു സൗജന്യമായി കൊണ്ടുപോകാമെന്ന് വാഗ്ദാനം നല്കിയിരിക്കുകയാണ് ജാപ്പനീസ് ഫാഷൻ വ്യവസായിയായ യുസാകു മെയ്സാവ എന്ന കോടീശ്വരൻ. ലോകമെമ്പാടുമുള്ള ആളുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന എട്ടു പേർക്കാണ് സൗജന്യ യാത്ര. സ്പേസ് എക്സ് വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ചന്ദ്രബഹിരാകാശ പേടകത്തിലായിരിക്കും യാത്ര. ഇതിലെ എല്ലാ സീറ്റുകളും ഇദ്ദേഹം ബുക്കു ചെയ്തു കഴിഞ്ഞു.

Download Our Android App | iOS App

കലാകാരന്മാർക്കാണ് സൗജന്യ യാത്രയ്ക്കുള്ള അവസരമെന്നാണ് മെയ്സാവ പറയുന്നത്. ഏതു കലാകാരന്മാർക്കാണ് എന്നു ചോദിച്ചാൽ ‘സൃഷ്ടിപരമായ എന്തെങ്കിലും ചെയ്യുന്ന ഓരോ വ്യക്തിയെയും ഓരോ കലാകാരൻ എന്നു വിളിക്കാമെന്നാണ് ‘ മെയ്സാവയുടെ മറുപടി. യാത്രയ്ക്കായി രജിസ്റ്റർ ചെയ്യണം. അന്തിമ പരിശോധനകൾക്കും മെഡിക്കൽ പരിശോധനക്കും ശേഷം 2021 മെയ് അവസാനത്തോടെ ഷെഡ്യൂൾ ചെയ്യുമെന്നാണ് ഇദ്ദേഹം പറയുന്നത്. ലക്ഷങ്ങളും കോടികളും മുടക്കി ചന്ദ്രനിലും അന്യഗ്രഹങ്ങളിലുമൊക്കെ സഞ്ചാര സ്വപ്നം കാണുന്ന തലമുറകളാണിന്ന്. എന്നാൽ മനുഷ്യർക്ക് ഇതിനേക്കാൾ വലിയൊരു യാത്ര യെഹോവയായ ദൈവം ഒരുക്കിയിട്ടുണ്ട്. അത് സ്വർഗ്ഗീയ യാത്രയാണ്. നിത്യ രാജ്യത്തിലേക്കുള്ള യാത്ര. ഇത് തികച്ചും സൗജന്യമാണ്. അവിടെ സീറ്റു പരിമിതികളൊന്നുമില്ല. കഷ്ടങ്ങളും രോഗങ്ങളും ദു:ഖങ്ങളും ഇല്ലാത്ത ആനന്ദപൂർണ്ണമായ ഒരു നിത്യ ജീവിതം അവിടെ ദൈവം ഏവർക്കും ഒരുക്കിയിരിക്കുന്നു. അവിടെ യേശു ക്രിസ്തുവിനു സദൃശ്യന്മാരായി സകല ഗോളങ്ങളിലെയും ദൂത സമൂഹങ്ങളുടെമേൽ അധികാരം ഉള്ളവരായി സകലത്തിന്റെയും അവകാശികളായി ദൈവത്തോടും യേശു ക്രിസ്തുവിനോടും കൂടെ എന്നേക്കും വാഴുന്നവരായിരിക്കും. അവിടേക്കുള്ള യാത്ര ആരുടെയെങ്കിലും സ്പോൺസർഷിപ്പിൽ ലഭിക്കുന്നതല്ല. യേശു ക്രിസ്തുവിൽ വിശ്വസിക്കുന്നവരും അവനുവേണ്ടി പ്രവർത്തിക്കുന്നവരും നിത്യ ജീവിതത്തിനു അവകാശികളായിത്തീരും. ലോകക്കാർ ഏതിനെങ്കിലും വ്യവസ്ഥ വെയ്ക്കുന്നതുപോലെ എന്തെങ്കിലും പ്രത്യേക സിദ്ധികളാലോ, കലാപരമായ കഴിവുകൾ കൊണ്ടോ, ലക്ഷങ്ങളും കോടികളും മുടക്കിയതുകൊണ്ടോ, ആരുടെയെങ്കിലും ശുപാർശയാലോ ലഭിക്കുന്ന ഒരു അവസരമല്ല അത്. യേശു ക്രിസ്തുവിന്റെ കൃപയാലാണ് ലഭിക്കുന്നത്.

post watermark60x60

പ്രിയരേ! ഇഹലോകത്തിൽ മനുഷ്യ വർഗ്ഗത്തിനു ലഭിക്കാവുന്ന ഏറ്റവും ശ്രേഷ്ടകരമായതും അർത്ഥവത്തായതുമായ യാത്ര നിത്യജീവനിലേക്കുള്ള യാത്ര മാത്രമാണ്. അവിടേക്ക് എത്തുവാൻ ദൈവം എല്ലാവർക്കും അവസരം ഒരുക്കിയിരിക്കുന്നു. അതിനു യോഗ്യരാകുവാൻ ഏവർക്കും കഴിയട്ടെ!

അജി ഡേവിഡ്

-ADVERTISEMENT-

You might also like
Comments
Loading...