ശുഭദിന സന്ദേശം : അന്യഭാഷയും അന്യായ ഭാഷയും(3) | ഡോ.സാബു പോൾ

അവ്വണ്ണം നിങ്ങളും ആത്മവരങ്ങളെക്കുറിച്ചു വാഞ്ഛയുള്ളവരാകയാൽ സഭയുടെ ആത്മിക വർദ്ധനെക്കായി സഫലന്മാർ ആകുവാൻ ശ്രമിപ്പിൻ”(1കൊരി.14:12).

പരിശുദ്ധാത്മാവും അശുദ്ധാത്മാവും മനുഷ്യനിൽ പ്രവർത്തിക്കുന്നതിൽ പ്രകടമായ ചില വ്യത്യാസങ്ങളുണ്ട്. പരിശുദ്ധാത്മാവ് ഒരുവനിൽ വരുന്നത് തിരിച്ചറിയക്കത്തക്ക നിലയിലാണ്. എന്നാൽ പോകുന്നത് അറിയില്ല. അശുദ്ധാത്മാവ് വന്നു കയറുന്നത് അറിയില്ല. പക്ഷേ, പോകുന്നത് വ്യക്തമായി അറിയിച്ചുകൊണ്ടായിരിക്കും. പരിശുദ്ധാത്മാവ് സുബോധത്തിൻ്റെ ആത്മാവാണ്. എന്നാൽ അശുദ്ധാത്മാവ് വെളിപ്പെടുമ്പോൾ ആ വ്യക്തി അബോധാവസ്ഥയിലായിരിക്കും.

“നിങ്ങൾ വിശ്വസിച്ചിട്ട് പരിശുദ്ധാത്മാവിനെ പ്രാപിച്ചുവോ?” (അ.പ്രവൃ.19:2) എന്ന് പൗലോസ് എ ഫെസോസിലെ ശിഷ്യൻമാരോട് ചോദിക്കുന്നുണ്ട്. അപ്പോൾ ‘ഉണ്ട്’ അല്ലെങ്കിൽ ‘ഇല്ല’ എന്നുത്തരം പറയാവുന്ന അനുഭവമാണ് പരിശുദ്ധാത്മാവിനെ പ്രാപിക്കൽ എന്ന് മനസ്സിലാക്കാം. ‘ഉണ്ടെന്ന് തോന്നുന്നു’ എന്നു മറുപടി പറയേണ്ട ചോദ്യമല്ല. ഒന്നുകൂടി വ്യക്തമായിപ്പറഞ്ഞാൽ പരിശുദ്ധാത്മാവ് പ്രാപിക്കുമ്പോൾ അത് വ്യക്തമായി തിരിച്ചറിയാൻ കഴിയുന്ന അനുഭവമാണ്.

ചിലർ പഠിപ്പിക്കുന്നത്, ‘പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ബോധം വരുത്തുന്നത്’ പരിശുദ്ധാത്മാവായതിനാലും(യോഹ.16:8) ‘വചനത്താലും പരിശുദ്ധാത്മാവിനാലുമാണ് വീണ്ടും ജനനം നടക്കുന്നത്'(യോഹ.3:5) എന്നതിനാലും രക്ഷിക്കപ്പെട്ട ഒരു ദൈവ പൈതലിൽ പരിശുദ്ധാത്മാവുണ്ട്. അതുകൊണ്ട് വിശ്വാസിയിൽ പരിശുദ്ധാത്മാവ് വരേണ്ടതിനായി പ്രത്യേകം പ്രാർത്ഥിക്കേണ്ട ആവശ്യമില്ല എന്നാണ്.

എന്നാൽ ഫിലിപ്പോസിൻ്റെ ശുശ്രൂഷയിൽ ശമര്യർ വിശ്വസിച്ച് സ്നാനമേറ്റതറിഞ്ഞ അപ്പൊസ്തലന്മാർ അവിടേയ്ക്ക് പത്രോസിനെയും യോഹന്നാനെയും അയയ്ക്കുമ്പോൾ അവർ സ്നാനമേറ്റവർക്ക് പരിശുദ്ധാത്മാവ് ലഭിക്കേണ്ടതിനായി പ്രാർത്ഥിച്ചു(പ്രവൃ.8:15) എന്ന് കാണാം. അങ്ങനെയെങ്കിൽ പരിശുദ്ധാത്മാവിൻ്റെ പ്രവൃത്തിയാൽ രക്ഷിക്കപ്പെടുന്നതും അങ്ങനെ രക്ഷിക്കപ്പെട്ടവരുടെ മേൽ പരിശുദ്ധാത്മ നിറവ് സംഭവിക്കുന്നതും വ്യത്യസ്തമായ കാര്യങ്ങളാണെന്ന് മനസ്സിലാക്കാം.

