ശുഭദിന സന്ദേശം : ശാസന ശാന്തത | ഡോ.സാബു പോൾ

”ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ട് എന്ന് അരുളിച്ചെയ്തു”(മത്താ.28: 20).

യേശുക്രിസ്തു തൻ്റെ ശുശ്രൂഷ തികച്ച് സ്വർഗ്ഗത്തിലേക്ക് തിരിച്ചു ചെല്ലുകയാണ്…

ആഹ്ലാദാരവങ്ങളോടെയുള്ള സ്വീകരണം…
ദൂതന്മാർ വന്ന് യേശുവിന് ചുറ്റും നിരന്നു…

ഒരു ദൂതൻ കർത്താവിനോട് തുറന്നു ചോദിച്ചു:

”കർത്താവേ, അങ്ങ് ഭൂമിയിൽ ഏറ്റവും ശ്രേഷ്ഠമായ കാര്യങ്ങളാണ് ചെയ്തു തീർത്തത്. അങ്ങയുടെ രാജ്യത്തിൻ്റെ വിത്ത് അനേകരിൽ വിതച്ചു കഴിഞ്ഞു….
പക്ഷേ…
എനിക്കൊരു സംശയം….
അങ്ങയുടെ പ്രവൃത്തി തുടരാൻ വെറും 12 പേരെയാണ് അവിടുന്ന് ഏല്പിച്ചിരിക്കുന്നത്…
…അവരാണെങ്കിൽ അത്ര കഴിവില്ലാത്തവരും…
അവരെക്കൊണ്ട് എങ്ങനെ അങ്ങയുടെ പ്രവൃത്തി തുടരാനാവും…?”

കർത്താവ് ആ ദൂതനെ നോക്കി. ഒന്നു പുഞ്ചിരിച്ചു.

”എനിക്കറിയാം അവർ വിരലിലെണ്ണാവുന്ന വിധം ചുരുക്കമാണ്….
കഴിവു കുറഞ്ഞവരുമാണ്….

…എന്നാൽ ഞാൻ അവരോട് കൂടെയിരിക്കും..
… എനിക്കവരെ വിശ്വാസമാണ്..!”

അവരിൽ കുറവുകളുണ്ടായിരുന്നു…

…എമ്മവൂസിലേക്ക് തർക്കിച്ചും വാദിച്ചും പോയവർ നടന്ന കാര്യങ്ങളെക്കുറിച്ച് സംശയമുള്ളവരായിരുന്നു.
…അടച്ചിട്ട മുറിക്കുള്ളിൽ ഒളിച്ചിരുന്ന ശിഷ്യന്മാർ ഭീരുക്കളായിരുന്നു.
…മീൻ പിടിക്കാൻ പോയ ശിഷ്യന്മാർ നിരാശിതരായിരുന്നു.

അനിശ്ചിതത്വത്തിൻ്റെയും അവിശ്വാസത്തിൻ്റെയും കുറ്റികളിൽ കെട്ടിയിടപ്പെട്ട ശിഷ്യവൃന്ദത്തെ അവിടുന്ന് സ്വതന്ത്രരാക്കി….
അവൻ അവരോട് ചേർന്ന് നടന്നപ്പോൾ…
വചനത്തിൽ ഉറപ്പിച്ചപ്പോൾ…
സ്നേഹപൂർവ്വം ശാസിച്ചപ്പോൾ…
…അവരിലെ അവിശ്വാസം അപ്രത്യക്ഷമായി!
…അവർ പുനരുത്ഥാനത്തിൽ പ്രത്യാശയുള്ളവരായി!
…വചനത്തിൽ നിശ്ചയമുള്ളവരായി!

യേശുവിനറിയാമായിരുന്നു തൻ്റെ സാന്നിധ്യം അവരെ ശക്തീകരിക്കുമെന്ന്. അതുകൊണ്ടാണ് അവിടുന്ന് അരുളിച്ചെയ്തത്: ”ഞാനോ ലോകാവസാനത്തോളം എല്ലാ നാളും നിങ്ങളോട് കൂടെയുണ്ട്. ”

എന്തുകൊണ്ടാണ് ശിഷ്യന്മാർ അവിശ്വസിച്ചത്…?
ഭയപ്പെട്ടത്….?
പിന്മാറിയത്….?

…അപ്രതീക്ഷിതമായത് സംഭവിച്ചതിനാൽ!
…കണക്കുകൂട്ടലുകൾ പിഴച്ചതിനാൽ!

പക്ഷേ, കൂടെ നടക്കാമെന്ന് വാക്കുപറഞ്ഞവൻ കൈവിട്ടില്ല!

ഇന്ന്…
അപ്രതീക്ഷിതമായി പലതും സംഭവിക്കുന്നു.
കണക്കുകൂട്ടലുകൾ കൈവിട്ടു പോകുന്നു.
അനിശ്ചിതത്വമാണെവിടെയും.

എന്നാൽ…

അവയുടെ നടുവിലും….
അവൻ്റെ സാന്നിദ്ധ്യം അനുഭവിക്കുന്നുണ്ടോ…?
സ്നേഹത്തിൻ്റെ ശാസന ശ്രവിക്കുന്നുണ്ടോ…?

എങ്കിൽ…
ഓളങ്ങളും തിരമാലകളും അമരും…
ശൂന്യതകൾ അന്യമാകും….
സകലതും ശാന്തമാകും…

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ.സാബു പോൾ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.