എഡിറ്റോറിയൽ | പെന്തക്കോസ്തിൽ അവഗണിക്കപ്പെട്ടു പോയ ‘സ്ത്രീജനങ്ങൾ’ | ആഷേർ മാത്യു

പെന്തക്കോസ്തിൽ അവഗണിക്കപ്പെട്ട പോയ ‘സ്ത്രീജനങ്ങൾ’

post watermark60x60

സ്ത്രീപക്ഷ ചിന്തകളുടെയും, ‘ഫെമിനിസ്റ്റു’കളുടെയും കാലമാണിത്. ഇതിൻ്റെ പ്രതിഫലനം പെന്തക്കോസ്ത് സമൂഹത്തിലും പ്രതിഫലിക്കുന്നുണ്ട്. പക്ഷെ, പെന്തക്കോസ്ത് സഭകളുടെ ആരംഭത്തിൽ തന്നെ നമ്മുടെ സ്ത്രീസമൂഹം വ്യക്തമായ സംഭാവനകൾ നല്കിയിരുന്നു. എന്നാൽ പിന്നീട് അവ വിസ്മരിക്കപ്പെട്ടു എന്നതാണ് സത്യം.

കേരളത്തിലെ ഒട്ടുമിക്ക പെന്തക്കോസ്ത് സഭകളുടെ ചരിത്രം പരിശോധിച്ചാലും അവയുടെ തുടക്കം ഏതെങ്കിലും ഒരു സാധുവായ വ്യക്തിയുടെ ഭവനാങ്കണത്തിലോ ചെറിയ മുറികളിലോ ആവും എത്തിച്ചേരുക. പ്രായമായ നമ്മുടെ ദൈവദാസന്മാരോടും ദൈവമക്കളോടും ചോദിച്ചാൽ തൊണ്ണൂറ് ശതമാനം പേരും അത് സമ്മതിക്കും.
പിന്നീട് കാലങ്ങൾ മാറി, അവസ്ഥകൾ മാറി. വർഷങ്ങൾ പിന്നിട്ടു . സഭകൾക്ക് ഭൗതികമായ വളർച്ചയുണ്ടായി. വലിയ ആരാധനാലയങ്ങൾ പണിയപ്പെട്ടു. സഭകളിൽ ആള് കൂടി. പ്രസ്ഥാനങ്ങൾക്ക് അടുക്കും ചിട്ടയുമുണ്ടായി. സമൂഹത്തിൽ വിലയും അംഗീകാരവും ഉണ്ടായി. ദൈവം തന്നെ ജനത്തെ മാനിക്കുക തന്നെ ചെയ്തു.

Download Our Android App | iOS App

എന്നാൽ പെന്തക്കോസ്ത്തിലെ സഭകളുടെ ചരിത്രം പരിശോധിച്ചാൽ അവയുടെയൊക്കെ ആരംഭത്തിൽ വിലകൊടുത്ത ചില ‘അമ്മച്ചിമാരെയും അമ്മാമ്മമാരെയും’ നമുക്ക് കാണുവാൻ കഴിയും. ചരിത്രം പരിശോധിക്കുമ്പോൾ അതിൻറെ ആരംഭഘട്ടത്തിൽ അംഗങ്ങൾ ഭൂരിഭാഗവും സഹോദരന്മാരായിരുന്നില്ല, സഹോദരിമാരായിരുന്നു.

അവർ മുൻകൈയെടുത്ത് ഭവനങ്ങളിൽ പ്രാർത്ഥനായോഗം നടത്തി. മിഷനറിമാരായ ദൈവദാസന്മാർക്ക് അവർ ആഹാരം ഒരുക്കി. പശുവിനെ വളർത്തിയും മറ്റു ജോലികൾ ചെയ്തും അവർ ദൈവവേലയ്ക്കായി ചിലവിട്ടു. അവരുടെ പിടിയരി എത്രയോ ദൈവദാസന്മാരുടെ വിശപ്പകറ്റി.
എത്രയോ സഹോദരിമാർ ഭർത്താക്കന്മാരുടെ ഉപദ്രവം ഏറ്റു. മക്കളുടെ അനിഷ്ടം സമ്പാദിച്ചു. ആഭരണം ഉപേക്ഷിച്ചതിൻ്റെയും സ്നാനപ്പെട്ടതിൻ്റെയും പേരിൽ വീടുകളിൽ നിന്നും പുറത്താക്കപ്പെട്ടു.
എന്തായാലും സഭകൾ വളരുക തന്നെ ചെയ്തു.

എന്നാൽ പിന്നീട് ഇങ്ങോട്ട് പരിശോധിക്കുമ്പോൾ സഹോദരന്മാരുടെ ഒരു മേധാവിത്വം സഭകളിൽ കാണാൻ തുടങ്ങി എന്ന് പറഞ്ഞാൽ തെറ്റില്ല. മുൻകൈയെടുക്കുകയും അധ്വാനിക്കുകയും ചെയ്തവർ പിൻനിരയിലേക്ക് തള്ളപ്പെട്ടു.
ഭരണ രംഗങ്ങളിലും, നേതൃത്വത്തിലും സഹോദരന്മാർ പിടിമുറുക്കി.
അതും പ്രധാന അഭിപ്രായങ്ങൾ പറയുന്നതിൽ പോലും സഹോദരിമാരുടെ പ്രാധാന്യം കുറഞ്ഞു വന്നു.
വേദപുസ്തകവാക്യങ്ങളുടെ അടിസ്ഥാനത്തിൽ അത് ഉപദേശമാകുക കൂടി ചെയ്തതോടെ സഹോദരിമാരുടെ പ്രസക്തി കുറഞ്ഞു വന്നു. കമ്മറ്റികളിൽ പോലും സഹോദരിമാർ ഉള്ള സഭകൾ വിരളമായി വരുകയാണ്.

പണ്ട് വിലകൊടുത്ത പല അമ്മച്ചിമാരും ഇന്നു പല സഭകളിലും ഉണ്ട്.പുതിയ തലമുറക്ക് അവരെപ്പറ്റി വേണ്ട അറിവില്ല, അല്ലെങ്കിൽ അർഹമായ പരിഗണണ കൊടുക്കുന്നില്ല.
മിക്ക അമ്മച്ചിമാരുടെയും വിലകൊടുത്തതിൻ്റെ മഹത്വം അറിയണമെങ്കിൽ അവരുടെ ശവസംസ്കാര ശുശ്രൂഷയിൽ സംബന്ധിക്കണം എന്ന അവസ്ഥയാണ് ഇപ്പോൾ. അവരുടെ അധ്വാനത്തിലൂടെ, അവരുടെ പ്രാർത്ഥനയിലൂടെ വളർന്നു വന്ന സഭകൾ അവരെ മറക്കരുത്. ജീവിച്ചിരിക്കുമ്പോൾ തന്നെ അവരെ മാനിക്കുവാൻ നമുക്ക് കഴിയട്ടെ.

ഈ കുറിപ്പ് വായിക്കുമ്പോൾ, മനസ്സിൽ ഏതെങ്കിലും അമ്മച്ചിമാരുടെയോ, അമ്മാമമാരുടെയോ മുഖം ഓർമ്മ വരുന്നെങ്കിൽ, അതെ, അവരെത്തന്നെയാണ് ഉദ്ദേശിച്ചത്. അവരെ നാം മാനിക്കുക തന്നെ വേണം.

ആഷേർ മാത്യു

-ADVERTISEMENT-

-ADVERTISEMENT-

You might also like