ചെറു ചിന്ത: ഹൃദയ ശുദ്ധിയുള്ളവർ… | രാജൻ പെണ്ണുക്കര

ക്രിസ്തിയ ജീവിതത്തിന്റെ പരമ പ്രധാനമായ ലക്ഷ്യം ഇന്നു പലരും മറന്നു കൊണ്ടാണോ ജീവിക്കുന്നത് എന്നു പോലും ചിലപ്പോൾ തോന്നി പോകാറുണ്ട്.!!!.

നമ്മുടെ ക്രിസ്തീയ ജീവിതത്തിന്റെ മുഖ്യ ലക്ഷ്യവും, ഓട്ടവും, അധ്വാനാവും, പ്രത്യാശയും എല്ലാം അവനോടൊപ്പം യുഗയുഗം വാഴണം എന്നുള്ളതല്ലേ!!!.

യേശുവിന്റെ ഗിരി പ്രഭാഷണമായ
മത്തായിയുടെ സുവിശേഷം അഞ്ചാം അദ്ധ്യായത്തിൽ പലതരം ഭാഗ്യവാൻമ്മാരെ കുറിച്ച് പറയുന്നുണ്ട്.

എന്നാൽ അവിടെ വളരെ പ്രധാനപെട്ട ഒരു കൂട്ടത്തെ കുറിച്ച് എടുത്തു പറയുന്നത്,  “ഹൃദയ ശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ; അവർ ദൈവത്തെ കാണും” എന്നാണ്
(മത്താ 5:8).

“ആദ്യം ദൈവത്തെ ഒന്നു കാണാം”…………
പിന്നല്ലേ അവനോടൊപ്പം സദാകാലം വാഴുന്ന കാര്യം ആലോചിക്കുന്നത് ……

കാണുവാനേ കഴിയുന്നില്ലാ എങ്കിൽ…….
പിന്നെ വാഴുന്ന കാര്യത്തിന് എന്തു പ്രസക്തി……

ഒരു ദൈവപൈതലിനെ സംബന്ധിച്ചടത്തോളം വളരെ പ്രധാനമായും ഉണ്ടായിരിക്കേണ്ട ഒരു ഗുണത്തെ കുറിച്ച് മുകളിൽ പറഞ്ഞ വാക്യത്തിൽ വായിക്കുന്നു.

എന്നാൽ ഇന്നത്തെ ഏതു മേഖല പരിശോധിച്ചാലും തുലോം ലഭ്യമല്ലാത്ത ഗുണവും ഇതു തന്നെ എന്നു പറയുന്നതിൽ വിരോധം തോന്നരുത്.

“അബ്രഹാം ദൈവത്തിന്റെ സ്നേഹിതൻ” എന്നു വായിക്കുന്നു. (യാക്കോ 2:23,
യെശയ്യാ 41:8)

അതായത് ഒന്നും ഒളിക്കാതെ പരസ്പരം ഹൃദയങ്ങൾ കൈമാറുന്നവർ ആകുന്നു യഥാർത്ഥത്തിൽ സ്നേഹിതന്മാർ.

ഒരു നല്ല സ്നേഹിതൻ ആകണമെങ്കിൽ രണ്ടു പേരുടെയും ഹൃദയത്തിലെ ചിന്താഗതികൾ ഒന്നാകണം. അവരുടെ ഇടയിൽ ഒരിക്കലും ഒരു മറ പാടില്ല.

അവർ പരസ്പരം നന്നായി മനസ്സിലാക്കിയിരിക്കണം. അതേ അവരുടെ ഹൃദയ സ്പന്ദനം പോലും ഒരേ വേഗതയിൽ ആകണം എന്നു പറയുന്നതിൽ തെറ്റ് കാണുന്നില്ല.

“ഹൃദയശുദ്ധി ഇഷ്ടപ്പെടുന്നവന്നു അധരലാവണ്യം ഉണ്ടു; രാജാവു അവന്റെ സ്നേഹിതൻ” (സദൃ 22:11).

നല്ല ഹൃദയശുദ്ധി ഉണ്ടെങ്കിൽ മാത്രമേ
ഒരു നല്ല സ്നേഹിതൻ ആയി മാറുവാനും, ആ സ്നേഹബന്ധം സദാകാലം നില നിർത്തുവാനും സാധിക്കു.

എന്നാൽ മറിച്ചു കാര്യസാധ്യത്തിനും, താത്കാലിക നേട്ടങ്ങൾക്കും വേണ്ടി ചതിവും, വഞ്ചനയും, കൗശലവും ആണ് ഹൃദയത്തിനുള്ളിൽ എങ്കിൽ എങ്ങനെ ആകും…..

അബ്രഹാമിന് ദൈവത്തിന്റെ സ്നേഹിതൻ ആകമെങ്കിൽ, നമുക്കും ദൈവത്തിന്റെ സ്നേഹിതൻ ആകുവാൻ കഴിയുമോ എന്നതാണ് ചോദ്യം.

നമ്മുടെ “ദൈവം… നിർമ്മല ഹൃദയമുള്ളവർക്കു തന്നേ, നല്ലവൻ ആകുന്നു നിശ്ചയം” (സങ്കീ 73:1).

