ചെറുകഥ: ചൂരച്ചെടിയുടെ ആത്മഗതം | ആശിഷ് ജോസഫ്‌

പ്രകൃതിക് ഇന്ന് ഒരല്പം ചൂട് കുറവാണെന്നു തോന്നുന്നു , അല്ലെങ്കിൽ ചിലപ്പോ എന്റെ മനസ്സിൽ പെയ്ത മഞ്ഞിന്റെ തണുപ്പ് മൂലം തോന്നുന്നതും ആകാം

post watermark60x60

ചരിത്ര താളുകളിൽ ഞാൻ – ഒരു കഴിവും ഇല്ലാത്തവൻ – ചെറിയവൻ – ഒന്നിനും കൊള്ളില്ല എന്ന് പറഞ്ഞ് സ്വന്തം വർഗ്ഗത്തിൽപ്പെട്ടവരാൽ മാറ്റി നിർത്തപ്പെട്ടവൻ – അവഗണിക്കപ്പെട്ടവൻ – ഭംഗിയില്ലാത്തവൻ – എന്റെ കൂട്ടത്തിൽപെട്ട പലരും മനുഷ്യരുടെ സ്നേഹവും ലാളനയും അനുഭവിച് വെള്ളവും വളവും ലഭിച് തഴച്ചു വളരുമ്പോൾ ഞാൻ മാത്രം മരുഭൂമിയിൽ ഒറ്റപെട്ടു , വരണ്ട പ്രദേശങ്ങളിൽ ആർക്കും ഒരു പ്രയോജനവുമില്ലാത്തവനായി ദിവസങ്ങൾ തള്ളി നീക്കിയവൻ …..
ഞാനും അവരെപോലെതന്നെ ഒരു സസ്യമായിരുന്നില്ലേ , എനിക്കും ഇലകളും ശിഖരങ്ങളും ഫലങ്ങളും ഇല്ലേ … എന്തിനാണ് എന്റെ കൂട്ടാളികൾ എന്നെ ഇത്രയധികം വേദനിപ്പിച്ചത്…. എന്റെ കുറവുകൾ തീർത്തുതരണേയെന്നു ദൈവത്തോട് പ്രാര്ഥിക്കാത്ത ദിവസങ്ങൾ ഇല്ല..
പ്രാര്ഥനകൾക് ഉത്തരമില്ലാതെ പ്രത്യാശ നഷ്ടപെട്ടവനായി ജീവിതം ഇങ്ങനെ തന്നെ ജീവിച്ചു തീർക്കാൻ സ്വയം മനസിനെ പറഞ്ഞ് പഠിപ്പിച് , തല കുനിച്ചു മാത്രം നിൽക്കേണ്ടി വന്ന ഹതഭാഗ്യൻ …

എന്നാൽ ഇപ്പോൾ ഞാൻ സന്തോഷവാനാണ്, എന്റെ കണ്ണുകളിൽ കുളിർമയും ഉള്ളത്തിൽ ഒരു തുടിപ്പും ഞാൻ അനുഭവിക്കുന്നു . ഇന്നലെ വരെ ആരും തിരിഞ്ഞുനോക്കാൻ ഇല്ലാതിരുന്ന എനിക്ക് ഇന്ന് ഒരു മൂല്യമുണ്ട് … മറ്റു വൃക്ഷ ലതാദികൾക്ക് ലഭിക്കാത്ത ഒരു ആദരവ് എനിക്ക് കൈവന്നു . പലരുടെയും പരിഹാസ വാക്കുകൾ കേട്ട് നാണിച്ചു മുഖം മറച്ച നാളുകളെ ഒരു ചെറു പുഞ്ചിരിയോടെ ഞാൻ മറക്കുകയാണ്, കാരണം അതൊക്കെയാണ് ഇന്നത്തെ എന്റെ സന്തോഷത്തിന്റെ മുഖ്യ ഘടകം .

