ചെറുകഥ: വിധവകള്‍ ഉണ്ടാവുന്നത് | ജോബ് ജോണ്‍, മംഗലൂരു

വീട്ടിലേക്ക് വരുന്നവര്‍ എങ്ങനെ പെരുമാറണം എന്നു നിര്‍ദ്ദേശം നല്‍കുവാന്‍ ഗേറ്റിനു സമീപം ആളുകള്‍ നില്‍പുണ്ടായിരുന്നു.
നിസ്സിയുടെ മുഖത്ത് സന്തോഷക്കുറവ് ഒന്നും ഉണ്ടായിരുന്നില്ല. നിസ്സി റോഡ് ഭാഗത്തേക്ക് എങ്ങാനും വന്നാല്‍ ഈ സ്വാഗത സംഘാംഗങ്ങൾ പരുങ്ങും. പിന്നെ അതും ഇതും പറഞ്ഞ് വീട്ടിലേക്ക് തള്ളിവിടും.
നിസ്സിക്കാണെങ്കില്‍ മൂന്നു നാലു ദിവസമായി ഭയങ്കര ബോറിങ്ങ് ! വീട്ടില്‍ ആരും ആരോടും മിണ്ടുന്നില്ല. എല്ലാവരും ഒരേ സമയം ബുദ്ധി ജീവികള്‍ ആയപോലെ. ഇങ്ങനെ ഒരു കാഴ്ച ഇത് ആദ്യമായി കാണുകയാണ്.
എപ്പൊഴും സംസാരിക്കാറുള്ള ജെസ്സി നഴ്സിംഗ് പടിക്കാന്‍ പോയിക്കഴിഞ്ഞും എത്രയോ സമയം സംസാരിക്കാറുണ്ടായിരുന്നു. ഇന്നലെ അവള്‍ ഫോണ്‍ വിളിച്ചിട്ട് ഒരു മിനുറ്റ് കൊണ്ട് കട്ട് ചെയ്തു കളഞ്ഞു. അതും അവള്‍ ഒരു തരം വിഷമത്തോടെയാണു സംസാരിച്ചതും. ഒരു പക്ഷെ വീട്ടില്‍ എല്ലാവരേയും ബാധിച്ച മൂകതാ രോഗം അവളേയും ബാധിച്ചിരിക്കും.
സണ്ണി പാസ്റ്റര്‍ ഈ ദിവസങ്ങളി ല്‍ മിക്ക സമയത്തും വീട്ടില്‍ ഉണ്ട്. എപ്പോഴും പപ്പായോടും വീട്ടില്‍ വരുന്ന മറ്റുള്ളവരോടും രഹസ്യമായിട്ട് എന്തൊക്കെയോ സംസാരിക്കുന്നതു കാണാം. അവര്‍ ആണുങ്ങള്‍ എന്തെങ്കിലുമൊക്കെ സംസാരിച്ചോട്ടെ, കുഴപ്പമില്ല. എത്രയോ കാര്യങ്ങള്‍ ക്രമീകരിക്കാ ന്‍ ഉണ്ടാവും അവര്‍ക്ക്. പക്ഷെ അവരോടൊപ്പം സണ്ണി പാസ്റ്ററുടെ ഭാര്യ ലിസി ആന്‍റി, ബാബുച്ചായന്‍റെ ഭാര്യ മേരിആന്‍റി, സൌമ്യ, റീന, ആലീസ് ആന്‍റി, ഇവരൊക്കെ ചേര്‍ന്നിരുന്ന് എന്താ പറയുന്നത്
എന്തായാലും എനിക്ക് കല്യാണം ആലോചിക്കുകയൊന്നും അല്ല, കാരണം സാബുച്ചായന്‍ ജീവിച്ചിരിക്കുന്നിടത്തോളം ആരും ഈ വിഷയത്തില്‍ ആരും വിയര്‍പ്പ് ഒഴുക്കേണ്ട ആവശ്യം ഇല്ല
എവിടെ ആണോ ആവോ പാവം. വടക്കെ ഇന്ത്യയില്‍ എവിടെയോ വെയിലും മഞ്ഞും ഒക്കെ ഏറ്റ് രാജ്യത്തെ സരക്ഷിക്കുകയല്ലേ ഹവീല്‍ദാര്‍ സാബു മാത്യു. ഈ മാസം വരുമെന്ന് പറഞ്ഞിരുന്നതാണ്. പക്ഷെ ഒരു വിവരവുമില്ല ഇതുവരെ. ഒരാഴ്ചയായി ഒരു ഫോണ്‍ പോലും ഇല്ല. ഇങ്ങുവരട്ടെ, ഞാന്‍ കൊടുക്കുന്നുണ്ട്.
