ശുഭദിന സന്ദേശം: ശത്രുവാര്? മിത്രമാര്? | ഡോ. സാബു പോൾ

“നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ; നിങ്ങളെ പകെക്കുന്നവർക്കു ഗുണം ചെയ്‍വിൻ”(ലൂക്കൊ.6:27).

നെപ്പോളിയൻ മരിച്ചെന്ന് അറിഞ്ഞയുടനെ ബ്രിട്ടീഷ് രാജാവിനെ അറിയിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. എന്നാൽ അതിനു മുമ്പേ ഒരുദ്യോഗസ്ഥൻ ഓടിച്ചെന്ന്:
”പ്രഭോ, ഇന്ന് അങ്ങയുടെ ഏറ്റവും വലിയ ശത്രു മരിച്ചു.” എന്നു പറഞ്ഞതും രാജാവ്: ”ഈശ്വരാ അവൾ മരിച്ചോ….?” എന്നാണ് ചോദിച്ചത്.
(ഭാര്യയാണെന്നാണ് അദ്ദേഹം വിചാരിച്ചത്.)

യേശുവിൻ്റെ ഉപദേശങ്ങളിൽ വളരെ ലളിതമായ ധാരാളം കാര്യങ്ങൾ ഉള്ളപ്പോൾ തന്നെ
മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ളതും അനുസരിക്കുവാനും പ്രവർത്തിക്കുവാനും ദുഷ്ക്കരമായതെന്ന് തോന്നുന്നതുമായ കാര്യങ്ങളുമുണ്ട്.
അത്തരം ഒരു വേദഭാഗമാണ് ”നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്ക”(ലൂക്കൊ.6:27) എന്നത്.
പലരും ചിന്തിക്കുന്നത് ഇത് അനുസരിക്കാൻ അസാധ്യമാം വിധം ആദർശാധിഷ്ഠിതമായ ആശയമാണെന്നാണ്.

പക്ഷേ……
സത്യം എപ്പോഴും സത്യമായി അവശേഷിക്കുന്നു. നമുക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും….
നാം അംഗീകരിച്ചാലും ഇല്ലെങ്കിലും…

ഇതെങ്ങനെയാണ് പ്രവൃത്തി പഥത്തിൽ കൊണ്ടുവരികയെന്ന് തുടർന്നുള്ള വാക്കുകളിൽ യേശു വിവരിക്കുന്നുണ്ട് (ലൂക്കൊ.6:27-28).

നിങ്ങളെ പകക്കുന്നവർക്ക് ഗുണം ചെയ്യുക.
നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിക്കുക.
നിങ്ങളെ ദുഷിക്കുന്നവർക്കായി പ്രാർത്ഥിക്കുക.

മേൽപ്പറഞ്ഞവയ്ക്കുള്ള ചില പ്രയോഗിക നിർദേശങ്ങളും തുടർന്ന് യേശു നൽകുന്നു:(വാ.29,30)

നിൻ്റെ ഒരു ചെകിട്ടത്തടിച്ചാൽ മറ്റേതും കാണിച്ചു കൊടുക്കുക.
നിന്റെ പുതപ്പ് എടുത്തുകളയുന്നവന് വസ്ത്രവും തടുക്കരുത്.
നിന്നോടു ചോദിക്കുന്ന ഏവനും കൊടുക്ക.
നിനക്കുള്ളത് എടുത്തുകളയുന്നവനോടു മടക്കി ചോദിക്കരുത്.

അതിനു ശേഷമാണ് യേശു തൻ്റെ സമുജ്ജ്വലമായ സുവർണ്ണനിയമം പ്രഖ്യാപിക്കുന്നത്.
”മനുഷ്യർ നിങ്ങൾക്ക് ചെയ്യണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നത് പോലെ തന്നെ അവർക്ക് ചെയ്യുക”(വാ.31).

അടുത്ത പ്രധാനപ്പെട്ട ഒരു ചോദ്യത്തിലേക്ക് ഈ ചിന്ത നമ്മെ നയിക്കുന്നു:
ആരാണ് എൻ്റെ ശത്രു…?

