ശുഭദിന സന്ദേശം: അന്യഭാഷയും അന്യായഭാഷയും (5) | ഡോ.സാബു പോൾ

അന്യഭാഷയിൽ സംസാരിക്കുന്നവൻ തനിക്കുതാൻ ആത്മികവർദ്ധന വരുത്തുന്നു; പ്രവചിക്കുന്നവൻ സഭെക്കു ആത്മികവർദ്ധന വരുത്തുന്നു”(1കൊരി.14:4).

അന്യഭാഷ സംബന്ധമായ ചിന്തയുടെ അവസാന ഭാഗത്ത് വ്യാഖ്യാനം, പ്രവചനം എന്നിവയെക്കുറിച്ച് പഠിക്കാം. 1 കൊരി. 14-ൽ സഭയോട് ഒരുവൻ അന്യഭാഷയിൽ സംസാരിക്കുന്നെങ്കിൽ വ്യാഖ്യാനി വേണം എന്ന് പൗലോസ് ഖണ്ഡിതമായി പറഞ്ഞിരിക്കുന്നു. പക്ഷേ, അന്യഭാഷ ആരെങ്കിലും വ്യാഖ്യാനിച്ച സംഭവം പുതിയ നിയമത്തിൽ എവിടെയെങ്കിലുമുണ്ടോ….?
ഇല്ല….!
പോകട്ടെ, ആരുടെയെങ്കിലും അനുഭവത്തിലുണ്ടോ…? പലർക്കുമില്ല. പിന്നെങ്ങനെ ഇതിനെക്കുറിച്ച് വ്യക്തത വരുത്താനാവും…?

അന്യഭാഷ വ്യാഖ്യാനിച്ചതായി ബൈബിളിലുണ്ട്….!
തർജ്ജിമയും വ്യാഖ്യാനവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയണം. തർജ്ജിമ എന്നാൽ ഓരോ വാക്കിൻ്റെയും അർത്ഥം, പറയേണ്ട ഭാഷയിലേക്ക് നേരിട്ട് മൊഴിമാറ്റം ചെയ്യുന്നതാണ്. അതിനപ്പുറമായ വിശദീകരണങ്ങളില്ല. എന്നാൽ വ്യാഖ്യാനത്തിൽ ഒരു വാക്കിൽ നിന്ന് വളരെ അർത്ഥങ്ങളും വിശദീകരണവും ഉണ്ടാകാം.

ബെൽശസ്സർ രാജാവിൻ്റെ രാജധാനിയുടെ ചുവരിൽ ആണ് ‘അന്യഭാഷ’യിലുള്ള ഈ എഴുത്ത് പ്രത്യക്ഷമായത്(ദാനി.5:5). ബാബേലിലെ വിദ്വാൻമാർക്കും ആഭിചാരകർക്കും ഇത് വായിക്കാൻ കഴിഞ്ഞില്ല. ദൈവം എഴുതിയത് ദൈവാത്മാവുള്ളവനേ വായിക്കാനും വ്യാഖ്യാനിക്കാനും കഴിയൂ. ”മെനേ, മെനേ, തെക്കേൽ, ഊഫർസീൻ” എന്ന ഈ എഴുത്തിൻ്റെ വ്യാഖ്യാനം ദാനിയേൽ നൽകുന്നത് ശ്രദ്ധിക്കുക. ഒന്നുകൂടി പറയുന്നു ഇത് തർജ്ജിമയല്ല, വ്യാഖ്യാനമാണ്.

വചന വ്യാഖ്യാതാക്കൾ ഈ ഭാഷയെച്ചൊല്ലി ഇരുട്ടിൽ തപ്പുകയാണ്. ചിലർ പറയുന്നു, ദാനിയേലിന് മാത്രമറിയാവുന്ന പുരാതന എബ്രായ ഭാഷയായിരുന്നു ഇതെന്ന്. എബ്രായ ഭാഷാ പണ്ഡിതർ പറയുന്നു ഇത് എബ്രായ ഭാഷയല്ല, ഫൊയ്നീക്യയോ, കല്ദായയോ ആകാം. എന്നാൽ ദാനിയേലിൻ്റെ ശുശ്രൂഷയെക്കുറിച്ചും കൃപാവരത്തെക്കുറിച്ചും അറിയാവുന്നവർ പറയും ഇത് ദൈവത്തിന് മാത്രം അറിയാവുന്നതും ദാനിയേലിന് മാത്രം വെളിപ്പെടുത്തിക്കൊടുത്തതുമായ ഭാഷയാണ് എന്ന്.