കഴിഞ്ഞ പ്രാവശ്യം വന്നപ്പോഴേ പറഞ്ഞതാണ്‍, ഞാന്‍ വേഗം ഇങ്ങു പോരും, എനിക്ക് അവിടെ നില്‍ക്കാന്‍ ഇഷ്ടമില്ല എന്ന്. നമ്മള്‍ കുറെ നാളത്തേക്ക് പിരിഞ്ഞിരിക്കുന്നതാവും ദൈവത്തിന്‍റെ ഇഷ്ടം എന്നു പറഞ്ഞപ്പൊള്‍ എങ്ങനെയോ അതു അന്ന് അംഗീകരിച്ചതാണ്.
ഓരോന്ന് ഓര്‍ത്ത് മനസ്സ് വല്ലാതെ വിഷമിക്കുന്നു. ഈ വീട്ടിലെ ആളുകളുടെ മൌനവ്രുതമാണ് കൂടുത ല്‍ വേദനിപ്പിക്കുന്നത്. ഒരു നാലു ദിവസമായി എന്തു പറ്റി എല്ലാവര്‍ക്കും
ഒരു ഫോണ്‍ കോള്‍ വന്നാ ല്‍ തരില്ല, ആരോടും സംസാരിക്കാന്‍ അനുവദിക്കത്തില്ല, എല്ലാരും സങ്കടത്തോടെ നോക്കുന്നു- എന്‍റെ ദൈവമെ ആള്‍ക്കാരുടെ ഈ സിമ്പതി കണ്ടിട്ട് ചിരി വരുന്നു.
മുറ്റത്ത് തെച്ചിപ്പൂവിന്‍റെ തേന്‍ വലിച്ചു കുടിക്കാ ന്‍ ശ്രമിക്കുന്ന കുട്ടികളുടെ കൂടെ അല്‍പ സമയം കളിക്കാമെന്നു വച്ചാല്‍ അവരും നോക്കുന്നത് ഒരു പ്രത്യേക തരത്തില്‍. കല്യാണം കഴിച്ച ഈ സ്ത്രീക്ക് നാണമില്ലെ കുട്ടികളായ ഞങ്ങള്‍ക്കൊപ്പം കളിക്കാ ന്‍ എന്നായിരിക്കും അവരുടെ വിചാരം. പ്രായം 25 മാത്രമേ ആയിട്ടുള്ളൂ എങ്കിലും കല്യാണം കഴിച്ചു പോയതുകൊണ്ട് എല്ലാവരും എന്നെ ഒരു വലിയ ആളായിട്ടു കാണുന്നത് ആരുടെ തെറ്റ്.
ഗേറ്റ് കടന്ന് ഒരു കാറ് വന്നു. കുറെ രാഷ്ട്രീയക്കാര്‍ ആണു. MLA യും അവരോടൊപ്പം ഉണ്ട്. ഗേറ്റ് കാവല്‍ക്കാരായ തോമസ് സാറും പാപ്പച്ച ന്‍ അങ്കിളും ഓടി ചെന്ന് MLA യുടെ കരം ഗ്രഹിച്ചു.
വീട്ടിനുള്ളിലേക്ക് വന്നപ്പൊള്‍ അവിടെ ഇണ്ടായിരുന്ന വീട്ടുകാരും മറ്റാളുകളുമെല്ലാം എഴുന്നേറ്റു നിന്നു. അയാ ള്‍ എന്‍റെ അടുത്തേക്ക് വന്ന് എന്‍റെ തോളില്‍ തൊട്ടു. ഞാന്‍ കുനിഞ്ഞു നിന്നു. അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പിനു സ്ഥാനാര്‍ത്ഥി ആകണമെന്ന് അയാള്‍ എന്നോട് പറയുമെന്ന് ഞാന്‍ ഞാ ന്‍ വിചാരിച്ചു. എനിക്ക് നാണം വന്നു. രാഷ്ട്രീയത്തെ പറ്റി ഒന്നും അറിയാതെ എങ്ങനെ ഇലക്ഷനു നില്‍ക്കും. പ്രചരണവും പ്രസങ്ങവും പിന്നെ രാഷ്ട്രീയക്കാരായ ആണുങ്ങളുടെ കൂടെ മുട്ടി ഉരുമ്മി നടക്കലും, അതും സാബുച്ചായന്‍ പൊലും അടുത്തില്ലാതെ.