പൊതുവായി പറഞ്ഞാൽ നമ്മോട് വിദ്വേഷം കാണിക്കുന്നവർ…
നമ്മെ ഉപദ്രവിക്കുന്നവർ…
നമ്മുടെ താത്പര്യങ്ങൾക്ക് വിഘ്നം സൃഷ്ടിക്കുന്നവർ…

ആരാണ് ശത്രു എന്ന് ദൈവമക്കളോട് ചോദിച്ചാൽ ഉത്തരം റെഡി: ‘സാത്താൻ!’ കളവിതക്കുന്നവനാണ് ശത്രുവായ പിശാച് (മത്താ.13:25,39).
എന്നാൽ ഈ ശത്രുവിൻ്റെ സകല ബലത്തെയും ചവിട്ടുവാനുള്ള അധികാരം തൻ്റെ മക്കൾക്ക് ദൈവം തന്നിട്ടുണ്ട് (ലൂക്കൊ.10:19). സുവിശേഷത്തെ മറിച്ചു കളയാൻ ശ്രമിച്ച ‘സർവ്വ നീതിയുടെയും ശത്രു’വായ എലീമാസിനെ പൗലോസ് ആത്മനിറവിൽ ശാസിച്ചപ്പോൾ അവനിലൂടെ പ്രവർത്തിച്ച പിശാചിൻ്റെ പദ്ധതികൾ തകർന്നു(പ്രവൃ.13:9). ഒടുക്കത്തെ ശത്രുവായ മരണത്തിൻ്റെ ആത്യന്തിക പരാജയത്തെക്കുറിച്ച് വചനം പരാമർശിക്കുന്നുണ്ട്(1കൊരി.15:26).

അപ്പോൾ സ്നേഹിക്കേണ്ട ശത്രുവാരാണ്….?

ശൗൽ തനിക്ക് എതിരാളിയാകുമെന്ന് ചിന്തിച്ച് ദാവീദിനോട് ശത്രുതയോടെ പ്രവർത്തിച്ചു(1ശമൂ.18:29). അതുകൊണ്ട് ദൈവം ശൗലിൻ്റെ ശത്രുവായി(1ശമൂ.28:16). എന്നാൽ ദാവീദ് ശൗലിനെ ശത്രുവായി കണ്ടില്ല.

സത്യം തുറന്ന് പറയുന്ന ഏലിയാവിനെ ആഹാബ് ശത്രുവായി കണ്ടു (1രാജാ.21: 20). എന്നാൽ ഏലിയാവിനെ സംബന്ധിച്ചിടത്തോളം യിസ്രായേൽ ദൈവത്തിങ്കലേക്ക് മടങ്ങിവരണം എന്നതായിരുന്നു പ്രഥമ ലക്ഷ്യം.

ഹാമാൻ യഹൂദ സമൂഹത്തെ മുഴുവൻ ശത്രുതയോടെ കണ്ട് ഉന്മൂലനാശം വരുത്താൻ പദ്ധതിയൊരുക്കി. പക്ഷേ, മോർദ്ദഖായി ദൈവവചനത്തോട് വിശ്വസ്തതനായിരിക്കാനാണ് ആഗ്രഹിച്ചത്.

വഴിയിൽ ആക്രമിച്ച് പിടിച്ചുപറിക്കാൻ വരുന്ന ശത്രുവിനെക്കുറിച്ച് എസ്രായ്ക്ക് ഭയമുണ്ടായിരുന്നു (എസ്രാ 8:22). എന്നാൽ ഉപവാസമിരുന്നപ്പോൾ ശത്രുഭയം മാറിപ്പോയി.

എന്നാൽ….

ഇന്ന് ശത്രുവാരെന്ന് തിരിച്ചറിയാനാകുന്നില്ല….

പൗലോസ് ഗലാത്യ സഭയോട് സത്യം പറഞ്ഞതിനാൽ അവിടെ ചിലർ അദ്ദേഹത്തിന് ശത്രുക്കളായി(ഗലാ.4:16). ദൈവജനത്തിൻ്റെ നന്മയ്ക്കും മടങ്ങിവരവിനും വേണ്ടി ദൂതു പറഞ്ഞ യിരമ്യാവിനെ യഹൂദനേതൃത്വം ശത്രുവായി കണ്ടു…

തക്കതുണകളാകേണ്ട ഭാര്യാഭർത്താക്കന്മാർ ഇന്ന് ബദ്ധശത്രുക്കളായി മാറുന്നു…
തൻ്റെ ആഗ്രഹം പോലെ പങ്കാളിയെ ആക്കിത്തീർക്കാനുള്ള ബലപരീക്ഷണമാണ് പലപ്പോഴും പ്രശ്നങ്ങളിലേക്ക് നയിക്കുന്നത്.

യേശുക്രിസ്തു പറഞ്ഞ സുവർണ്ണനിയമമാണ് പരിഹാരം….
പങ്കാളി തനിക്കു ചെയ്യണമെന്ന് ആഗ്രഹിക്കുന്നത് അങ്ങോട്ട് ചെയ്യാൻ സന്നദ്ധത കാണിച്ചാൽ മിക്കവാറും പ്രശ്നങ്ങൾ പരിഹരിക്കപ്പെടും….

പ്രിയമുള്ളവരേ,
ശത്രുവാരെന്നും മാത്രമാരെന്നും തിരിച്ചറിയാം….
ശത്രുതയുടെ മേൽ ജയമെടുക്കാം….

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ.സാബു പോൾ

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading