ചെറു ചിന്ത: അകലം വിട്ടു അനുഗമിക്കുന്നവർ | ഇവാ. അജി ഡേവിഡ്, വെട്ടിയാർ

“അവർ അവനെ പിടിച്ചു മഹാപുരോഹിതന്റെ വീട്ടിൽ കൊണ്ടുപോയി; പത്രൊസും അകലം വിട്ടു പിൻചെന്നു” (ലൂക്കൊ: 22:54)

post watermark60x60

ഗലീല കടൽക്കരയിൽവച്ച് “എന്റെ പിന്നാലെ വരുവിൻ” എന്നുള്ള യേശുവിന്റെ ദിവ്യ വിളി കേട്ട് തന്റെ തൊഴിലും തൊഴിൽ ഉപകരണവും ഉപേക്ഷിച്ച് ജീവിതകാലം മുഴുവനും യേശുവിനായി സമർപ്പിക്കപ്പെടുകയും മുന്നര വർഷക്കാലം യേശുവിനോടുകൂടെ സഞ്ചരിച്ച് എല്ലാ സമൃദ്ധിയും സന്തോഷവും അനുഭവിച്ചും യേശുവിന്റെ പരസ്യ ശുശ്രൂഷകളിൽ പങ്കാളിയുമായ പത്രൊസ് എന്ന ശിഷ്യൻ, ഒരവസരത്തിൽ “കർത്താവേ ഞാൻ നിന്നോടുകൂടെ തടവിലാകാനും മരിപ്പാനും ഒരുങ്ങിയിരിക്കുന്നു”(ലൂക്കൊ:22:33) എന്ന് മറ്റുള്ളവരുടെ മുമ്പിൽ ഗുരുവിനോടുള്ള കൂറ് സദൃഢം പ്രഖ്യാപിച്ചവൻ ഇപ്പോൾ പതറുകയാണ്. മാനവരാശിയുടെ പാപത്തിനു പരിഹാരമായി യേശു കൊല്ലപ്പെടും എന്നുള്ള പ്രവചന നിവൃത്തീകരണത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി മഹാപുരോഹിതന്മാരും ദൈവാലയത്തിലെ പടനായകന്മാരും മൂപ്പന്മാരും, ഗെത്ത്ശെ മന തോട്ടത്തിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്ന യേശുവിനെ പിടിച്ച് മഹാപുരോഹിതന്റെ വീട്ടിലേക്കു കൊണ്ടുപോകുമ്പോൾ ഭയന്നുപോയ “പത്രൊസും അകലം വിട്ടു പിൻ ചെന്നു”(ലൂക്കൊ:22:54) എന്നാണ് ബൈബിളിൽ വായിക്കുന്നത്. സ്നേഹവാൻ, സാഹസക്കാരൻ, എടുത്തുചാട്ടക്കാരൻ,ഭീരു,ചിലപ്പോൾ ധൈര്യശാലി മുതലായ വൈരുദ്ധ്യം നിറഞ്ഞ സ്വഭാവക്കാരനായിരുന്ന പത്രൊസ് യേശുവിനുണ്ടായ പ്രതികൂലഘട്ടത്തിൽ ഒപ്പം നടക്കേണ്ടവൻ ഇപ്പോൾ അകലം പാലിച്ചു നടക്കുന്നു. അവൻ കർത്താവിന്റെ വിളിയെ മറന്നു എന്നു മാത്രമല്ല; ഒറ്റ രാത്രിയിൽ കോഴി കൂവുന്നതിനു മുൻപ് മൂന്നു പ്രാവശ്യം മറ്റുള്ളവരുടെ മുമ്പിൽ യേശുവിനെ പരസ്യമായി തള്ളിപ്പറയുകയും ചെയ്തു. ഇതേത്തുടർന്ന് അവൻ സ്വയം അപമാനിതനാകുകയും ദുഃഖിക്കേണ്ടിയും വന്നു.

പ്രിയരെ! യേശു ക്രിസ്തുവിനെ അനുഗമിപ്പാനായി വിളി കേട്ട് ഇറങ്ങിത്തിരിച്ചവർ, അവനോട് അകലം പാലിച്ച് നടന്നാൽ പത്രൊസിനുണ്ടായ ദുരനുഭവം പോലെ ജീവിതത്തിൽ സംഭവിക്കാൻ ഇടവരുത്തരുത്. യേശു ക്രിസ്തുവിന്റെ അനുയായികൾ എന്ന് പറഞ്ഞ് ക്രിസ്ത്യാനികളായി അഭിമാനിക്കുകയും വർഷങ്ങളുടെ പാരമ്പര്യവും ശ്രേഷ്ഠതയും അവകാശപ്പെടുന്നവരിൽ പലരും യേശു ക്രിസ്തുവുമായി എത്രയോ അകലത്തിലാണ് സഞ്ചരിക്കുന്നത്. യേശുവിന്റെ ജന്മദിനവും ക്രൂശുമരണവും ഒക്കെ ആഘോഷിച്ചതുകൊണ്ടോ; ഓർമ്മിച്ചതു കൊണ്ടോ, പ്രതീകാത്മക കുരിശു ചുമന്നതുകൊണ്ടോ ധരിച്ചതുകൊണ്ടോ, എവിടേക്കെങ്കിലും തീർത്ഥാടനം നടത്തിയതുകൊണ്ടോ യേശുവിനോട് ജീവിത ബന്ധം ഉണ്ടെന്ന് അർത്ഥമില്ല. അവന്റെ കല്പന അനുസരിച്ച്, ദൈവ വചനം പൂർണ്ണമായി അനുസരിച്ച് അവന്റെ കഷ്ടതയിൽ കൂട്ടായ്മ കാണിച്ച് ആത്മാവിലും സത്യത്തിലും ആരാധിക്കുന്നവരാണ് യേശുവിനെ യഥാർത്ഥമായി അനുഗമിക്കുന്നവർ. ഇതാണ് ദൈവം എല്ലാവരെക്കുറിച്ചും ആഗ്രഹിക്കുന്നത്.

-ADVERTISEMENT-

-ADVERTISEMENT-

You might also like