ശുഭദിന സന്ദേശം : എന്തുംചെയ്യാം എന്തുചെയ്യാൻ | ഡോ.സാബു പോൾ

”എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിന്നും മതിയാകുന്നു.(I can do all things through Christ which strengtheneth me)”(ഫിലി. 4:13).

post watermark60x60

ആവേശത്തിൻ്റെ കൊടുമുടിയിലേക്ക് പ്രേക്ഷകരെ ചടുല വേഗത്തിൽ കൊണ്ടെത്തിക്കുന്ന ക്രിക്കറ്റ് മാമാങ്കമാണ് ട്വൻറി ട്വൻ്റി.

2020(ട്വൻറി ട്വൻ്റി)യെ അതു കൊണ്ട് തന്നെ ഒത്തിരി പ്രതീക്ഷകളോടെയാണ് സകല മനുഷ്യരും കാത്തിരുന്നത്.

Download Our Android App | iOS App

ശാസ്ത്രലോകം 2020 ൽ സംഭവിക്കാൻ പോകുന്ന കണ്ടുപിടുത്തങ്ങളെക്കുറിച്ചാണ് പ്രതീക്ഷയർപ്പിച്ചതും പ്രചരിപ്പിച്ചതും….

ആത്മീയ ലോകവും ഒട്ടും വിഭിന്നമായിരുന്നില്ല. ഒരു പുതിയ വർഷം ആഗതമാകുമ്പോൾ കർത്താവിൻ്റെ വരവടുത്തു എന്നും അതുകൊണ്ട് വിശുദ്ധിയിൽ വളരാമെന്നുമുള്ള സന്ദേശങ്ങളെക്കാൾ സാമ്രാജ്യം വിസ്തൃതമാകുന്നതിൻ്റെ സ്വപ്നങ്ങളാണ് പലരും കണ്ടത്….

‘യേശു ജീവിക്കുന്നു’ എന്നുറപ്പുള്ള സഭയുടെ ബ്രദർ 2020 ലെ 365 ദിവസവും കവിഞ്ഞൊഴുകുന്ന സമാധാനമുണ്ടാകും എന്നും നിങ്ങൾ safe ആകാൻ പോകുന്നു, തഴയ്ക്കുവാൻ പോകുന്നു എന്നും പ്രവചിച്ചു. അണികൾ ആവേശത്തോടെ അതേറ്റെടുക്കുമ്പോൾ കാഹളനാദവും മുഴങ്ങി. (രാജകീയ പ്രഖ്യാപനത്തോടൊപ്പം കാഹള ശബ്ദം അനിവാര്യമാണല്ലൊ.)

സ്വർഗ്ഗത്തിലെ വിരുന്നു നടത്തുന്ന സഭയുടെ ബ്രദർ എല്ലാ വിശ്വാസികൾക്കും താക്കോലാണ് കൊടുത്തത്. ബിസിനസ്സിലും മറ്റും ഉയർച്ച, സഭയുടെ വളർച്ച തുടങ്ങിയവ മാത്രം….

ആരും ലോകത്തെ മുഴുവൻ ഭീതിയുടെ മുൾമുനയിൽ നിർത്തുന്ന പകർച്ചവ്യാധിയെ കണ്ടില്ല…..

എന്താണ് കാരണം….?

നമ്മൾ കാണാനാഗ്രഹിക്കുന്നതു മാത്രമല്ലേ നാം കാണുകയുള്ളൂ..?

ഇന്നത്തെ കുറിവാക്യ സംബന്ധമായും എൻ്റെ അനുവാചകർ കേട്ടിരിക്കാൻ സാധ്യതയുള്ള സന്ദേശമെന്തായിരിക്കും?

എന്നെ ശക്തനാക്കുന്ന യേശു മുഖാന്തരം ഞാൻ എന്തും ചെയ്യും….

ശത്രുവിനെ തകർക്കും….
രോഗങ്ങളെ കീഴടക്കും…
അനുഗ്രഹങ്ങൾ അവകാശമാക്കും….
വാഗ്ദത്തങ്ങൾ പിടിച്ചെടുക്കും…..

ക്വാറൻ്റൈനിൽ ആയിരുന്ന പൗലോസ് ശ്ലീഹ പറഞ്ഞതെന്താണ്…?
ഉത്തരം കിട്ടാൻ തൊട്ടുമുകളിലെ ഭാഗം വായിച്ചാൽ മതി(വാ.12).

എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം എനിക്ക് എന്തും ചെയ്യാൻ കഴിയും – താഴ്ചയിലും സമൃദ്ധിയിലും സംതൃപ്തിയോടിരിക്കാൻ കഴിയും!

പ്രിയമുള്ളവരേ, അനുഗ്രഹത്തിൽ ആനന്ദിക്കാനും അഹങ്കരിക്കാനും ആർക്കും കഴിയും.
പക്ഷേ, താഴ്ചയിലും, തടവറയിലും തകർച്ചയിലും സന്തോഷിക്കാൻ ക്രിസ്തുവുള്ളവനേ കഴിയൂ….!

ഇന്നത്തെ ലോക്ക് ഡൗണിനും ക്വാറൻ്റൈനും ക്രിസ്തു അകത്തുള്ളവനെ നിരാശപ്പെടുത്താനാവില്ല.

അവൻ കൂടുതൽ കർത്താവിനോട് ചേർന്നിരിക്കും…..
ശക്തിയും ആലോചനയും പ്രാപിക്കും……
വിശുദ്ധിയിൽ മുന്നേറും……

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ.സാബു പോൾ

-ADVERTISEMENT-

You might also like