ശുഭദിന സന്ദേശം: സന്താപവും സന്തോഷവും | ഡോ.സാബു പോൾ

”നിങ്ങൾ കരഞ്ഞു വിലപിക്കും; ലോകമോ സന്തോഷിക്കും; നിങ്ങൾ ദുഃഖിക്കും; എന്നാൽ നിങ്ങളുടെ ദുഃഖം സന്തോഷമായിത്തീരും”(യോഹ.16:20).

post watermark60x60

ദൈവത്തിൽ ആഴമായ വിശ്വാസമുണ്ടായിരുന്ന ഒരു മനുഷ്യൻ വേദനാജനകമായ അവസ്ഥയിലൂടെ കടന്നുപോകയായിരുന്നു.

…ബിസിനസ്സിൽ പരാജയം.
…സാമ്പത്തീക പരാധീനതകൾ.
…ഭാര്യയ്ക്ക് മാരകരോഗം.

Download Our Android App | iOS App

എങ്കിലും അദ്ദേഹം വിശ്വാസത്തിൽ അടിയുറച്ചു നിന്നു….

ഒരു ദിവസം അദ്ദേഹം ജോലിയന്വേഷണാർത്ഥം നടന്നു പോകവെ
കുറച്ച് ആളുകൾ ഒരു ചർച്ചിൻ്റെ കല്പണി ചെയ്യുന്നത് നിരീക്ഷിച്ചു. അതിൽ ഒരാൾ ഒരു ത്രികോണാകൃതിയിലുള്ള കല്ല് ഉളി കൊണ്ട് രൂപപ്പെടുത്തുകയാണ്.

”ഈ ചെറിയ കഷണം കല്ല് നിങ്ങൾ എവിടെയാണ് വെയ്ക്കാൻ പോകുന്നത്?”

ആകാംക്ഷയോടെ അദ്ദേഹം ചോദിച്ചു….

“ആ ടവറിൻ്റെ മുകളിലെ ചെറിയ പൊഴി കണ്ടില്ലേ? അവിടെ കൃത്യമായി വയ്ക്കാനാണ് താഴെ ഈ കല്ല് രൂപപ്പെടുത്തുന്നത്.”

ആ വാക്കുകൾ കേട്ട അദ്ദേഹം നടന്നു നീങ്ങുമ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു…..

തൻ്റെ പ്രശ്നഭരിതമായ ജീവിതാനുഭവങ്ങളിലൂടെ ദൈവം ഇടപെടുന്നതായി അയാൾക്ക് മനസ്സിലായി.
“ഇവിടെ, ഈ ഭൂമിയിൽ ഞാൻ നിന്നെ ചെത്തിയൊരുക്കുന്നത് ഉയരത്തിൽ ഞാനുദ്ദേശിക്കുന്നിടത്ത് അനുയോജ്യമായി തീരേണ്ടതിനാണ്.”

ഈ ലോകത്തിലെ വേദനകൾ, സഹനങ്ങൾ, സങ്കടങ്ങൾ എന്നീ ഇടനാഴികളിലൂടെ നമ്മെ കടത്തിവിടുന്നത്
ആനന്ദവും സന്തോഷവും എന്ന പരമ ലക്ഷ്യത്തിലേക്കാണ് എന്ന് ഇന്നത്തെ വേദഭാഗത്ത് യേശു പറയുന്നു.

ബലഹീനവും ലോലവുമായ അപ്പൊസ്തലന്മാരുടെ മാനസീകാവസ്ഥയിൽ വളരെ പ്രായോഗികമായ ഒരു സാദൃശ്യമാണ് കർത്താവ് നൽകുന്നത്.

”സ്ത്രീ പ്രസവിക്കുമ്പോൾ തന്റെ നാഴിക വന്നതു കൊണ്ടു അവൾക്കു ദുഃഖം ഉണ്ടു; കുഞ്ഞിനെ പ്രസവിച്ചശേഷമോ ഒരു മനുഷ്യൻ ലോകത്തിലേക്കു പിറന്നിരിക്കുന്ന സന്തോഷം നിമിത്തം അവൾ തന്റെ കഷ്ടം പിന്നെ ഓർക്കുന്നില്ല”(യോഹ. 16: 21)

ആ വേദന അസഹനീയമാണ്. ഒരിക്കലും ഇത്തരം വേദനയിലൂടെ വരേണ്ടായിരുന്നു എന്ന് ചിന്തിച്ചു പോകും. പക്ഷേ, കുഞ്ഞിൻ്റെ ജനനത്തോടെ മാതാവ് അതെല്ലാം സമ്പൂർണ്ണമായി മറക്കുന്നു.
വേദന ആഹ്ളാദമായിത്തീരുന്നു…..

നമ്മൾ കടന്നു പോകുന്ന കഠിനശോധനകളിലും കഷ്ടങ്ങളിലും എങ്ങനെ ഇതു തരണം ചെയ്യുമെന്ന ചോദ്യമുയരാം….
ഒരിക്കലും ഇതു വേണ്ടായിരുന്നു എന്ന് മനസ്സ് ആവർത്തിച്ചെന്നും വരാം….

എന്നാൽ കഷ്ടതയുടെ പാരമ്യത്തിൽ പരിഹാരത്തിൻ്റെ ദൈവകരം നീണ്ടു വരുമ്പോൾ പെട്ടെന്ന് കരച്ചിൽ സന്തോഷമായി മാറുന്നു…
ആശങ്ക ആവേശമായി പരിണമിക്കുന്നു…

ശിഷ്യന്മാരെ വിട്ട് യേശു പോയപ്പോൾ, അവർ വേദനിച്ചു…
പരിഭ്രമിച്ചു….
അടച്ചിട്ട മുറിക്കകത്ത് അനിശ്ചിതത്വത്തിലേക്ക് മിഴി തുറന്നിരുന്ന അവർ പറഞ്ഞു കാണും: “ഒന്നും വേണ്ടായിരുന്നു…..”

പക്ഷേ, അവിടുന്ന് അരുളിച്ചെയ്തതുപോലെ ഹ്രസ്വമായ ഇടവേളക്കപ്പുറം യേശു അവരുടെ അടുക്കൽ വന്നു.
അവരുടെ ലോക്ക് ഡൗൺ മാറി….
വിഷാദം നീങ്ങി….
പരിശുദ്ധാത്മാവ് അവരിലേക്കിറങ്ങി….
ലോകത്തിന് നൽകാനാവാത്ത സന്തോഷം അവരിൽ നിറഞ്ഞു….

പ്രിയമുള്ളവരേ,
നാം കടന്നു പോകുന്ന ഇടനാഴികൾ ഇരുട്ടിലവസാനിക്കില്ല…
കാരണം, അവിടുന്നാണ് നമ്മെ അത്തരം അനുഭവത്തിലൂടെ കടത്തിവിടുന്നത്…
സന്താപം സന്തോഷമായി പരിണമിക്കും….!

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ. സാബു പോൾ

-ADVERTISEMENT-

You might also like