Download Our Android App | iOS App

ഇന്ന് ഞാൻ കണ്ടു , എന്റെ സൃഷ്ടാവിന്റെ പ്രതിപുരുഷനെ, അദ്ദേഹം ഇന്ന് കിടന്നുറങ്ങിയത് എന്റെ ശിഖരങ്ങളുടെ കീഴിൽ ആണ് . ദൈവത്തിന്റെ ജനം മുഴുവൻ ബഹുമാനിക്കുന്ന , അനുസരിക്കുന്ന ആ വലിയ മനുഷ്യന്റെ ക്ഷീണം മാറിയത് ഈ “പ്രയോജനമില്ലാത്തവന്റെ” തണലിൽ… ആർക്കും ഉപകാരമില്ലെന്നു പറഞ്ഞ ഞാൻ അദ്ദേഹത്തിന്റെ തണലായി മാറിയത് ഒരു അത്ഭുതമായി മാത്രമേ ഓർക്കാൻ കഴിയുന്നുള്ളു … ഒരുപക്ഷെ മറ്റുള്ളവർ എന്നെ തള്ളിക്കളഞ്ഞ് മാറ്റി നിർത്തിയതുകൊണ്ടായിരിക്കാം എന്റെ അടുക്കലേക്ക് തന്നെ പിതാവായവൻ അദ്ദേഹത്തെ എത്തിച്ചത്…
അതെ അതുതന്നെയാണ് കാരണം , അല്ലെങ്കിൽ എന്നേക്കാൾ ശക്തന്മാരും, വലിയ ശിഖരങ്ങൾ ഉള്ളവരും , ഇടതൂർന്ന ഇലകളാൽ സമൃദ്ധരായവരും, എല്ലാവര്ക്കും തണൽ കൊടുക്കുന്നവരും അങ്ങനെ പല ഗുണ വിശേഷങ്ങൾ ഉള്ളവർ ഉണ്ടായിട്ടും എന്തെ എന്നെ മാത്രം ഉടയവൻ തിരഞ്ഞെടുത്തു ….

ദൈവപുരുഷന്റെ വരവുകൊണ്ട് എനിക്ക് ഉണ്ടായ പ്രയോജനങ്ങൾ രണ്ടാണ് . ഒന്ന് എനിക്ക് കിട്ടിയ അര്ഹതയുടെ അംഗീകാരവും രണ്ടാമത്തേത് ദൈവത്തിന്റെ ദൂതനെ ഇന്ന് നേരിട്ട് കാണാൻ കഴിഞ്ഞു എന്നുള്ള ചാരിതാർഥ്യവുമാണ്. ദൈവം തന്റെ ദാസനെ കരുതുന്ന വിധങ്ങൾ നേരിട്ട് അറിയാൻ കഴിഞ്ഞ ഒരു മൂകസാക്ഷി ആയിരിക്കുന്നു ഞാൻ. ഇനിയും എന്നെ പരിഹസിക്കുന്നവരുടെ മുന്നിൽ ഞാൻ തല ഉയർത്തി നില്കും, കാരണം അവർ എന്നെ നിന്ദിച്ചത് എനിക്ക് ഗുണമായി ഭവിച്ചു . കൂട്ടത്തിൽ ആർക്കും ലഭിച്ചിട്ടില്ലാത്ത സുന്ദര നിമിഷങ്ങൾ എന്നിലൂടെ കടന്നുപോയതും അതുകൊണ്ടാണ്.. .
ഇന്നലെവരെ ഒറ്റപ്പെടലിൽ ദുഃഖം അനുഭവിച്ചിരുന്ന ഞാൻ ഇന്നുമുതൽ ആ ഏകാന്തതയെ ഇഷ്ടപെടുന്നു . അതുമൂലം ഒരേസമയം ഉടയവന്റെ പ്രവാചകന് തണൽ നൽകുവാനും ദൈവദൂതനെ കാണുവാനും ഉള്ള അപൂർവ ഭാഗ്യം മാത്രമല്ല , പിൻതലമുറകൾ എഴുതിയ ഗാനങ്ങളുടെ വരികളിൽ എന്റെ പേരും ഉൾപെടുത്തുവാനും സർവ്വശക്തന് എന്നോട് കരുണ തോന്നി .

ഈ ഭൂമി ഉള്ളിടത്തോളം എന്റെ പേരും മനുഷ്യൻ ഓർക്കും . ആരും ശ്രദ്ധിക്കപ്പെടാതെ പോകേണ്ടിയിരുന്ന എന്നെ തലമുറകളിലേക് എത്തിച്ചു കൊടുക്കുവാൻ സൃഷ്ടാവിനു ദയ തോന്നിയല്ലോ എന്ന് ഓർക്കുമ്പോൾ ഹൃദയം നന്ദിയാൽ നിറയുകയാണ് .

മനുഷ്യരെപ്പോലെ വായ് ഉണ്ടായിരുന്നെങ്കിൽ ഞാൻ വിളിച്ചു പറയുമായിരുന്നു ..

“ലോകത്തിലുള്ള ഒറ്റപ്പെടൽ ഒരു ഭാഗ്യാനുഭവമാണ് , എങ്കിലേ ദൈവത്തിനു ചേർത്ത് നിർത്താൻ കഴിയൂ”

ആശിഷ് ജോസഫ്

-ADVERTISEMENT-

You might also like