ഭാവന: ചെറിയ കാര്യത്തിന്റെ വലിയ വില | മിനി എം. തോമസ്‌

“കുഞ്ഞേ, വല്ലതും തരണേ!!”
ആ ശബ്ദം അന്തരീക്ഷത്തിൽ മുഴങ്ങുകയാണ്.
ചുക്കി ചുളിഞ്ഞ മുഖം..
കാഴ്ച മങ്ങിയ കണ്ണുകൾ..
ദാരിദ്ര്യം കൊണ്ടും വാർധക്യം കൊണ്ടും തളർന്ന ശരീരം..
പ്രതീക്ഷയോടെ ആ വൃദ്ധ മാതാവ് എല്ലാവരെയും മാറി മാറി നോക്കുന്നുണ്ട്. പക്ഷെ, തിരക്കേറിയ പട്ടണത്തിൽ തിരക്കിട്ട് ഓടുന്നവരാണ് എല്ലാവരും.
ചിലരൊക്കെ ആ വിളികേട്ട് നോക്കി..
ചിലർ മുഖം തിരിച്ചു കടന്ന് പോയി..
ചിലർ സഹതാപത്തോടെ നോക്കി..
ചിലർ കയ്യിലുള്ള നാണയത്തുട്ട് നൽകി ഒരു പുഞ്ചിരി സമ്മാനിച്ച് കടന്നുപോയി..

വർഷങ്ങളായി ഈ തെരുവിലെ സാന്നിധ്യമാണ് ഈ അമ്മ. സഹായത്തിനാരുമില്ല. അധ്വാനിക്കുവാൻ ആരോഗ്യവുമില്ല. ഇച്ഛായൻ ഉള്ള കാലത്ത് ഒന്നിനും ഒരു കുറവില്ലായിരുന്നു. നാട്ടിൽ എല്ലാവരും അറിയുന്ന ഉപകാരിയായ ഒരു മനുഷ്യനായിരുന്നു. പക്ഷെ, ഇച്ഛായനെ ദൈവം നേരത്തെയങ്ങ് വിളിച്ചു. മക്കൾ ഇല്ലാതിരുന്നത്കൊണ്ട് ശരിക്കും ഒറ്റപ്പെട്ടു. അന്ന് തുടങ്ങിയതാണ് തന്റെ ഈ കഷ്ടപ്പാട്. ഒരുപാട് ജോലികൾ ചെയ്യാൻ ശ്രമിച്ചു നോക്കി. പക്ഷെ രോഗം ശരീരത്തെ തളർത്തി. അവസാനം ഈ തെരുവിൽ അഭയം തേടി. കരുണ തോന്നുന്നവർ എന്തെങ്കിലും കൊടുക്കും. അതുകൊണ്ട് വിശപ്പടക്കും. രാത്രിയിൽ വീട്ടിൽ ചെന്ന് പ്രാർത്ഥിച്ചു കിടന്നുറങ്ങും.

ഇന്ന് നേരം നന്നേ വൈകി. തെരുവിൽ തിരക്ക് കുറഞ്ഞു തുടങ്ങി. കിട്ടിയ നാണയത്തുട്ടുകൾ എണ്ണി. വളരെ കുറച്ചു നാണയങ്ങൾ മാത്രം. താൻ പതുക്കെ എഴുന്നേറ്റു. നല്ല ക്ഷീണം. കാലുകൾ ഒന്നും പഴയപോലെ നീങ്ങുന്നില്ല.
“ഇന്ന് രാവിലെ ഒരു കട്ടൻചായ കുടിച്ചതാ, പിന്നെ ഒന്നും കഴിച്ചിട്ടില്ല. എന്തെങ്കിലും കഴിക്കണം”. മനസ്സിൽ ചിന്തിച്ചു നടന്ന് നീങ്ങിയപ്പോൾ വഴിയിൽ നല്ല തിരക്ക്‌. പള്ളിയിലേക്ക് പോകുവാനുള്ളവരുടെ തിരക്കാണ്. പള്ളിയിൽ ഒന്ന് കയറിയിട്ട് പോകാം. എന്നിട്ടാവാം ഭക്ഷണം. പക്ഷെ, പള്ളിയുടെ വാതിൽക്കൽ എത്തിയ താനൊന്ന് നിന്നു. ഇതുവരെയും പള്ളിയിലെ ഭണ്ഡാരത്തിൽ ഒന്നുമിടാതെ ഇറങ്ങി വന്നിട്ടില്ല. പക്ഷെ, ഇപ്പോൾ കയ്യിൽ ഉള്ളത് വിശപ്പടക്കുവാനുള്ള 2 കാശ് മാത്രം. മനസ്സിൽ ഒരു വീർപ്പുമുട്ടൽ. മനസ്സോടെ ദൈവത്തിന് വേണ്ടി കൊടുത്ത് ശീലിച്ചത്കൊണ്ടാവാം, വെറുംകയ്യോടെ കടന്ന് ചെല്ലുവാൻ മനസ്സ് അനുവദിക്കുന്നില്ല. “പക്ഷെ, ഈ 2 കാശ് മാത്രമായിട്ട് എങ്ങനെയാ ഇടുക?? ഇത്രയും ചെറിയ കാശിട്ട് ആരും ഇവിടുന്ന് പോയിട്ടുണ്ടാവില്ല.”

