ശുഭദിന സന്ദേശം: പഴയതും പുതിയതും | ഡോ.സാബു പോൾ

”പിന്നെ പഴയതു കുടിച്ചിട്ടു ആരും പുതിയതു ഉടനെ ആഗ്രഹിക്കുന്നില്ല; പഴയതു ഏറെ നല്ലതു എന്നു പറയും”(ലൂക്കൊ. 5:39).

മത്തായി എന്ന പേരിൽ പിന്നീട് പ്രശസ്തനായ യേശുവിൻ്റെ ശിഷ്യന് ലേവി എന്ന് മറ്റൊരു പേരും കൂടിയുണ്ടായിരുന്നു. അദ്ദേഹത്തെ യേശു ശിഷ്യനാകാൻ ക്ഷണിക്കുന്നതും ലേവി തൻ്റെ വീട്ടിൽ വിരുന്നൊരുക്കുന്നതുമാണ് ഈ വേദഭാഗത്തിൻ്റെ പശ്ചാത്തലം…

ഇതിൻ്റെ സമാന്തര വേദഭാഗങ്ങൾ മത്താ.9:9-13, മർക്കൊ.2:14-17 എന്നിവിടങ്ങളിലുണ്ട്. തൻ്റെ വീട്ടിൽ ഒരു ‘വലിയ വിരുന്നൊ’രുക്കിയ കാര്യം മത്തായി പറയാതെ വിടുമ്പോൾ ‘സകലവും സൂക്ഷ്മമായി പരിശോധിച്ചിട്ട് ക്രമമായി’ എഴുതിയ ലൂക്കോസ് കൃത്യമായി വിശദാംശങ്ങൾ പരാമർശിക്കുന്നു.

വിരുന്നിൻ്റെ പിന്നിൽ…
▪️തന്നെ അനുഗമിക്കാൻ ക്ഷണിച്ച യേശുവിനോടുള്ള നന്ദി പ്രകടനമുണ്ടായിരുന്നു…
▪️തൻ്റെ സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും യേശുവിൻ്റെ വചനം ശ്രവിക്കാനുള്ള അവസരമൊരുക്കലായിരുന്നു…
▪️ എല്ലാവരോടുമുള്ള യാത്ര പറച്ചിലായിരുന്നു…

പതിവുപോലെ കുറ്റം കണ്ടുപിടിക്കാനെത്തിയ പരീശന്മാരും ശാസ്ത്രിമാരും രണ്ട് കുറ്റങ്ങൾ ശിഷ്യന്മാരിൽ ആരോപിക്കുന്നു.
1. പാപികളോടുകൂടി തിന്നു കുടിക്കുന്നു…
2. യോഹന്നാൻ്റെ ശിഷ്യന്മാരെയും പരീശന്മാരെയും പോലെ കൂടെക്കൂടെ ഉപവസിക്കുന്നില്ല…

യേശു പറയുന്ന മറുപടികളുടെ സമാപനമാണ് ഇന്നത്തെ വാക്യം.

”പഴയ വീഞ്ഞ് കുടിക്കുന്നവർക്ക് പുതിയതിനോട് ആഗ്രഹമില്ല. പഴയത് എറെ നല്ലത് എന്നു പറയും.”

പുതിയത് രുചിച്ചു നോക്കാനുള്ള മനോഭാവം പോലും ഇവർക്കില്ല. അതിനു മുമ്പേ തീരുമാനിച്ചു കഴിഞ്ഞു പഴയതാണ് നല്ലത്….

എന്താണ് പഴയത്…..?

…അക്ഷരത്തിൻ്റെ ശുശ്രൂഷ!
…അബദ്ധജഡിലമായ അർപ്പണങ്ങൾ!
…ആവർത്തിച്ച് ഉരുവിടുന്ന വരണ്ട വാക്കുകൾ!
…ജീവരഹിത യാഗങ്ങൾ!

പുതിയത് പരീക്ഷിച്ചു നോക്കാൻ തയ്യാറെങ്കിൽ വരണ്ടതും ഉണങ്ങിയതുമായ അനുഭവങ്ങൾ മാറി ഇളമ്പുല്ലുകളുടെ നവ്യാനുഭവം വെളിപ്പെടും…..

…ആത്മാവിൻ്റെ ശുശ്രൂഷ!
…അനുഭവിച്ചറിയുന്ന ദൈവസാന്നിധ്യം!
…ആത്മനിറവിൽ അനിയന്ത്രിതമായി ഉയരുന്ന സ്തുതികൾ!
…ജീവനും വിശുദ്ധിയുമുള്ള യാഗങ്ങൾ!

പ്രിയമുള്ളവരേ,
ക്രൈസ്തവരിൽ പലരും പഴയതിൻ്റെ കൂടെ പുതിയത് കൂട്ടിത്തുന്നാൻ ശ്രമിക്കുമ്പോൾ, പുതിയതിൻ്റെ ശ്രേഷ്ഠതയും തനിമയും തിരിച്ചറിയാൻ ഭാഗ്യം ലഭിച്ചതിനാൽ ദൈവത്തെ സ്തുതിക്കാം….!

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ. സാബു പോൾ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.