നസറേത്തിന് സമീപം കൽപാത്ര നിർമ്മാണശാല കണ്ടത്തി

ഇസ്രായേൽ: വടക്കേ യിസ്രായേലിൽ ഗലീലി പ്രദേശത്ത് ചുണ്ണാമ്പുകല്ലുകൊണ്ട് പാത്രങ്ങൾ ഉണ്ടാക്കുന്ന 2000 വർഷത്തോളം പഴക്കമുളള പണിപ്പുരയും ഖനിയും പുരാവസ്തുഗവേഷകർ കണ്ടെത്തി. ഒന്നാം നൂറ്റാണ്ടിൽ യഹൂദന്മാരുടെ ദൈനംദിന ആദ്ധ്യാത്മികജീവിതത്തിൽ കൽപാത്രങ്ങൾക്ക് വലിയ സ്ഥാനം ഉണ്ടായിരുന്നു. നസറത്തിനു സമീപം ഹാർയോനാ ചരിവിൽ ചുണ്ണാമ്പുകല്ലുകൊണ്ടുള്ള ഒരു വലിയ കുന്ന് വെട്ടി ഒരു വലിയ ഗുഹ ഉണ്ടാക്കിയിരുന്നു. അതിൽ ചുണ്ണാമ്പുകല്ലുകൊണ്ടുള്ള പാത്രങ്ങൾ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിൽ ആണെന്നു കണ്ടുപിടിക്കപ്പെട്ടു. ഈ ഗുഹ ഒരു പണിപ്പുരയാണെന്നും ഇതു തെളിയിക്കുന്നു.

പുരാതനകാലത്ത് മേശപ്പുറത്ത് വയ്ക്കുന്ന പാത്രങ്ങൾ മുതൽ പാചകത്തിനുള്ള കലങ്ങളും സംഭരണപാത്രങ്ങൾ വരെയും മണ്ണുകൊണ്ട് ഉണ്ടാക്കിയിരുന്നപ്പോൾ ഒന്നാം നൂറ്റാണ്ടിൽ യഹൂദയിലും ഗലീലിയിലുമുള്ള യഹൂദന്മാർ കൽപാത്രങ്ങളാണ് ഉപയോഗിച്ചിരുന്നത്. ശുദ്ധിയുടെയും അശുദ്ധിയുടെയും നിയമങ്ങൾ തിരുവെഴുത്തിലെ പ്രമാണങ്ങളാണ്. ശുദ്ധീകരണപ്രമാണങ്ങൾ ആലയത്തിലെ നിയമങ്ങളോട് ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ മതാചാരപ്രകാരമുള്ള ശുദ്ധീകരണം ആലയത്തിൽ മാത്രം ഒതുങ്ങിനില്ക്കാതെ യഹൂദാജനങ്ങളിൽ മുഴുവൻ വ്യാപിച്ചു. സാധാരണ ജനങ്ങളെയും ഈ പ്രമാണങ്ങൾ സ്വാധീനിച്ചു. ആചാരപ്രകാരം ഒരു പാത്രം അശുദ്ധമായാൽ അത് പിന്നീട് ഉപയോഗശൂന്യമായിത്തീരുന്നതിനാൽ അശുദ്ധമാകാത്ത പാത്രം വാങ്ങുവാൻ ജനം താത്പര്യപ്പെട്ടു. അശുദ്ധമായ മൺപാത്രം ഉടച്ചുകളയണമായിരുന്നു.

യോഹന്നാന്റെ സുവിശേഷത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ ഒന്നാമത്തെ അത്ഭുതമായ കാനാവിലെ കല്യാണവുമായി കൽപാത്രങ്ങളുടെ ഉപയോഗത്തിന് ബന്ധമുള്ളതായി പുരാവസ്തുഗവേഷകർ സൂചിപ്പിക്കുന്നു. വിരുന്നിൽ വീഞ്ഞ് തീർന്നപ്പോൾ ആറ് കൽപാത്രങ്ങളിൽ നിറച്ച വെള്ളം യേശു വീഞ്ഞാക്കി മാറ്റി. അവിടെ യഹൂദന്മാരുടെ നിയമം അനുസരിച്ച് രണ്ടോ മൂന്നോ പറ വീതം കൊള്ളുന്ന ആറു കല്പാത്രം ഉണ്ടായിരുന്നു’ (യോഹ.2:6). ഈ കൽപാത്രങ്ങൾ ഗലീലിയിൽ തന്നെ അഥവാ ഇവിടെ കണ്ടത്തിയതിനു സമാനമായ ഗുഹകളിൽ തന്നെ ഉണ്ടാക്കിയിരിക്കാനാണ് സാധ്യത എന്നു ഗവേഷകരുടെ നിഗമനം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.