പരിശുദ്ധാത്മാവ് ലഭിച്ചത് ശീമോൻ ‘കണ്ടാറെ'(8:18) എന്ന പദത്തിൽ നിന്നും കാണാൻ പറ്റുന്ന എന്തോ സംഭവിച്ചു എന്ന് വ്യക്തം. കേവലം സന്തോഷമാണെങ്കിൽ അത് സംഭവിച്ചു കഴിഞ്ഞു(8:8). അപ്പോൾ എന്താണ് കണ്ടത്? പരിശുദ്ധാത്മാവ് വന്നപ്പോൾ മറ്റു സ്ഥലങ്ങളിൽ എന്തു നടന്നോ അതു തന്നെയായിരിക്കണം അവിടെയും സംഭവിച്ചത്. അത് അന്യഭാഷാഭാഷണമായിരുന്നു…

ഒരേ കാര്യങ്ങൾ ആവർത്തിച്ചു രേഖപ്പെടുത്തുമ്പോൾ സൂക്ഷ്മ വിശദീകരണങ്ങളും ആവർത്തിക്കേണ്ട കാര്യമില്ല. എന്നാൽ ലഭ്യമായതിൽ നിന്നും കാര്യങ്ങൾ തിരിച്ചറിയുകയും ചെയ്യാം. കലത്തിലെ ചോറ് വെന്തിട്ടുണ്ടോ എന്നറിയാൻ എല്ലാ വറ്റും പരിശോധിക്കാതെ ഒന്നോ, രണ്ടോ വറ്റെടുത്ത് എല്ലാത്തിൻ്റേയും വേവു നിശ്ചയിക്കുന്ന സമ്പ്രദായത്തെ ‘സ്ഥാലീ പുലാക ന്യായം'(സ്ഥാലി=കലം, പുലാകം= ചോറ്)എന്നാണ് വിളിക്കുന്നത്. ഈ ന്യായപ്രകാരം പഴയ നിയമത്തിൽ പരിശുദ്ധാത്മാവ് ഒരാളുടെമേൽ വരുമ്പോൾ അടയാളമായി പ്രവചിക്കുകയാണ് ചെയ്തിട്ടുള്ളത്. മോശയിൽ നിന്നും ആത്മാവ് 70 പേരുടെ മേൽ അയച്ചപ്പോഴും(സംഖ്യ.11:25), ശൗലിൻ്റെ മേൽ ആത്മാവ് വന്നപ്പോഴും (1ശമൂ.10:6) ഇതേ അനുഭവമാണുണ്ടായത്. പുതിയ നിയമത്തിൽ വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്ന മൂന്നു സംഭവങ്ങളിലും അന്യഭാഷാ ഭാഷണമാണുണ്ടായത്
(പ്രവൃ.2:4,10:45,19:6).

അടുത്ത പ്രശ്നം അ. പ്രവൃ. 2:8-11 വരെയുള്ള ഭാഗങ്ങളാണ്. ഇവിടെ കൂടി വന്നവർക്ക് ഭാഷ മനസ്സിലായി. 1കൊരി. 14- ൽ അന്യഭാഷ മനുഷ്യർക്ക് മനസ്സിലാകാത്ത ഭാഷയാണെന്ന് പൗലോസ് രേഖപ്പെടുത്തുന്നു.

മുമ്പ് എഴുതിയതു പോലെ മാനുഷീക ഭാഷകൾക്ക് ഗ്രീക്കിൽ ഡയലെക്ടോസ്(Dialectos) എന്ന് ഉപയോഗിച്ചിരിക്കുമ്പോൾ അന്യഭാഷയ്ക്ക് ഗ്രീക്കിൽ ‘ഗ്ലോസ്സ'(GIossa) എന്ന പദം മാത്രമാണ് പൗലോസും ലൂക്കോസും ഉപയോഗിച്ചിട്ടുള്ളത്. എന്താണ് ഗ്ലോസ്സ..? അക്ഷരീകമായി ‘നാവ്'(Tongue) എന്നാണ് ഈ വാക്കിൻ്റെയർത്ഥം. അതായത് ‘നാവിൽ നിന്ന് പുറപ്പെടുന്ന സാധാരണ ശബ്ദങ്ങളായ ഉച്ചാരണങ്ങൾ’ എന്ന് മനസ്സിലാക്കാം. ‘അന്യഭാഷ’യിലെ ‘അന്യ'(Unknown) യഥാർത്ഥത്തിൽ ഗ്രീക്കു ഭാഷയിലില്ല. അതു പരിഭാഷ ചെയ്തവർ വായനക്കാർക്ക് മനസ്സിലാക്കാൻ എളുപ്പത്തിന് എഴുതിച്ചേർത്തതാണ്.

