ഇന്നത്തെ ചിന്ത : അറിയാത്ത പണിക്കു പോയ പത്രോസ് |ജെ.പി വെണ്ണിക്കുളം
യേശുവിനെ തള്ളിപ്പറഞ്ഞ പത്രോസിന്റെ അവസ്ഥ നാം സുവിശേഷങ്ങളിൽ വായിക്കുന്നുണ്ടല്ലോ. മഹാപുരോഹിതന്റെ അരമനയിൽ യേശുവിന്റെ വിസ്താരം നടക്കുമ്പോൾ പുറത്തു നടുമുറ്റത്തു നടന്ന സംഭവം പത്രോസിന്റെ തള്ളിപ്പറച്ചിൽ ആയിരുന്നു. യേശുവിനു വേണ്ടി മരിക്കാൻ തയ്യാറായി നടന്ന പത്രോസ് സ്വന്തം ഗുരുനാഥനെ തള്ളിപ്പറയുന്നു. മരണഭീതി പത്രോസിന് ഉണ്ടായതായി മനസിലാക്കാം. മഹാപുരോഹിതന്റെ ദാസന്റെ കാത് അറുത്തപ്പോൾ അതു കണ്ടുനിന്ന ഒരുവൻ പത്രോസിനെ തിരിച്ചറിഞ്ഞു എന്നു താൻ മനസിലാക്കി (യോഹ.18:26). പിന്നീട് ഗലീലാക്കാരന്റെ സംസാര രീതി തിരിച്ചറിഞ്ഞപ്പോഴും പത്രോസ് പതറിപ്പോയി. പത്രോസ് യേശുവിനെ 3 വട്ടം തള്ളിപ്പറഞ്ഞു കഴിഞ്ഞപ്പോൾ യേശു അവനെ ഒന്നു നോക്കി. ആ നോട്ടത്തിന്റെ അർത്ഥം മനസിലാക്കിയ പത്രോസ് പുറത്തുപോയി അതിദുഖത്തോടെ കരഞ്ഞതായും കാണാം. ഇവിടെ ഒരു കാര്യം വളരെ സത്യമാണ്. ഗലീലാക്കാരന്റെ പ്രകൃതം എല്ലാവർക്കും മനപാഠമാണ്. അതു അവൻ എത്ര മറച്ചു വയ്ക്കാൻ ശ്രമിച്ചാലും വിജയിക്കില്ല. ഈ ലോകത്തിൽ നാം ജീവിക്കുമ്പോൾ നമ്മുടെ സംസാരം, ശരീര ഭാഷ ഇതെല്ലാം ശ്രദ്ധിക്കുന്ന അനേകരുണ്ട്. ചിലപ്പോൾ അവരെപ്പോലെ അനുകരിക്കാൻ കഴിഞ്ഞെന്നു വരാം പക്ഷെ നാം ആരാണെന്നുള്ളത് നമ്മെക്കാൾ വേഗം മനസിലാക്കാൻ അവർക്കാകും എന്നു ഓർക്കുക. തനിക്കു പരിചയമില്ലാത്ത തള്ളിപ്പറച്ചിൽ പത്രോസിന്റെ പരാജയത്തിന് കാരണമായി.
വേദഭാഗം: മത്തായി 26
ജെ.പി വെണ്ണിക്കുളം




- Advertisement -