അയ്യോ എന്തിനാ ഈ ആവശ്യമില്ലാത്ത ചിന്തകളൊക്കെ. MLA ഗേറ്റ് കടന്ന് ഒരു ഫര്‍ലൊങ്ങ് ദൂരം നടന്നു ചെന്നു കഴിഞ്ഞു. ഇലക്ഷന്‍റെ വിവരം പോയിട്ട് ഒരു വിശേഷം തിരക്ക ല്‍ പോലും അയാള്‍ ചെയ്തില്ല.
ഒരു പക്ഷേ തൊളില്‍ പിടിച്ചപ്പൊ ള്‍ ആഭരണം ഇല്ലാത്ത ഒരാള്‍സ്ഥാനാര്‍ഥി ആകണ്ടാ എന്നു അയാള്‍ വിചാരിച്ചുകാണും. അല്ലെങ്കില്‍ പിന്നെ, അടുത്തു കണ്ടപ്പോ ള്‍ ഒരു സീരിയസ്നെസ് തൊന്നിക്കാണത്തില്ല എന്‍റെ മുഖത്ത്
MLA മാത്രമല്ല ഒത്തിരി ആളുകള്‍ ഈ ദിവസങ്ങളി ല്‍ വീട്ടി ല്‍ വരുന്നുണ്ട്. അധികമൊന്നും ആരും സംസാരിക്കുന്നില്ല, ഗൂഡാലോചനകള്‍ മാത്രം. സാധാരണ സാബുച്ചായ ന്‍ വരുമ്പോ ള്‍ മാത്രമാണു ആരെങ്കിലും പരിചയക്കാരും സഭക്കാരുമൊക്കെ വീട്ടില്‍ വരുന്നത്
മുഖ്യമന്ത്രി ഫോണ്‍ വിളിച്ചെന്നൊ മറ്റോ സോമന്‍ അങ്കിള്‍ പറയുന്നതു കേട്ടു. ആരെയാണു വിളിച്ചതെന്നു പറഞ്ഞില്ല, ഞാന്‍ ചോദിച്ചതുമില്ല.
നാളെ ആരൊക്കെയോ വീട്ടില്‍ വരുന്നുണ്ടെന്നാണു തോന്നുന്നത്. ഭയങ്കര ഒരുക്കങ്ങള്‍ നടക്കുന്നുണ്ട്. ആരും ഒന്നും പറയുന്നില്ല, ചോദിച്ചാല്‍ മൈന്‍റ് ചെയ്യുന്നുമില്ല. ഇനി കുടുംബത്തില്‍ ആരെങ്കിലും മരിച്ചുപോയതാണോ. മരിച്ചുപോയെങ്കില്‍ അത് എല്ലാവരേയും അറിയിക്കെണ്ടതല്ലെ. എന്തിനു മറച്ചു വയ്ക്കുന്നു.
കഴിഞ്ഞ ദിവസങ്ങളിലൊക്കെ നിസ്സി എന്നു വിളിച്ചിരുന്നവ ര്‍ ഇപ്പോ ള്‍ നിസ്സിമോള്‍ എന്നു വിളിക്കുന്നു. ഭക്ഷണകാര്യത്തില്‍ എല്ലാവര്‍ക്കും ഭയങ്കര ശ്രദ്ധ.
സാബുച്ചായന്‍ ഉണ്ടായിരുന്നെങ്കി ല്‍ എല്ലാം പറഞ്ഞ് ഒന്നു ചിരിക്കാമായിരുന്നു.
അടുത്ത ദിവസം പുലരുന്നതിനു മുന്പേ വീട്ടില്‍ ആള്‍ത്തിരക്ക് ആരംഭിച്ചിരുന്നു. രാത്രി എല്ലാവരും ഉറങ്ങിയപ്പോള്‍ ആരോ മുറ്റത്ത് പന്ത ല്‍ ഇട്ടു. രാത്രി എല്ലാവരും നന്നായി കരഞ്ഞിട്ടുണ്ടെന്നു തോന്നുന്നു- മുഖം തടിച്ചു വീര്‍ത്തിരിക്കുന്നു.