ദൂരെ നിന്ന് പള്ളിയിലെ പ്രമാണിമാരും യേശുവും ശിഷ്യന്മാരും നിൽക്കുന്നത് കണ്ണിൽപ്പെട്ടു.
“ശോ, ഞാനിടുന്നത് കണ്ടാൽ ഇവരൊക്കെ എന്ത് വിചാരിക്കും?” ആരുമില്ലാത്ത സ്ഥലത്തേക്ക് താൻ മാറിനിന്നു. തന്റെ കീറിത്തുടങ്ങിയ സഞ്ചിയിൽനിന്ന് ആകെയുള്ള 2 വെള്ളിക്കാശ് കയ്യിൽവെച്ചു. കൈ ചുരുട്ടി പിടിച്ചു. പതുക്കെ ഭണ്ഡാരത്തിലേക്ക് നടന്നടുത്തു. ഭണ്ഡാരത്തെ മറഞ്ഞ്നിന്ന് ചുരുട്ടിപ്പിടിച്ച കൈകൾ ഭണ്ഡാരത്തിനുള്ളിൽ ഇട്ടു. ചുറ്റുമൊന്ന് നോക്കി.
“ഹാവൂ ആരും കണ്ടില്ല.”
തെല്ലാശ്വാസത്തോടെ താൻ തിരിഞ്ഞു നടന്നു. അറിയാതെ യേശുവിന്റെ മുഖത്തേക്ക് നോക്കി. കണ്ണുകൾ ഉടക്കി. മുഖത്തേക്ക് നോക്കുവാൻ കഴിയുന്നില്ല. ആകെ ഒരു നാണക്കേട് പോലെ!!.
യേശു തന്നെ നോക്കി ചിരിക്കുന്നു. ആ മാതാവും ചിരിച്ചു. മ്ലാനമായ ചിരി. ചുറ്റും നിൽക്കുന്നവർക്ക് തന്നെ ചൂണ്ടിക്കാണിക്കുന്നു. താനൊന്ന് ഞെട്ടി. “ആരും ഇത്ര തുച്ഛമായ 2 വെള്ളിക്കാശ് ഇട്ടുകാണില്ല. അതായിരിക്കും പറയുന്നത്. ഇവിടെയിനി നിൽക്കണ്ട, എല്ലാവരും അറിയും. നാണക്കേടാവും.” അവർ വേഗം നടക്കുവാൻ ആരംഭിച്ചു.

“ഈ ദരിദ്രയായ വിധവ എല്ലാവരെക്കാളും അധികം ഇട്ടിരിക്കുന്നു.” യേശുവിന്റെ ശബ്ദം ഉയർന്ന് കേൾക്കുന്നു.

വിധവ!!! തന്നെകുറിച്ചാണോ എന്നവർ സംശയിച്ചു. കളിയാക്കി പറയുകയായിരിക്കുമോ?? കണ്ണ് നിറഞ്ഞു, തല കുനിച്ചു പതുക്കെ നടന്നു. അറിയതെയൊന്ന് തിരിഞ്ഞു നോക്കി. എല്ലാവരും തന്നെ നോക്കുന്നു. അതേ, അവർ സംസാരിക്കുന്നത് തന്നെകുറിച്ചാണ്. സന്തോഷം കൊണ്ട് അമ്മച്ചിയുടെ കണ്ണുകൾ നിറഞ്ഞു. ആരും അറിയാതെ ഇട്ടത്, കാണേണ്ടവൻ കണ്ടിരിക്കുന്നു. എല്ലാവരും അറിഞ്ഞിരിക്കുന്നു. അത് ഏറ്റവും മൂല്യമേറിയതായിരുന്നു. സന്തോഷത്തോടെ അമ്മച്ചി ആലയത്തിന്റെ പടികളിറങ്ങി.

ധനവാന്മാരുടെ വഴിപാടുകൾക്കിടയിലൂടെ വിധവ ഇട്ട രണ്ടുകാശിനെ യേശു കണ്ടു. വിലയേറിയ വഴിപാടിനെക്കാൾ, തന്റെ ഇല്ലായ്മയിൽനിന്ന് ദാനം ചെയ്ത ആ പണം ഏറ്റവും വിലയേറിയതായി. ആ രണ്ടുകാശുമായി ഭണ്ഡാരത്തിനരികിലേക്ക് എത്തുമ്പോൾ,
തന്നെക്കാൾ സാമ്പത്തികമുള്ളവർ ദാനം ചെയ്യട്ടെ എന്ന് ചിന്തിച്ചില്ല..
ഈ പൈസകൊണ്ട് എന്താകാനാണ് എന്ന് ചിന്തിച്ചില്ല..
ഈ ദാനങ്ങൾ എല്ലാം ആരെങ്കിലും ദുരുപയോഗം ചെയ്യുമോ എന്ന് ചിന്തിച്ചില്ല..
ആകെയുള്ള ഈ നാണയം നിക്ഷേപിച്ചാൽ തന്റെ കയ്യിൽ ഇനിയൊന്നുമില്ലെല്ലോ എന്ന് ചിന്തിച്ചില്ല..
തന്റെ പക്കൽ ആകെയുണ്ടായിരുന്നത് “മനസ്സോടെ” ഭണ്ഡാരത്തിൽ ഇട്ടു. തന്റെ ഉപജീവനത്തിൽനിന്ന് നൽകുവാൻ കാണിച്ച വലിയ മനസ്സ് കണ്ട യേശു അഭിനന്ദിച്ചു.

കുറ്റങ്ങളും മുടന്തൻ ന്യായങ്ങളും പറഞ്ഞു ചെയ്യുന്ന വലിയ കാര്യങ്ങളെക്കാൾ ആത്മാർത്ഥതയോടെ ചെയ്യുന്ന ചെറിയ കാര്യങ്ങൾക്ക് ദൈവത്തിന്റെ കണ്ണിൽ വലിയ വില ഉണ്ടെന്ന് മറക്കരുത്.

മിനി എം. തോമസ്‌

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.