ശുഭദിന സന്ദേശം: കോപത്തിൽ ക്രോധത്തിൽ | ഡോ. സാബു പോൾ

എന്റെ കോപത്തിൽ ഞാൻ നിനക്കു ഒരു രാജാവിനെ തന്നു, എന്റെ ക്രോധത്തിൽ ഞാൻ അവനെ നീക്കിക്കളഞ്ഞു”(ഹോശേ.13:11).

ഒരു ദൈവദാസൻ താൻ വിവാഹം ആശിർവദിച്ച ദമ്പതികളെ ചില വർഷങ്ങൾക്കു ശേഷം കണ്ടുമുട്ടി.

“സന്തോഷമായിരിക്കുന്നുവോ?” എന്ന കുശലാന്വേഷണത്തിന് അത്ര സന്തോഷത്തിലല്ല ഭാര്യ മറുപടി പറഞ്ഞത്.

”ങ്ഹാ, ഞങ്ങൾ വചനപ്രകാരം ജീവിക്കുന്നു!”

മറുപടി നൽകിയപ്പോഴുള്ള മ്ലാനത ശ്രദ്ധിച്ച ദൈവദാസൻ വീണ്ടും എടുത്ത് ചോദിച്ചു:

”ഏതു വചനപ്രകാരം…?”

”റോമർ 12:20 പ്രകാരം.”

”സോറി…. പെട്ടെന്ന് ആ വാക്യം ഓർമ്മ വരുന്നില്ല. ഒന്നു പറയാമോ…?”

”നിൻ്റെ ശത്രുവിനു വിശക്കുന്നു എങ്കിൽ അവനു തിന്മാൻ കൊടുക്ക; ദാഹിക്കുന്നു എങ്കിൽ കുടിപ്പാൻ കൊടുക്ക…..!”

ഇന്നത്തെ വാക്യത്തിൽ യഹോവ പറയുന്നു ഞാൻ നിങ്ങൾക്ക് രാജാവിനെ തന്നത് ക്രോധത്തിലാണെന്ന്.

ദൈവം തരുന്നതെല്ലാം സ്നേഹത്തിലാണെന്നും നീക്കിക്കളയുന്നതെല്ലാം ക്രോധത്തിലാണെന്നും സ്വാഭാവികമായി നാം ചിന്തിച്ചു പോകാറുണ്ട്.

ദൈവം പ്രാർത്ഥനയ്ക്ക് ഉടൻ മറുപടി തന്നാൽ അത് സ്നേഹത്താലാണെന്നും അല്പം വൈകിയാൽ സ്നേഹക്കുറവ് കൊണ്ടാണെന്നും തിരസ്ക്കരിച്ചാൽ സ്നേഹരാഹിത്യം കൊണ്ടാണെന്നുമാണ് പൊതുവെയുള്ള ധാരണ.

‘പന്നിക്കൂട്ടത്തിലേക്ക് അയക്കണമേ’ എന്ന ലെഗ്യോൻ്റെ പ്രാർത്ഥനയ്ക്ക് ഉടൻ അനുകൂല മറുപടിയുണ്ടായി. എന്നാൽ ‘ജഡത്തിലെ ശൂലം മാറ്റേണമേ’ എന്ന അതിശ്രേഷ്ഠ അപ്പൊസ്തലന്റെ പ്രാർത്ഥന തിരസ്ക്കരിക്കപ്പെടുകയും ചെയ്തു എന്നോർക്കുക…

യിസ്രായേൽ ജനത്തിന് രാജാവിനെ നൽകുക എന്നത് ദൈവഹിതം തന്നെയായിരുന്നു. ”നിന്നിൽ നിന്നു രാജാക്കന്മാരും ഉത്ഭവിക്കും”(ഉല്പ.17:6) എന്നു ദൈവം അബ്രഹാമിന് വാഗ്ദത്തം നൽകിയിരുന്നു. പക്ഷേ, അനവസരത്തിൽ ചോദിച്ചതാണ് ദൈവത്തിന് കോപകാരണമായത്. അതു കൊണ്ടുതന്നെ അനിഷ്ടത്താൽ നൽകിയ ശൗൽ യിസ്രായേലിന് അനുഗ്രഹമായില്ല. ശൗലിന്റെ അന്ത്യവും ദൈവ ക്രോധത്താലായിരുന്നു.

ദാവീദിനെ ജനം ചോദിച്ചതല്ല, ദൈവം ക്രോധത്തിൽ കൊടുത്തതുമല്ല. തൻ്റെ കരുണയാലും സ്നേഹത്താലും ദൈവം അവനെ തിരഞ്ഞെടുത്തു…
കൃപ നൽകി…
ശക്തീകരിച്ചു…
അവൻ ജനത്തിന് അനുഗ്രഹമായിരുന്നു…!
ദൈവനാമത്തിന് മഹത്വമായിരുന്നു…..!!

ഇന്നത്തെ വേദഭാഗം യൊരോബെയാമിനെ പത്തു ഗോത്രങ്ങൾക്ക് രാജാവായി നൽകിയതിനെയാണ് പരാമർശിക്കുന്നത്.

ശലോമോൻ അന്യദൈവങ്ങളെ നമസ്ക്കരിച്ച് ദൈവത്തെ കോപിപ്പിച്ചതിനാലാണ് അവിടുന്ന് യൊരോബെയാമിനെ പത്തു ഗോത്രങ്ങളുടെ രാജാവാക്കിയത്. ദാനിലും ബെഥേലിലും കാളക്കുട്ടിയെ പ്രതിഷ്ഠിച്ച് യാഗം നടത്തിയപ്പോൾ ക്രോധത്തിൽ ദൈവം അവനെ നീക്കുകയും ചെയ്തു.

പ്രിയമുള്ളവരേ,

ചില കാര്യങ്ങൾ നന്മയെന്നും ചിലത് തിന്മയെന്നും നമുക്ക് തോന്നിയേക്കാം. എന്നാൽ ദൈവം കോപത്തിൽ തരുന്നതോ സ്നേഹത്തിൽ അനുവദിക്കുന്നതോ എന്നതിനാണ് പ്രാധാന്യം.

അവിടുന്ന് സ്നേഹത്തിൽ തരുന്നത് തിന്മയെന്ന് തോന്നിയാലും പിന്നത്തേതിൽ അനുഗ്രഹമായിരിക്കും.
ലോത്തിന് രണ്ടു മക്കളെ നൽകിയപ്പോഴും അബ്രഹാം മക്കളില്ലാത്തവനായി ജീവിക്കുകയായിരുന്നു. പക്ഷേ, ഏതായിരുന്നു അനുഗ്രഹമെന്ന് കാലം തെളിയിച്ചു….

ദൈവമേ, അങ്ങയുടെ സ്നേഹത്താലുള്ള ദാനങ്ങൾ പ്രാപിപ്പാൻ എന്നെ സഹായിക്കണമേ എന്ന് നമുക്ക് പ്രാർത്ഥിക്കാം……

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ. സാബു പോൾ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.