ശുഭദിന സന്ദേശം: ബഹുജനം പലവിധം | ഡോ.സാബു പോൾ

”രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ കൂടിവരുന്നേടത്തൊക്കയും ഞാൻ അവരുടെ നടുവിൽ ഉണ്ട് ”(മത്താ.18:20).

ശുഭദിന സന്ദേശം ലഭിക്കാനായി എന്നെ പല വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലും ചേർത്തിട്ടുണ്ട്. അതുകൊണ്ട് ധാരാളം വാർത്തകളും ചർച്ചകളും കാണാനുള്ള ഭാഗ്യമോ, നിർഭാഗ്യമോ ഉണ്ടായിട്ടുണ്ട്….

വളരെ ശ്രദ്ധേയവും രസകരവുമായ ചിന്തകൾ, നാം സാധാരണ കേൾക്കാത്ത മറ്റുള്ളവരുടെ വാദമുഖങ്ങൾ, എന്നിവ ചില ഗ്രൂപ്പുകളിൽ കാണാൻ കഴിയുന്നുവെന്നതാണ് ഭാഗ്യം…..

മിക്കവാറും കേട്ടതും കണ്ടതും പല ഗ്രൂപ്പുകളിലും ആവർത്തിച്ച് കണ്ട് തുടർച്ചയായി ഡിലീറ്റ് ചെയ്യേണ്ടി വരുന്നുവെന്നത് നിർഭാഗ്യം. ഫെയ്ക്ക് വാർത്ത കാണുമ്പോൾ ‘ശരിയല്ല’ എന്ന് കമൻ്റിടുമ്പോഴേക്കും പത്ത് ഗ്രൂപ്പുകളിൽ അതേ കാര്യം ആവർത്തിച്ച് കാണേണ്ടി വരുന്നത് ദൗർഭാഗ്യം…

ഇത്രയും ആമുഖം എഴുതാനുള്ള കാരണം തത്സമയ ആരാധനയെക്കുറിച്ചുള്ള ചർച്ചകളാണ്. ‘അമ്മയെ തല്ലിയാലും രണ്ട് പക്ഷമെന്നാണ്’ സാധാരണയായി നമ്മൾ കേട്ടിട്ടുള്ളത്. പക്ഷേ, പെന്തെക്കോസ്തിൽ ‘ആരെയും തല്ലിയില്ലെങ്കിലും ബഹുപക്ഷങ്ങളാണ്.’

ലൈവ് സഭായോഗങ്ങളെക്കുറിച്ചുള്ള ചർച്ചകളിലെ പ്രധാന അഭിപ്രായങ്ങൾ പരിശോധിക്കാം…

▪️ലൈവ് സഭായോഗങ്ങൾ വചന വിരുദ്ധമാണ്.
▪️ലൈവ് സഭായോഗം വേണ്ട, സന്ദേശം മാത്രം നൽകിയാൽ മതി.
▪️ ലൈവ് സഭായോഗത്തിൽ ഒരു തെറ്റുമില്ല.
▪️കാണുന്നവരെല്ലാം ലൈവിടുന്നത് വലിയ ശല്യമായിരിക്കുകയാണ്.
▪️ഇത് മറ്റുള്ളവരുടെ മുമ്പിൽ അപഹാസ്യമാണ്.
▪️നിർബ്ബന്ധമാണെങ്കിൽ അവരവരുടെ ഗ്രൂപ്പിൽ ഇടട്ടെ.

വിസ്താര ഭയത്താൽ എല്ലാം ചർച്ച ചെയ്യാനാഗ്രഹിക്കുന്നില്ല. എങ്കിലും, ചില കാര്യങ്ങൾ ചൂണ്ടിക്കാട്ടട്ടെ.

