ശുഭദിന സന്ദേശം: വെളിച്ചദൂതനും വെളിച്ചപ്പാടും (2) | ഡോ.സാബു പോൾ

”എന്റെ ബുദ്ധിക്കെത്താത്ത വൻകാര്യങ്ങളിലും അത്ഭുതവിഷയങ്ങളിലും ഞാൻ ഇടപെടുന്നതുമില്ല”(സങ്കീ.I31:1).

ഇന്നലത്തെ ചിന്ത തുടരാം….

യേശുക്രിസ്തു അശുദ്ധാത്മാവിനെ പുറത്താക്കിയ പല സംഭവങ്ങൾ പുതിയ നിയമം രേഖപ്പെടുത്തിയിട്ടുണ്ട്. അപ്പോൾ ‘അശുദ്ധാത്മ ബാധ’ എന്നുള്ളത് യാഥാർത്ഥ്യമാണ്.

എന്നാൽ നമ്മൾ ഇക്കാലത്ത് കേൾക്കുന്നത് ‘പ്രേത ബാധ’യെക്കുറിച്ചാണ്.
ഇത്തരം രോഗാവസ്ഥയെ ‘ഇരട്ട വ്യക്തിത്വം’ എന്ന് മന:ശാസ്ത്രജ്ഞർ വിളിക്കുന്നു. മരിച്ചു പോയ ഒരാളുടെ ആത്മാവ് മറ്റൊരാളിൽ കയറിക്കൂടുമോ….?

പരേതാത്മാക്കൾ ബാധിക്കുന്നവർ അവർക്ക് അറിവില്ലാത്ത വ്യക്തികളെക്കുറിച്ച് വസ്തുനിഷ്ഠമായി എങ്ങനെ സംസാരിക്കുന്നു എന്ന ചോദ്യം ഈ പ്രതിഭാസത്തിൽ വിശ്വസിക്കാത്തവരെപ്പോലും അലട്ടിയിട്ടുണ്ട്.

സമുദായ പശ്ചാത്തലത്തിൽ വളർന്നു വന്ന എൻ്റെ കൗമാരപ്രായത്തിൽ ഒരു വാരികയിൽ സ്ഥിരമായ പംക്തി കൈകാര്യം ചെയ്തു കൊണ്ടിരുന്ന ഫാ. ജിയോ കപ്പലുമാക്കലിൻ്റെ ഇത്തരം കഥകൾ ധാരാളം വായിച്ചിട്ടുണ്ട്…

‘മരിച്ചു പോയവരുടെ ആത്മാക്കൾ തിരിച്ചു വരുമോ?’ എന്ന ചോദ്യത്തിന് വിശ്വസനീയമായ മറുപടി കാണാൻ കഴിയുന്നത് ഡോ.ജോസഫ് പടിഞ്ഞാറേക്കരയുടെ ‘മൃത്യോ മാ അമൃതം ഗമയ:’ എന്ന പുസ്തകത്തിലാണ്.

അക്കാര്യം ചുരുക്കമായി എഴുതാം. റാന്നി ഭാഗത്ത് മർത്തോമ്മ ഭവനത്തിലെ ഇളയ മകൻ 10-ാം ക്ലാസ്സിൽ പഠിക്കുമ്പോൾ മന്ത്രവാദം പഠിച്ച് നാടുവിട്ടു പോയി. കുറെ നാൾ അയാളെക്കുറിച്ച് ഒരറിവുമില്ലായിരുന്നു. ചില വർഷങ്ങൾ കഴിഞ്ഞ് വടക്കേ ഇന്ത്യയിൽ അവനുണ്ടെന്നറിഞ്ഞ് ജ്യേഷ്ഠൻ അന്വേഷിച്ച് കണ്ടെത്തി…

അവൻ പരേതാത്മാക്കളോട് സംസാരിക്കുമെന്നവകാശപ്പെട്ടു. വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ള ജ്യേഷ്ഠൻ അങ്ങനെയെങ്കിൽ മരിച്ചു പോയ വല്ല്യപ്പച്ചനെ വിളിച്ചു വരുത്താൻ വെല്ലുവിളിച്ചു. അയൽപക്കത്തുള്ള ഒരു ഹിന്ദിക്കാരി പെൺകുട്ടിയെ വിളിച്ചു കൊണ്ട് വന്നിട്ട് അവൻ എന്തോ മന്ത്രം ചെയ്തു. ഉടനെ വല്യപ്പച്ചൻ ചേട്ടനെ വിളിക്കുന്ന അതേ രീതിയിൽ ‘എടാ പൊടി മോനേ!’ എന്നു ആ പെൺകുട്ടി വിളിച്ചു. തുടർന്ന് അവർക്ക് മാത്രമറിയാവുന്ന പല കുടുംബ കാര്യങ്ങളും സംസാരിച്ചു. എതിർ പറവാനോ വിശ്വസിക്കാനോ കഴിയാത്ത ജ്യേഷ്ഠൻ ഒരുവിധത്തിൽ അവിടെ നിന്ന് രക്ഷപ്പെട്ടു…

ചില നാളുകൾ കഴിഞ്ഞ് ഈ അനുജൻ ഒരു മാരക രോഗത്താൽ മരണാസന്നനായി. അദ്ദേഹത്തിൻ്റെ ‘സേവകൾ’ ഒന്നും സഹായിക്കാൻ വന്നില്ല. ഈ സമയം ചിലർ പങ്കുവെച്ച സുവിശേഷം അയാളെ വിശ്വാസ ജീവിതത്തിലേക്ക് നയിച്ചു.

പിന്നീട് അയാൾ ജ്യേഷ്ഠനോട് പറഞ്ഞു: ”അന്ന് ഞാൻ വിളിച്ചു വരുത്തിയത് വല്യപ്പച്ചനെയായിരുന്നില്ല. എൻ്റെ ഒരു ‘സേവ’ യെ ആ പെൺകുട്ടിയിലേക്ക് കടത്തിവിടുകയായിരുന്നു…”

പിശാച് സർവ്വജ്ഞാനിയല്ലെങ്കിലും ഭൂമിയിൽ സംഭവിച്ച് കഴിഞ്ഞതെല്ലാം അവനറിയാം. ഭാവിയിൽ സംഭവിക്കാനുള്ളത് കുറച്ചൊക്കെ അറിയാം. അതുകൊണ്ട് അശുദ്ധാത്മാവ് വല്ല്യപ്പച്ചനായി അഭിനയിക്കുകയായിരുന്നു.

മരണത്തോടെ ഒരു വ്യക്തിയുടെ ആത്മാവ് നിയമിക്കപ്പെട്ട സ്ഥലത്തേക്ക് പോകുകയാണെന്ന് ബൈബിൾ അസന്നിഗ്ദമായി പ്രഖ്യാപിക്കുന്നു. അല്ലാതെ ഇവിടെ കിടന്ന് ചുറ്റിത്തിരിയുകയല്ല.

ശൗലിൻ്റെയും വെളിച്ചപ്പാടത്തിയുടെയും കഥയുടെ വിശകലനത്തിലേക്ക് പോകുന്നതിന് മുമ്പ് അശുദ്ധാത്മാവ് എന്ന കാര്യത്തിൽ ഒരു വ്യക്തത വരുത്തേണ്ടതിനാലാണ് ഇത്രയും കാര്യങ്ങൾ എഴുതിയത്. നാളെ പ്രധാന വിഷയത്തിലേക്ക് വരാം….

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ.സാബു പോൾ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.