ലേഖനം: രോഗം മാറിയ രോഗികൾ | സുരേഷ് ജോൺ, ചണ്ണപ്പേട്ട

ക്രിസ്തുവിന്റെ മുൻപിലേക്കെത്തിയ 10 കുഷ്‌ഠരോഗികളെപ്പറ്റി കേട്ടിട്ടില്ലേ.(ലൂക്കോ 17:11-19).പിന്നീടവർ സൗഖ്യമുള്ളവരായി മാറുന്നു.പക്ഷെ ഇപ്പോഴും നമുക്കവർ തിരിച്ചറിയാതെ പോകപ്പെടുന്ന,മേൽവിലാസമില്ലാത്ത കുഷ്‌ഠരോഗികൾ തന്നെയാണ്.വേറൊരു വിധത്തിൽ പറഞ്ഞാൽ “രോഗം മാറിയ രോഗികൾ”.അവരിലൊരാൾ ക്രിസ്തുവിനെ അന്വേഷിച്ചു തിരികെ വരുന്നുണ്ട്.നന്ദി പറയുന്നുണ്ട്.
നാം നന്ദിയുള്ളവരാകണം എന്നതിലപ്പുറമായി വേറെയെന്തൊക്കെ ഈ സംഭവം നമ്മെ പഠിപ്പിക്കുന്നുണ്ട്?
സൗഖ്യം ലഭിക്കുന്നതെങ്ങനെ എന്നു നാം ചിന്തിച്ചുവച്ചിരിക്കുന്ന ചില സാമ്പ്രദായിക രീതികളുണ്ട്.അതിനു വിരുദ്ധമായി അവന്റെ വാക്ക് അനുസരിക്കുക എന്ന ഒറ്റക്കാരണം കൊണ്ട് ഇവിടെ അത്ഭുതം നടക്കുകയാണ്..
(“നിങ്ങൾ പോയി പുരോഹിതന്മാർക്കു നിങ്ങളെ തന്നേ കാണിപ്പിൻ..”)
അനുസരണത്തെ യുക്തി കീഴ്പ്പെടുത്തിയതുകൊണ്ടുമാത്രം നഷ്ട്ടമായ എത്രയോ നന്മകൾ നമ്മുടെ ജീവിതയാത്രയിൽ സംഭവിച്ചുകാണണം.

പോയവർ പോകട്ടെ എന്ന് ചിന്തിക്കുന്ന ലോകത്തിനുമുൻപിൽ, തിരിച്ചു വന്നില്ലെന്നറിഞ്ഞിട്ടും അവിടുന്നവരെ അന്വേഷിക്കുന്നുണ്ട്.
(”ഒമ്പതുപേർ എവിടെ?”)
അനുസരിക്കാതെ വീട്ടിൽ നിന്നും ഇറങ്ങിപ്പോയിട്ടും,സമ്പത്തിന്റെ പകുതിയോളം നശിപ്പിച്ചുകളഞ്ഞിട്ടും, മുടിയനായ പുത്രനെ നോക്കിയിരിക്കുന്ന സ്നേഹമയനായ പിതാവിന്റെ ചിത്രം ഇവിടെ പ്രസക്തമാണ്.

അർഹിക്കാത്ത നന്മകൾ അനുഭവിക്കുന്ന,ചോദിച്ചതും അല്ലാത്തതും ലഭിച്ചിട്ടും തങ്ങൾ എങ്ങനെയൊക്കെ ആയിത്തീർന്നോ അതൊക്കെ മറന്നുകൊണ്ട് ആയിരിക്കുന്ന അവസ്‌ഥയിൽ മുന്നോട്ടുപോകുന്നവരേപ്പറ്റിയും അവിടുത്തേക്ക് അറിവുണ്ട്.
(“പത്തുപേർ ശുദ്ധരായ്തീർന്നില്ലയോ?”..)

നാം ആരാണെന്നും എന്താണെന്നും അവിടുത്തേക്ക് നല്ലതുപോലെ അറിയാം.
(“ഈ അന്യജാതിക്കാരൻ അല്ലാതെ…”).
ആയിരിക്കുന്ന ചുറ്റുപാടുകളെ പഴിപറഞ്ഞു ജീവിതകാലം മുഴുവൻ തള്ളിനീക്കുന്ന ചിലരെ കണ്ടിട്ടുണ്ട്.ഒരു പ്രശസ്തമായ ഉദ്ദരണിയുണ്ട് ” ഒരുവൻ ദരിദ്രനായി പിറക്കുന്നത് അവന്റെ കുറ്റമല്ല .എന്നാൽ ദരിദ്രനായി മരിക്കുന്നത് അവന്റെ മാത്രം കുറ്റമാണ്”.നിലയുറപ്പിച്ചു നിൽക്കുവാൻ കഴിയാത്ത ചേറ്റുകണ്ടങ്ങളെ പാറയാക്കുവാൻ കഴിയുന്നവനോട് ചോദിക്കുക.

തന്നോടുള്ള നന്ദി ദൈവത്തോടുള്ള നന്ദിയ്ക്കു തുല്യമായി അവിടുന്ന് കണക്കാക്കുന്നുണ്ട്.
(“ദൈവത്തിന്നു മഹത്വം കൊടുപ്പാൻ..”)
സകല സമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്ന അദൃശ്യനായ ദൈവത്തിന്റെ പ്രതിമയെ കേവലം ഒരു ചരിത്രപുരുഷനായി മാത്രം കണക്കാക്കുന്നവരോട് സഹതപിക്കുകയേ നിവൃത്തിയുള്ളൂ..

അനേകരുടെ മുൻപിൽ നന്ദിയുള്ളവന്റെ വിശ്വാസത്തെ വെളിപ്പെടുത്തുവാൻ അവിടുത്തേക്ക് കഴിയും.(.”നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു”)
മാറ്റങ്ങൾ ഉണ്ടായാലും ഇല്ലെങ്കിലും എല്ലാവരും ഒടുവിൽ ചെന്നുനിൽക്കേണ്ടത് അവിടുത്തെ മുൻപിലാണ്.ന്യായമായി വിധിക്കുന്നവന്റെ മുന്നിൽ.പല്ലുകടിയും നിലവിളിയും കെടാത്ത തീയും ഒഴിഞ്ഞു പോകുന്നവർക്ക് മുന്നിൽ അപ്പോഴും ആ ശബ്ദം മുഴങ്ങും..
“നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു.എന്റെ സ്വസ്ഥതയിലേക്ക് പ്രവേശിച്ചുകൊള്ളുക..”

സുരേഷ് ജോൺ, ചണ്ണപ്പേട്ട

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.