വിശ്വാസ ജീവിതത്തിൽ ആദ്യമായി കർത്താവിനു നാം കൊടുക്കുന്നതും,
കർത്താവു നമ്മോട് ചോദിക്കുന്നതും ഹൃദയമാണ്.

കൂടാതെ കർത്താവു വസിക്കാൻ ആഗ്രഹിക്കുന്നതുമായ പ്രധാന സ്ഥലവും “ഹൃദയം” ആകുന്നു.

അതുകൊണ്ടു തന്നെയാണ് നമ്മുടെ ഹൃദയം ഏറ്റവും ശുദ്ധമായിരിക്കണം എന്നു ദൈവം കർശനമായി നിർദ്ദേശിക്കുന്നത്.

എന്നാൽ ഇന്നു അതു മാലിന്യങ്ങളുടെ കൂമ്പാരമായി മാറുന്നു. അതുകൊണ്ട് ദാവീദ് അപേക്ഷിക്കുകയാണ്, “ദൈവമേ, നിർമ്മലമായോരു ഹൃദയം എന്നിൽ സൃഷ്ടിച്ചു, സ്ഥിരമായോരാത്മാവിനെ എന്നിൽ പുതുക്കേണമേ” (സങ്കീ 51:10).

ഒരു ദൈവ പൈതലിനു വേണ്ടിയ അഭിഭാജ്യ ഘടകം, “വെടിപ്പുള്ള കൈയും, നിർമ്മല ഹൃദയവും, വ്യാജത്തിന്നു മനസ്സുവെക്കാതെയും കള്ളസ്സത്യം ചെയ്യാതെയും ഇരിക്കുന്ന അവസ്ഥ ആകുന്നു” (സങ്കീ 24:4).

“യഹോവയോ ഹൃദയങ്ങളെയും, ആത്മാക്കളെയും തൂക്കി നോക്കുന്നു” എന്നു നാം സദൃശ്യ വാക്യങ്ങളിലും, “എന്റെ ദൈവം ഹൃദയത്തെ ശോധന ചെയ്തു പരമാർത്ഥതയിൽ പ്രസാദിക്കുന്നു” എന്നു ദിനവൃത്താന്ത പുസ്തകത്തിലും വായിക്കുന്നു.

എന്നാൽ ഇന്നു പലതും ചെയ്തു കൂട്ടിയിട്ടു
ഞാൻ പരാമർത്ഥഹൃദയം ഉള്ളവൻ എന്നു അഭിനയിച്ചു രക്ഷപെടാം എന്നു വിചാരിച്ചാൽ നമ്മുടെ ധാരണകൾ തെറ്റിപ്പോയി, അവൻ “നിർമ്മലനോടു നിർമ്മലനാകുന്നു; വക്രനോടു വക്രത കാണിക്കുന്നു” എന്നു വചനം മുന്നറിയിപ്പ് നൽകുന്നു” (സങ്കീ18:26).

അതുകൊണ്ട് “നമ്മുടെ കൈകളെ വെടിപ്പാക്കുവിൻ; ഇരുമനസ്സുള്ളോരേ, ഹൃദയങ്ങളെ ശുദ്ധീകരിപ്പിൻ…..അതേ
ശുദ്ധീകരണം പ്രാപിപ്പാൻ ഉത്സാഹിപ്പിൻ ശുദ്ധീകരണം കൂടാതെ ആരും കർത്താവിനെ കാണുകയില്ല”……

ഒരുകാര്യം സത്യമാണ് എല്ലാവരുടെയും മടക്കയാത്ര ടിക്കറ്റ് ഉറപ്പാക്കിയിരിക്കയാണ് (റിട്ടേൺ ടിക്കറ്റ് കൺഫേം) എന്നാൽ വ്യത്യസ്ത തീയതികളിൽ എന്നു മാത്രം.

“നമ്മുടെ ജീവൻ എങ്ങനെയുള്ളതു? അല്പനേരത്തേക്കു കാണുന്നതും പിന്നെ മറഞ്ഞുപോകുന്നതുമായ ആവിയല്ലോ”
(യാക്കോ 4:14)…..“സകലജഡവും പുല്ലുപോലെയും അതിന്റെ ഭംഗി എല്ലാം പുല്ലിന്റെ പൂപോലെയും ആകുന്നു; പുല്ലു വാടി പൂവുതിർന്നുപോയി” (1 പത്രൊ1:24).

നമുക്ക് ഹൃദയം നിറഞ്ഞു ആത്മസംതൃപ്തിയോടെ ജീവിക്കാം….. എന്നാൽ ഹൃദയത്തിൽ പലതും
നിറച്ചുള്ള ജീവിതം വേണ്ടാ…….
അതു അപകടത്തിലേക്കുള്ള യാത്രയാണ്…

ദൈവമക്കളെ നമുക്ക് ശാന്തമായി ഒന്നു ചിന്തിച്ചു നോക്കാം, നമ്മുടെ ഇപ്പോഴത്തെ
ഹൃദയത്തിന്റെ അവസ്ഥ വച്ച് കർത്താവിനെ കുറഞ്ഞ പക്ഷം കാണുവാൻ എങ്കിലും സാധിക്കുമോ,….
…..പിന്നെയാകട്ടെ പോകുന്ന കാര്യം….

(രാജൻ പെണ്ണുക്കര)
വസായ് റോഡ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.