ശുഭദിന സന്ദേശം : വൃതൻമാർ മൃതൻമാർ | ഡോ.സാബു പോൾ

”ഇന്നുമുതൽ കർത്താവിൽ മരിക്കുന്ന മൃതന്മാർ ഭാഗ്യവാന്മാർ…..അവരുടെ പ്രവൃത്തി അവരെ പിന്തുടരുന്നു”(വെളി. 14:13).

സ്കൂൾ വിദ്യാഭ്യാസ കാലത്ത് മലയാളം അദ്ധ്യാപകൻ പഠിപ്പിച്ച ഒരു കാര്യം ഇന്നും മറന്നിട്ടില്ല. ‘പതിവ്രത’ എന്ന വാക്കിൻ്റെയർത്ഥം ഭർത്താവിൽ വ്രതമുള്ളവൾ(വിശ്വസ്തയായ ഭാര്യ) എന്നാണ്. പക്ഷേ, പകരം എഴുതുന്നത് ‘പതിവൃത’ എന്നാണെങ്കിൽ അർത്ഥം നേർ വിപരീതമാകും ‘പതികളാൽ ചുറ്റപ്പെട്ടവൾ'(ഒത്തിരി ഭർത്താക്കന്മാർ ഉള്ളവർ).

ബൈബിളിൽ കാണുന്ന ഒരു വാക്കാണ് വൃതന്മാർ. പക്ഷേ, വ്രതന്മാർ എന്നാണ് ശരിയായ പദം(വ്രതമനുഷ്ഠിക്കുന്നവർ). ആംഗലേയ ഭാഷയിൽ elected (തിരഞ്ഞെടുക്കപ്പെട്ടവർ) എന്നാണ് ഉപയോഗിച്ചിരിക്കുന്നത്.

*മൃതന്മാർ*

എതിർ ക്രിസ്തുവിൻ്റെ ഭീഷണിക്കും പീഢനത്തിനും മുമ്പിൽ പതറാതെ, പ്രലോഭനത്തിൽ വഴങ്ങാതെ, മൃഗത്തിനും കള്ള പ്രവാചകനും കീഴടങ്ങാതെ, രക്ത സാക്ഷികളായവരാണ് ഇവർ. പിന്നീട് ജീവിച്ച് ക്രിസ്തുവിനോടുകൂടെ ആയിരം വർഷം വാഴാൻ ഭാഗ്യം ലഭിച്ചവരാണ് അവർ(20:4).

അവരുടെ പ്രവൃത്തി അവരെ പിന്തുടരുന്നു എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. നല്ല പ്രവൃത്തികൾ മുമ്പേ പോയി അവർക്കു വേണ്ടി സ്വർഗ്ഗം തുറക്കുകയല്ല, സൽപ്രവൃത്തികൾ അവരെക്കൂടെ സ്വർഗ്ഗത്തിലേക്ക് കൊണ്ടുപോകുകയുമല്ല, സ്വർഗ്ഗത്തിലെത്തിയവർക്ക് പിന്നീട് പ്രവൃത്തികൾക്കനുസരിച്ചുള്ള പ്രതിഫലം ലഭിക്കുകയാണ്.

*വ്രതന്മാർ*

വ്രതന്മാരെക്കുറിച്ച് ധാരാളം വേദഭാഗങ്ങളുണ്ട്(മത്താ. 24:22,24,31; ലുക്കൊ.18:7, കൊലോ.3:12, തീത്തോ.1:3,1പത്രോ.1: 2).

ഒരു കാര്യം മാത്രം ചിന്തിക്കാം. യേശുക്രിസ്തുവിൻ്റെ മടങ്ങിവരവിനും ലോകാവസാനത്തിനും അടയാളം ചോദിച്ച ശിഷ്യന്മാരോട് (മത്താ. 24:3) പല അടയാളങ്ങൾ കർത്താവ് വിവരിക്കുമ്പോൾ അതിൽ ഒന്നാണ് കഴിയുമെങ്കിൽ വ്രതൻമാരെയും തെറ്റിപ്പാനായി കള്ള ക്രിസ്തുക്കളും കള്ള പ്രവാചകന്മാരും വലിയ അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കുമെന്നത് (24:24).

എന്നാൽ വചനത്തിൽ അചഞ്ചലമായി നിൽക്കുന്ന വ്രതന്മാരെ കൂട്ടിച്ചേർക്കാനായി കർത്താവ് തേജസ്സോടെ വരും(24:31).

വ്രതന്മാരെ തിരിച്ചറിയുന്നത് അത്ഭുതങ്ങളിലോ അടയാളങ്ങളിലോ അല്ല…….
തെറ്റിച്ചു കളയുന്ന പിശാചിൻ്റെ ഏതു കുതന്ത്രങ്ങളുടെ നടുവിലും തെറ്റിപ്പോകാതിരിക്കുന്നതിലാണ്..!

വ്രതന്മാർ എന്നു ചിന്തിച്ച പലരും….
…പണം കുമിഞ്ഞുകൂടിയപ്പോൾ സ്വന്തമായ സാമ്രാജ്യങ്ങൾ പണിതു.
…വചനത്തെ പിറകിൽ എറിഞ്ഞു കളഞ്ഞു.
…വിശുദ്ധിയും വേർപാടും നഷ്ടമാക്കി.
കാരണം, അവർ ഈ ലോകത്തിൻ്റെ മോഹത്താലും ദ്രവ്യാഗ്രഹത്താലും ചുറ്റപ്പെട്ട ‘വൃതൻ’മാരായിരുന്നു…

എന്നാൽ, യഥാർത്ഥ വ്രതന്മാർ ഉപദ്രവത്തിൻ്റെയും കഠിന പരീക്ഷകളുടെയും നടുവിൽ ജീവൻ ത്യജിച്ച് മൃതന്മാരാകും. അവരെ ഭാഗ്യവാന്മാരെന്ന് സ്വർഗ്ഗം വിളിക്കും…
കാരണം, അവർ ക്രിസ്തുവിനോടുകൂടെ വാഴാനുള്ളവരാണ്…..!

പ്രിയമുള്ളവരേ,
നമ്മൾ വ്രതൻമാരോ…..?
അതോ, വൃതൻമാരോ…?

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ.സാബു പോൾ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.