ശുഭദിന സന്ദേശം : അയക്കപ്പെടുന്നവരും അയക്കപ്പെടാത്തവരും | ഡോ. സാബു പോൾ

ഞങ്ങൾ കല്പന കൊടുക്കാതെ ചിലർ ഞങ്ങളുടെ ഇടയിൽനിന്നു പുറപ്പെട്ടു നിങ്ങളെ വാക്കുകളാൽ ഭ്രമിപ്പിച്ചു നിങ്ങളുടെ ഹൃദയങ്ങളെ കലക്കിക്കളഞ്ഞു…”(പ്രവൃ.15:24).

Download Our Android App | iOS App

ക്രൈസ്തവ സഭയുടെ ശൈശവ കാലത്ത് ഉയർന്നു വന്ന വലിയൊരു പ്രതിസന്ധി പരിഹരിക്കാനായി ഒരു കൗൺസിൽ വിളിച്ചു കൂട്ടേണ്ടതായി വന്നു. അതാണ് അ. പ്രവൃ.15-ാം അദ്ധ്യായത്തിലെ യെരുശലേം കൗൺസിൽ. അതിൻ്റെ കാരണമാണ് ഇന്നത്തെ കുറിവാക്യം നൽകുന്നത്. അപ്പൊസ്തലന്മാരാൽ അയയ്ക്കപ്പെടാത്തവർ പോയി തങ്ങളുടെ ചിന്തയിലും തീക്ഷ്ണതയിലും ശരിയെന്ന് തോന്നിയത് പ്രസംഗിച്ചു….

post watermark60x60

കൊറോണ പൂർവ്വകാലത്ത് പൊതുവിൽ എഴുതുകയോ പ്രസംഗിക്കുകയോ ചെയ്യണമെങ്കിൽ ചില പരിമിതികൾ ഉണ്ടായിരുന്നു.

പ്രസംഗിക്കുന്നവർക്ക് കൺവൻഷൻ വേദികളായിരുന്നു പ്രധാന അവസരം. സംഘാടകർ ഒരു പ്രസംഗകനെ ക്ഷണിക്കുമ്പോൾ പൊതു ലോകത്തോട് സംവദിക്കുവാൻ കഴിവുണ്ടോ, ദുരുപദേശങ്ങൾ പറയാൻ സാദ്ധ്യതയുണ്ടോ, ആത്മ പ്രചോദിത ദൂതായിരിക്കുമോ തുടങ്ങി പല കാര്യങ്ങളും പരിശോധിച്ച ശേഷമാണ് തീരുമാനിക്കുക. അതു കൊണ്ട് എന്തെങ്കിലുമൊക്കെപ്പറയുന്നവർക്ക് വേദികൾ ലഭിക്കുകയില്ല…

പരസ്യ യോഗം, മിനി കൺവൻഷൻ തുടങ്ങിയവയിലൊക്കെ പ്രസംഗിച്ചാണ് ഒരാൾ പ്രധാന വേദികളിലേക്ക് ഉയർന്നു വരിക.
അവർക്ക് പോരായ്മകൾ പറഞ്ഞു കൊടുക്കാൻ സീനിയേഴ്സായ ദൈവദാസൻമാർ ശ്രമിക്കുകയും ചെയ്യും.

എഴുതണമെങ്കിൽ ക്രൈസ്തവ പ്രസിദ്ധീകരണങ്ങൾക്ക് സൃഷ്ടികൾ അയച്ചുകൊടുക്കണം. എഴുത്തിൻ്റെ ഒഴുക്കും, ആശയസ്ഫുടതയും, ക്രിയാത്മക ചിന്തകളും നല്ല പദാവലികളുമൊക്കെയുൾപ്പെടെ മിനിമം യോഗ്യതയുള്ളവ മാത്രമേ പ്രസിദ്ധീകരിക്കൂ. എഡിറ്റിംഗിലൂടെ അത്യാവശ്യം അക്ഷരത്തെറ്റുകളും വ്യാകരണപ്പിശകുകളും പരിഹരിക്കുകയും ചെയ്യും.

ഇതിൻ്റെ മറുവശം…

നിയോഗമുള്ളവൻ നിരന്തരമായി എഴുതുകയോ പ്രസംഗിക്കുകയോ ചെയ്യാൻ ശ്രമിക്കും. ആദ്യം നിരുത്സാഹപ്പെടുത്തലും വിമർശനങ്ങളുമുയർന്നാലും തെറ്റുകൾ തിരുത്തി, കഷ്ടപ്പെട്ട് ശ്രമം തുടരും. കാരണം ആ വ്യക്തിയുടെയുള്ളിൽ ജ്വലനത്തിനായി വെമ്പുന്ന അഗ്നി സ്ഫുലിംഗങ്ങളുണ്ട്.

എന്നാൽ കൊറോണ കാലഘട്ടം ശുശ്രൂഷകൾക്കും യാത്രകൾക്കും വേദികൾക്കും വിലക്കു കല്പിച്ചതോടെ അതുവരെ ശ്രദ്ധിക്കപ്പെടാതിരുന്ന ചില സാദ്ധ്യതകളിലേക്ക് പലരും എത്തിച്ചേർന്നു. അങ്ങനെ സോഷ്യൽ മീഡിയയിലെ സ്വന്തം പ്ലാറ്റ്ഫോമുകളിലൂടെ പലരും പ്രസംഗകരും എഴുത്തുകാരുമായി….

നിയോഗമില്ലാത്തവർ നിരന്തരം പലതും ചെയ്യാൻ തുടങ്ങിയപ്പോൾ ഇത്തരം പ്ലാറ്റ്ഫോമുകൾ ചവറ്റുകൂനകളായി…
ചിലർ വായിൽ തോന്നുന്നതെല്ലാം പറഞ്ഞ് ആളാകാൻ ശ്രമിച്ചു.

