കവിത: അനുതാപഗീതം | ജയ്സൺ പൈങ്ങനാൽ

മ:നമതിലായിരം വാക്കാലെചൊല്ലുന്നു
നാഥാ ക്ഷമിക്കുമോയെന്നോട് നീ…

അപഥസഞ്ചാരത്തിനറുതിവരുത്തുവാൻ
കനിവായി കരമൊന്നു നീട്ടു നാഥാ…

അപരന്നിടർച്ചയായ് തീരുന്ന ചിന്തകൾ
അടിയന്റെയുള്ളിൽനിന്നകലേക്ക് മാറ്റുവാൻ
അനുദിനം സൗമ്യതാസാധന പേറുന്ന
സഹജീവിയാകുവാനേകണേ നിൻമനം

കീർത്തിയിലാർത്തി പരക്കാതിരിക്കുവാൻ
ദൂർത്തിനാലാർത്തനായ് തീരാതിരിക്കുവാൻ
കർത്തനിൻ മൂർത്തസ്വരൂപമായ് മാറുവാൻ
പാർത്തലേ വാസമതേകണേ നായകാ…

അപരന്റെ സ്നേഹത്തിൽ കണ്ണീർക്കലക്കുന്ന
ദുർഗുണനാകാതിരിക്കുവാനായ്
സത്ഗുണസമ്പൂർണ സത്ഗുരുവേ വന്നു-
വാസമണയുകയീകായത്തിൽ…

ഞാൻ മറന്നില്ലെന്റെയന്നമെടുക്കുവാൻ
പകലിലും രാവിലും ഭംഗമെന്യേ
ഞാൻ മറന്നാരുംകൊടുക്കാതെയന്ന-
ത്തിനാശ്രയമില്ലാത്തയെൻ സോദരേ…

മാപ്പു നൽകേണമേ…മാപ്പ് നൽകേണമേ
മാനസം നീറുന്ന പ്രാർത്ഥന കേൾക്കണേ

സഹനത്തിൻ സഹകാരിയാകുവാനേകുക
സതതം സഹചാരിയായിനിൻ വാക്കുകൾ

സർവ്വനാം സ്വർലോകതാതനേ നിൻമുൻപിൽ
സർവ്വം സമർപ്പിച്ചു കേണിടുന്നേ
അപരന്നുമാനന്ദദായക പാഠങ്ങളേ-
കിയെൻ ജീവനെ വീണ്ടും പണിയുക..

മാപ്പ് നൽകേണമേ… മാപ്പ് നൽകേണമേ
മാനസം നീറുന്ന പ്രാർത്ഥന കേൾക്കണേ…

ജയ്സൺ പൈങ്ങനാൽ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.