വചനത്തിലെ തെളിവ് പരിശോധിച്ചു കഴിഞ്ഞല്ലൊ. ഇനി അനുഭവത്തിലേക്ക് വരാം. ബാപ്റ്റിസ്റ്റ് പശ്ചാത്തലത്തിൽ വിശ്വാസത്തിലേക്ക് വന്ന എനിക്ക് അന്യഭാഷയ്ക്കും മറ്റു കൃപാവരങ്ങൾക്കുമെതിരെ നല്ല ഉപദേശം ലഭിച്ചിരുന്നു. അങ്ങനെയിരിക്കെ ജോലി തേടി ഞാൻ 1989 -ൽ ബാംഗ്ലൂരിലെത്തി. എൻ്റെ ആൻ്റിയോടും കുടുംബത്തോടുമൊപ്പം അവർ അംഗങ്ങളായ ലിംഗരാജപുരം ഓയിൽ മിൽ റോഡിലുള്ള ഹെബ്രോൻ AG ചർച്ചിൽ സഭായോഗത്തിനായി ചെന്നു. അവിടെ കണ്ട പല ശുശ്രൂഷകളെയും വിമർശനാത്മകമായിട്ടാണ് ഞാൻ വീക്ഷിച്ചത്.

അവസാനം കൃപാവരങ്ങൾ സത്യമെന്ന് തിരിച്ചറിഞ്ഞ ഞാൻ പരിശുദ്ധാത്മ സ്നാനത്തിനായി വാഞ്ഛിച്ചു. ഒത്തിരി കളിയാക്കിയതുകൊണ്ടാകാം, വളരെ കരഞ്ഞ് പ്രാർത്ഥിച്ചാണ് ഞാനതു പ്രാപിച്ചത്. എല്ലാവരും കൂടിയിരുന്ന് ആരാധിക്കുമ്പോഴോ, കയ്യടിക്കുമ്പോഴോ അല്ല, പ്രാപിക്കാൻ ആഗ്രഹിച്ചവരെ പ്രത്യേകമായി ഇരുത്തി കൃപാവരപ്രാപ്തനായ ഒരു ദൈവദാസൻ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകുമ്പോഴാണ് എനിക്ക് പരിശുദ്ധാത്മ സ്നാനം ലഭിക്കുന്നത്.

ഹെബ്രോൻ AG ചർച്ചിൽ അന്ന് സെക്രട്ടറിയായിരുന്ന T.V. ജോർജ്ജ് അച്ചായൻ പാട്ടുപാടി ആരാധിച്ച് എല്ലാവരും നിർത്തിയതിനു ശേഷം ചിലപ്പോഴൊക്കെ അൽപ്പസമയം കൂടി അന്യഭാഷ പറഞ്ഞു കൊണ്ടിരിക്കും. അതിൻ്റെ ശൈലി അൽപ്പം വ്യത്യസ്തമാണ്. ദൈവത്തെ സ്തുതിക്കുന്ന രീതിയല്ല, ഒരു ദൂത് പറയുന്ന ശൈലി… ഒരിക്കൽ കേരളത്തിൽ നിന്നെത്തിയ ഒരു കൃപാവരപ്രാപ്തനായ ദൈവദാസൻ പറഞ്ഞു: ”ഈ അച്ചായൻ സഭയോടുള്ള ദൂതാണ് സംസാരിക്കുന്നത്. ആത്മാവിൽ ഞാനതു തിരിച്ചറിയുന്നു. പക്ഷേ, വ്യാഖ്യാനിക്കാൻ എനിക്കറിയില്ല.”

ചില മാസങ്ങൾ കഴിഞ്ഞ് മറ്റൊരു ദൈവദാസൻ മീറ്റിംഗിനായി വന്നപ്പോൾ ജോർജ്ജച്ചായൻ പറഞ്ഞ അന്യഭാഷയെ അദ്ദേഹം വ്യാഖ്യാനിക്കാൻ തുടങ്ങി. അത് അല്പസമയം തുടർന്നു. ഇതാണ് ഞാൻ ഇതേവരെ കേട്ടിട്ടുള്ള അന്യഭാഷാ വ്യാഖ്യാനം. ഒരുപക്ഷേ, വിമർശനാത്മകമായി പലതിനെയും കാണുന്ന എനിക്ക് ഇങ്ങനെയുള്ള അനുഭവങ്ങൾ ദൈവം നൽകിയത് എന്നെ ഉറപ്പിക്കാനാവും.