അ.പ്രവൃ. രണ്ടാമദ്ധ്യായത്തിൽ സംഭവവിവരണമാണ്. പരിശുദ്ധാത്മാവിനെ വാഗ്ദത്ത പ്രകാരം കാത്തിരുന്ന 120 പേർക്ക് ഉണ്ടായ അനുഭവങ്ങളും അത് കേട്ട് കൂടി വന്നവർക്ക് മനസ്സിലായതും അവരുടെ പ്രതികരണങ്ങളുമാണ് അവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. അതിൽ ‘അന്യഭാഷ’ സംബന്ധമായി പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ‘പരിശുദ്ധാത്മാവു നിറഞ്ഞവരായി ആത്മാവ് അവർക്ക് ഉച്ചരിപ്പാൻ നൽകിയതുപോലെ ഭാഷകളിൽ സംസാരിച്ചു തുടങ്ങി(വാ.4)യപ്പോൾ കേട്ടുനിന്നവരിൽ ഒരു വിഭാഗത്തിന് അവർ ജനിച്ച സ്ഥലത്തെ ഭാഷയായി മനസ്സിലായി. മറ്റൊരു കൂട്ടർക്ക് ഇത് മനസ്സിലാകാത്തതിനാൽ ഇവർ ‘പുതു വീഞ്ഞു കുടിച്ചിരിക്കുന്നു’ എന്ന് പരിഹസിച്ചു. ഇവർ ഓരോരുത്തരായി എഴുന്നേറ്റ് നിന്ന് ഓരോ ഭാഷയിൽ സംസാരിക്കുകയായിരുന്നില്ല. പരിശുദ്ധാത്മാവ് അവരുടെ മേൽ വന്നപ്പോഴുണ്ടായ ഹർഷോന്മാദത്താൽ(ecstacy) ശബ്ദമുയർത്തി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതുകൊണ്ടാണ് ലഹരിപിടിച്ചുണ്ടാക്കുന്ന ശബ്ദങ്ങളായി ചിലർക്ക് തോന്നിയത്. എന്നാൽ അവസാനം പത്രോസ് കൂടി വന്ന എല്ലാവർക്കും മനസ്സിലാകുന്ന ഭാഷയിൽ എന്താണവിടെ സംഭവിച്ചതെന്ന് വ്യക്തമാക്കുന്നു.

ഇവിടെ അന്യഭാഷകളിൽ സംസാരിച്ചവർ പരിശുദ്ധാത്മാവ് അവർക്ക് ഉച്ചരിപ്പാൻ നൽകിയത് ആനന്ദാതിരേകത്താൽ സംസാരിച്ചപ്പോൾ എന്താണ് സംസാരിച്ചതെന്ന് അവർക്ക് അറിയുമായിരുന്നില്ല. കേട്ടു നിന്നവർക്ക്, എല്ലാവരും ഒരുമിച്ച് കൂടിയിരുന്ന് സംസാരിച്ചതിൽ ചിലത് അവരവരുടെ ഭാഷയിൽ ദൈവീക വൻകാര്യങ്ങളായി തോന്നിയത് പരിശുദ്ധാത്മാവ് ഇതിനെ ഒരത്ഭുതകാര്യമായി വെളിപ്പെടുത്താൻ ആഗ്രഹിച്ചതുകൊണ്ടാണ്.

എന്നാൽ ഈ ‘അന്യഭാഷ’യുടെ പ്രത്യേകതകളെക്കുറിച്ച് പൗലോസ് വിശദീകരിക്കുന്നത് 1 കൊരിന്ത്യർ 14-ൽ ആണ്. അത് തുടർന്ന് ചിന്തിക്കാം.
(തുടരും)

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ.സാബു പോൾ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.