‘ലൈവ് സഭാ യോഗങ്ങൾ വചനപ്രകാരമല്ല’ എന്ന് അഭിപ്രായപ്പെട്ടയാൾ പറയുന്നത് പുതിയ നിയമസഭയിൽ അത്തരം ആരാധന ഒരിടത്തും ഉണ്ടായിട്ടില്ലെന്നതാണ്. വിളിച്ചു വേർതിരിക്കപ്പെട്ടവർ ഒരുമിച്ച് കൂടിയാണ് ആരാധിച്ചത്. യന്ത്രങ്ങളുടെ മുന്നിലിരുന്നുള്ള ആരാധന യാന്ത്രീകമാണ്….

വചനപ്രകാരമല്ല എന്നു പറഞ്ഞാൽ അതിനർത്ഥം വചന വിരുദ്ധമെന്നാണ്.

ചില ചോദ്യങ്ങൾ….
…അന്ന് കൊറോണയുണ്ടായിരുന്നോ?
…അന്ന് സാമൂഹ്യ മാധ്യമങ്ങളുണ്ടായിരുന്നോ?

വചനത്തിലെ കാലഘട്ടത്തിൽ നിന്നും വിഭിന്നമായ സാഹചര്യങ്ങൾ സംജാതമാകുമ്പോൾ ബൈബിളിലെ കാര്യങ്ങളെ ഇന്നത്തെ സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തി വ്യാഖ്യാനിക്കണം. ഇവിടെയാണ് കേവല പാരായണത്തെക്കാൾ വ്യാഖ്യാനത്തിൻ്റെ പ്രസക്തി വർദ്ധിക്കുന്നത്.

യിസ്രായേൽജനം ആരാധനയ്ക്കായി കൂടി വന്നിരുന്നത് യെരുശലേം ദൈവാലയത്തിലായിരുന്നു. അങ്ങനെ തന്നെയാണ് നിയമത്തിൽ നിഷ്കർഷിച്ചിരുന്നത്.

എന്നാൽ, ദൈവാലയം തകർക്കപ്പെടുകയും പ്രവാസികളായി ബാബിലോണിലേക്ക് പോകേണ്ടി വരികയും ചെയ്തപ്പോൾ എന്താണവർ ചെയ്തത്?

ആത്മീയത തകർന്നു പോകാതിരിക്കാൻ സിന്നഗോഗുകൾ സ്ഥാപിച്ചു. അവിടെ യാഗങ്ങളല്ലായിരുന്നു. പ്രാർത്ഥനയും പാട്ടും വചനധ്യാനവും ആശിർവ്വാദവും ഉണ്ടായിരുന്നു.

ഈ സംവിധാനത്തെ ദൈവം അംഗീകരിച്ചു.
…യോഹന്നാൻ സ്നാപകൻ ഇതിനെ എതിർത്തില്ല!
…യേശു സിന്നഗോഗുകളിൽ പോയി!
…അപ്പൊസ്തലൻമാർ സിന്നഗോഗ് ആരാധനകളിൽ പങ്കെടുത്തു!

എല്ലാവർക്കും ഒരുമിച്ച് കൂടി വരുവാനുള്ള സാഹചര്യവും ദൈവാലയവുമില്ലെങ്കിലും പത്ത് പേർ ഒരുമിച്ച് കൂടുന്ന സിന്നഗോഗിലെങ്കിലും ആരാധന നടക്കട്ടെ….
വചനം കേട്ടും ദൈവത്തെ സ്തുതിച്ചും അവർ ആത്മീയമായി ശക്തിപ്പെടട്ടെ….
അതല്ലേ നല്ലത്….?

പ്രതിസന്ധികളിലും പ്രത്യാശ കൈവിടാതിരിക്കാം…
രോഗങ്ങളിലും ആരാധന അലക്ഷ്യമാകാതിരിക്കാം……
സഹവിശ്വാസികൾക്ക് ധൈര്യം പകരാം…
നാളെ തുടർന്ന് ചിന്തിക്കാം.

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.
ഡോ. സാബു പോൾ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.