അന്യഭാഷ ആരാണ് വ്യാഖ്യാനിക്കേണ്ടത്….? കഴിഞ്ഞ ദിവസം ലൈവിൽ സംസാരിച്ച ദൈവദാസൻ 1കൊരി.14:27 മാത്രമേ നന്നായി കണ്ടുള്ളൂ. ”രണ്ടു പേരോ ഏറിയാൽ മൂന്നു പേരോ ആകട്ടെ… *ഒരുവൻ* വ്യാഖ്യാനിക്കുകയും ചെയ്യട്ടെ.” അപ്പോൾ, മൂന്നു പേർക്കും വേണ്ടി ഒരാൾ തന്നെ വ്യാഖ്യാനിക്കണം എന്ന നിയമവും പ്രഭാഷകൻ കൊണ്ടുവന്നു. എന്നാൽ 5,13 വാക്യങ്ങൾക്ക് നേരെ അദ്ദേഹം കണ്ണടച്ചു. ഈ രണ്ടു വാക്യങ്ങളിലും അന്യ ഭാഷയിൽ സംസാരിക്കുന്നവൻ തന്നെ വ്യാഖ്യാനിക്കുകയും ചെയ്യുന്നതിനെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. അതിനു കഴിയുന്നില്ലെങ്കിൽ അടുത്ത ഓപ്ഷനാണ് 27-ാം വാക്യം നൽകുന്നത്.

ഒരു കാര്യം കൂടി പറഞ്ഞ് ഈ ചിന്തയ്ക്ക് സമാപ്തി കുറിക്കട്ടെ. 1 കൊരി. 12-ൽ വ്യത്യസ്ത കൃപാവരങ്ങൾ ചെയ്യുന്നവരിൽ ചിലർ ശ്രേഷ്ഠരും ചിലർ താണവരുമല്ല, ശരീരത്തിൻ്റെ വ്യത്യസ്ത അവയവങ്ങൾ ശരീരത്തിൻ്റെ പൊതുനന്മയ്ക്കായി പ്രയോജനപ്പെടുന്നതു പോലെ വ്യത്യസ്ത കൃപാവരങ്ങൾ സഭയുടെ പൊതു പ്രയോജനത്തിനായി തീരണമെന്നാണ് പൗലോസ് ഊന്നി പറയുന്നത്.

13-ാം അദ്ധ്യായത്തിൽ എല്ലാ കൃപാവരങ്ങളെക്കാൾ ശ്രേഷ്ഠമായ സ്നേഹത്തെക്കുറിച്ച് വിവരിക്കുന്നു. 14-ാം അദ്ധ്യായത്തിൽ അന്യഭാഷയ്ക്ക് അമിത പ്രാധാന്യം കൊടുത്ത് വചന പഠനത്തിനും മറ്റും സമയം ഇല്ലാതാക്കിയ സഭയോട് പൊതു പ്രയോജനത്തിനായി (വ്യാഖ്യാനിക്കപ്പെടാത്ത) അന്യഭാഷയെക്കാൾ ശ്രേഷ്ഠമായ പ്രവചനം വാഞ്ഛിക്കാൻ പറയുന്നു. അതുപോലും മൂന്നിൽ കൂടരുതെന്ന് നിഷ്കർഷിക്കുന്നു. അങ്ങനെ സകലവും ഉചിതമായും ക്രമമായും നടക്കാൻ ബുദ്ധിയുപദേശിക്കുന്നു. അതേസമയം സ്വയം ആത്മീക വർദ്ധന വരുത്തുന്ന, ‘ദൈവത്തോടും തന്നോടും സംസാരിക്കുന്ന’ അന്യ ഭാഷയ്ക്ക് അവസരവും നൽകുന്നു.

ഇന്ന് പെന്തെക്കൊസ്ത് സഭകളിൽ മേൽപ്പറഞ്ഞ രീതിയിൽ സകലവും ഉചിതമായും ക്രമമായും നടക്കുമ്പോൾ അതിനെ വിമർശിച്ച്, കാലഹരണപ്പെട്ട ബ്രദറൺ, ബാപ്റ്റിസ്റ്റ് ഉപദേശങ്ങൾക്ക് കുട പിടിക്കുന്നവരെ ദൈവജനം തിരിച്ചറിയുക.

(എഴുതുന്നതിന് പരിമിതികൾ ഉള്ളതിനാൽ ഈ വിഷയത്തെക്കുറിച്ച് ഒരു ലൈവ് ചെയ്യാൻ ക്രമീകരണങ്ങൾ നടത്തുന്നു. എല്ലാവരും പ്രാർത്ഥിക്കുമല്ലൊ.)

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ.സാബു പോൾ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.