മൈക്കുസെറ്റുകാര ന്‍ പയ്യ ന്‍ ഒരു റെക്കോര്‍ട് ഇട്ടപ്പോ ള്‍ സോമ ന്‍ അങ്കി ള്‍ ഒരു ചീറ്റപ്പുലിയെ പോലെ അവനോട് മരണപ്പാട്ടൊന്നും ഇവിടെ ഇടണ്ടാ എന്ന് പറയുന്നതു കേട്ടപ്പോ ള്‍ ആണ്‍ ആശ്വാസമേ എനിക്കേറേ തിങ്ങീടുന്നു എന്ന പാട്ട് സാധാരണ മരണവീട്ടില്‍ പാടാറുള്ളതാണല്ലോ എന്ന് ഓര്‍മ്മ വന്നത്. ഈ ദിവസങ്ങളിലെ എകാന്തതയോടൊപ്പം ആ ഗാനം അറിയാതെ ഒരു താങ്ങായി വന്നല്ലൊ എന്നു പാട്ടു നിന്ന ശേഷമാണ്‍ മനസിലായത്.
സഭയില്‍ നിന്ന് കുറേ സഹോദരീ സഹോദരന്മാ ര്‍ വീട്ടിനുള്ളിലേക്ക് പോയി. അവിടെ ഒരു കൂട്ടക്കരച്ചി ല്‍ കേട്ടു. എന്തിനാണ് എല്ലാവരും കരയുന്നത് എന്ന് ചോദിക്കണമെന്ന് ആഗ്രഹിച്ചെങ്കിലും വേണ്ടെന്നു വച്ചു.
സഭാ സെക്രട്ടറി പുതിയ ഒരു സാരി കയ്യി ല്‍ തന്നിട്ട് വേഗം മാറാ ന്‍ പറഞ്ഞു. ചെയ്തേക്കാം, രഹസ്യങ്ങളുടെ കൂമ്പാരം എല്ലാവരും ചേര്‍ന്ന് മെനഞ്ഞു കൊണ്ടിരിക്കുകയല്ലെ, കൂടെ കൂടിയേക്കാം.
ഇതിനെല്ലാം കാരണം സാബുചായന്‍ ആണു. ആ മനുഷ്യന്‍ ഇവിടെ ഉണ്ടായിരുന്നെങ്കില്‍ ഈ ആള്‍ക്കൂട്ടത്തില്‍ തനിയെ അനുഭവം ഉണ്ടാകുമായിരുന്നോ. അതോ സാബുച്ചായ ന്‍ ഇതൊന്നും അറിഞ്ഞിട്ടില്ലേ
വല്‍സമ്മ സഹോദരി തന്ന ഒരു കപ്പ് ജ്യൂസ് കുടിച്ചു. അവര്‍ ഈയിടെ വിശ്വാസത്തില്‍ വന്നതാണ്‍. അവരുടെ ഭര്‍ത്താവും പട്ടാളക്കാരനാണ്. ആയാള്‍ ഇന്നലെ വന്നു. അയാള്‍ മാത്രമല്ല ഈ ചുറ്റുവട്ടത്തുള്ള മിക്ക പട്ടാളക്കാരും ഈ ദിവസങ്ങളിലായി വന്നിട്ടുണ്ട്. സാബുച്ചായന്‍ മാത്രം അങ്ങ് ദൂരെ ചൈന യോട് ചേര്‍ന്നുള്ള അതിര്‍ത്തി കാത്തുകൊണ്ടിരിക്കുകയല്ലെ. ഇന്നു വരുമായിരിക്കും.
രാവിലെ എയര്‍ പോര്‍ട്ടിലേക്ക് പോയ ജോയിച്ചായന്‍റെ കാറും വാടകയ്ക്കു വിളിച്ച ടെമ്പൊ ട്രാവലറും ദൂരെ നിന്നു വരുന്നുണ്ട്. അതിന്‍റെ കൂടെ ദേശീയ പതാക കെട്ടിയ വേറേ വണ്ടികളും കുറേ പോലീസ് വണ്ടികളും ഉണ്ട്.