ഏതൊരു പ്രഭാഷകനും സ്വയം പ്രസംഗങ്ങൾ തയ്യാറാക്കുന്നതിലും അത് പ്രസംഗിക്കുന്നതിലും മാത്രമല്ല സന്തോഷിക്കുന്നത്. ആത്മപ്രചോദിതമായ സന്ദേശങ്ങൾ മറ്റു ദൈവദാസൻമാരിൽ നിന്നു ശ്രവിക്കാനും ശ്രമിക്കും. വ്യത്യസ്ത വീക്ഷണങ്ങളും ചിന്തകളും കേൾക്കുന്നത് കാഴ്ചപ്പാടുകളിൽ സന്തുലിതാവസ്ഥ നിലനിർത്താൻ സഹായമാകുകയും ചെയ്യും. പക്ഷേ, ആകർഷണീയമായ തലക്കെട്ട് കണ്ട് ഒരു പ്രസംഗം ശ്രദ്ധിക്കാൻ തുടങ്ങി അല്പം കഴിയുമ്പോഴാണ് മനസ്സിലാകുന്നത് തലക്കെട്ട് മാത്രമേയുള്ളുവെന്ന്…..

തുടർന്ന് അടുത്ത പ്രസംഗം….. കുറച്ചധികം സമയം നഷ്ടപ്പെടുത്തിക്കഴിയുമ്പോഴാണ് പലതും നിഷ്പ്രയോജനമെന്ന് തിരിച്ചറിയുന്നത്. വീഡിയോ സന്ദേശങ്ങൾ അതിനെക്കാൾ പ്രശ്നമാകുന്നു. ഫോൺ മെമ്മറി വേഗത്തിൽ നിറയുന്നു….

പല സന്ദേശങ്ങൾ കേൾക്കാൻ ശ്രമിച്ച് നിരാശിതരാകുന്നവർ ശ്രമം ഉപേക്ഷിക്കുമ്പോൾ എത്രയോ നല്ല സന്ദേശങ്ങളും പ്രസംഗങ്ങളും ശ്രദ്ധിക്കപ്പെടാതെ പോകുന്നു…..

നന്നായി സഭാ പരിപാലനം നിർവഹിക്കുന്ന എത്രയോ കർത്തൃ ദാസന്മാരുണ്ട്. അവരെല്ലാം കൺവൻഷൻ പ്രഭാഷകരല്ല. കൺവൻഷൻ പ്രഭാഷകർ എഴുത്തുകാരാകണമെന്നില്ല. എത്രയോ നന്നായി പാടുന്നവരുണ്ട്. അവരെല്ലാം പാട്ടെഴുതുന്നവരല്ല. ഓരോരുത്തരും അവരവരുടെ താലന്തുകൾ മനസ്സിലാക്കി അത് വ്യാപാരം ചെയ്യുമ്പോഴാണ് ദൈവനാമത്തിന് മഹത്വമാകുന്നത്.

ദൈവത്താൽ അയയ്ക്കപ്പെടുന്നവരുടെ പ്രസംഗത്താൽ കത്തലും കുത്തലുമുണ്ടാകും. പക്ഷേ, കലക്കമുണ്ടാകില്ല. ക്രമീകരണവും ആത്മീയ വർദ്ധനവുമാണ് അവിടെ സംഭവിക്കുന്നത്.

പരീശനായിരുന്ന പൗലോസ് ക്രിസ്തുവിലേക്ക് വന്നപ്പോൾ ഇന്നലെകളിലെ തെറ്റായ പദവികളെയും പാരമ്പര്യങ്ങളെയും പരിപൂർണ്ണമായി പറിച്ചെറിഞ്ഞു. എന്നാൽ പരീശ പക്ഷത്തിൽ നിന്നും സത്യമാർഗ്ഗത്തിലേക്കു വന്ന മറ്റു പലരിലും പരീശ ചിന്തകൾ പറ്റിച്ചേർന്നിരുന്നു (പ്രവൃ.15:5). ഇങ്ങനെ പാരമ്പര്യങ്ങൾ ചുമന്നവരാണ് കലക്കത്തിൻ്റെ വിത്ത് വിതച്ചത്.

തീക്ഷ്ണത വർദ്ധിക്കുമ്പോൾ ഇത് പറഞ്ഞേ തീരു എന്ന ചിന്തയാണുണ്ടാവുക. ചിലർ അതിനെ ദൈവീക നിയോഗമെന്ന് തെറ്റിദ്ധരിക്കുന്നു. അങ്ങനെയാണ് പരിച്ഛേദന രക്ഷയ്ക്ക് അനിവാര്യമാണെന്ന ദുരുപദേശം അപ്പൊസ്തലന്മാരാൽ അയയ്ക്കപ്പെടാത്തവർ സഭകളിൽ ചെന്ന് പ്രസംഗിച്ച് കലക്കമുണ്ടാക്കിയത്.

പ്രിയമുള്ളവരേ,

അയയ്ക്കപ്പെട്ടവരെയും അയയ്ക്കപ്പെടാത്തവരെയും വിവേചിച്ചറിയാം. തീക്ഷ്ണതയെ
ദൈവീക നിയോഗമെന്ന് തെറ്റിദ്ധരിക്കാതിരിക്കാം. സഭകൾ കലങ്ങുകയല്ല, വളരാൻ ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യാം. ആത്മനാഥൻ വരാറായി….

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ. സാബു പോൾ

-ADVERTISEMENT-

You might also like
Comments
Loading...