കുറേ പട്ടാളക്കാര്‍ വലിയ തോക്ക് ആകാശത്തേക്ക് ചൂണ്ടീപ്പിടിച്ചുകൊണ്ട് ഇറങ്ങി ലൈനില്‍ നിന്നു. ആ കൂട്ടത്തിലെങ്ങാനും സാബുച്ചായന്‍ ഉണ്ടോ എന്നു നോക്കീട്ട് പരിചയമുള്ള മുഖങ്ങള്‍ ആരും ഇല്ല. പലരും വടക്കേന്ത്യക്കാരാണ്‍.
വീട്ടിനുള്ളീല്‍ നിന്നു കൂട്ടക്കരച്ചി ല്‍ ഉയര്‍ന്നു. പാസ്റ്റര്‍ മൈക്കിന്‍റെ മുമ്പി ല്‍ നിന്ന് ഏതാണ്ട് പറയാന്‍ ശ്രമിച്ചെങ്കിലും ഒന്നും പറയാ ന്‍ കഴിയാതെ തുവാല കൊണ്ട് കണ്ണുനീര്‍ തുടച്ചു.
പന്തലിന്‍റെ നടുവിലായി ഒരു ബെഞ്ച് വച്ചിട്ടുണ്ട്. അത് ഒരു വെളുത്ത തുണികൊണ്ട് അലങ്കരിച്ചിട്ടുണ്ട്.
പട്ടാളക്കാരെ കുത്തി നിറച്ച മറ്റൊരു ലോറി വന്നു. അതിനു പച്ച നിറമാണ്. ആ ലോറി പൂമാലകള്‍ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. അതിന്‍റെ മുമ്പി ല്‍ സാബുച്ചയന്‍റെ ഒരു വലിയ പടം വച്ചിട്ടുണ്ട്. പടത്തിനു താഴെ ഹവില്‍ദാര്‍ സാബു മാത്യു എന്ന് എഴുതി വച്ചിട്ടുണ്ട്.
ഇത്രയും ആളുകളുടെ മുമ്പി ല്‍ ഒരു ബഹുമാനം കിട്ടുന്നത് നല്ലതാണ്. പക്ഷേ സാബുച്ചായനെ കാണാനില്ലല്ലൊ. വീട്ടിലും പരിസര പ്രദേശത്തും വലിയ ജനമഹാ സാഗരം ആയതുകൊണ്ട് ആരേയും തിരിച്ചറിയാന്‍ കഴിയുന്നുമില്ല.
പട്ടാളക്കാരെ കുത്തിനിറച്ച ലോറിയി ല്‍ നിന്നും ഒരു കൂറ്റ ന്‍ ബോക്സ് ഇറക്കിക്കൊണ്ടുവന്ന് പന്തലിലെ വെള്ള വിരിച്ച ബെഞ്ചി ല്‍ വച്ചു. അല്‍പം ഗ്ലാസ് ഇട്ട ഭാഗത്തു കൂടി അതിലേക്ക് പോയി നോക്കാ ന്‍ ആളുകള്‍ വഴി ഒരുക്കിത്തന്നു. ഇത്രയും നേരം തിരഞ്ഞുകൊണ്ടിരുന്ന സാബുച്ചായന്‍റെ മുഖം ഗ്ലാസ്സിലൂടെ കണ്ടു. അതേ സമയം ഏതോ പട്ടാളക്കാരന്‍റെ തടിച്ച ശബ്ദമുയര്‍ന്നു.
ഭാരത് മാതാ കീ ജയ്
അവിടെ കൂടി നിന്ന മറ്റാളുകള്‍ എല്ലാം അത് ഏറ്റുപറഞ്ഞെന്നു തൊന്നുന്നു.
പിന്നെ അറിയുന്നത് അമ്മയുടേയും പാസ്റ്റരാന്‍റിയുടേയും മടിയില്‍ കിടത്തിയിരിക്കുന്നതാണ്. അപ്പോള്‍ പുറത്ത് ഇരുട്ടായിരുന്നു. വീട്ടിനുള്ളില്‍ അധികം ആള്‍ത്തിരക്കും ഉണ്ടായിരുന്നില്ല.

ജോബ് ജോണ്‍, മംഗലൂരു

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.