ലേഖനം: ഒരു ഇറ്റലി യാത്രയിൽ നേരിട്ട ദുരന്തങ്ങൾ | ബിജു പി. സാമുവൽ, ബംഗാൾ

ശുഭതുറമുഖത്തു നിന്നും ആ കപ്പൽ യാത്ര തുടങ്ങിയപ്പോൾ യാത്രയ്ക്ക് ഗുണകരമായ നിലയിൽ കാറ്റും ഒത്തു വന്നു. എല്ലാം നന്നായിരിക്കുന്നു എന്ന് കപ്പല്ക്കാരും ചിന്തിച്ചു. പക്ഷേ കാര്യങ്ങൾ കൈവിട്ടു പോകാൻ അധികം സമയം വേണ്ടിവന്നില്ല. ആഞ്ഞടിച്ച വടക്കുകിഴക്കൻ കൊടുങ്കാറ്റ് കപ്പലിന്റെ നിയന്ത്രണം ഏറ്റെടുത്തു. ആർക്കും ഒന്നും ചെയ്യാനാവാത്ത സ്ഥിതി. കപ്പിത്താന്റെ പരിശ്രമങ്ങൾ അർത്ഥശൂന്യമായി.

ഉഗ്രമായ കാറ്റിൽപ്പെട്ട കപ്പൽ ആടിയുലഞ്ഞു. വിലയുള്ള ചരക്കുകൾ കടലിൽ എറിയേണ്ടി വന്നു. സന്തോഷത്തോടെ യാത്ര ആരംഭിച്ചവരുടെ മുഖത്ത് പരിഭ്രാന്തി നിഴലിച്ചു. ജീവൻ നിലനിൽക്കുമെന്ന പ്രതീക്ഷ ഇല്ലാതായി. എല്ലാവരുടെയും ഭാവി അനിശ്ചിതാവസ്ഥയിൽ. നാളെയെപ്പറ്റിയുള്ള സ്വപ്നങ്ങൾ ഒക്കെ തകർന്നു. അത്യാവശ്യത്തിന് ആഹാരം ഉണ്ടെങ്കിലും കഴിക്കാൻ പോലും ഉള്ള താല്പര്യം നഷ്ടമായിരിക്കുന്നു.
ജീവൻ രക്ഷിക്കാനുള്ള എല്ലാം മാനുഷിക ശ്രമങ്ങളും പരാജയത്തിലേക്ക് നീങ്ങുന്നു. മരണം മാത്രം മുന്നിൽ കണ്ട് ഭീതിയോടെ കഴിയുന്നവർ.

ആ കപ്പൽ യാത്രയിൽ സുവിശേഷകനായ പൗലോസും ഉണ്ടായിരുന്നു. എല്ലാവരും അഭിമുഖീകരിക്കുന്ന പ്രശ്നത്തിലൂടെ തന്നെയാണ് പൗലോസും പോകുന്നത്.
പക്ഷേ പൗലോസ് മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനായി മാറുന്നു.
സൂര്യനെയും ചന്ദ്രനെയും കാണാതെ ദീർഘനാളായി നിരാശയിൽ കഴിയുന്ന ആ കൂട്ടത്തോട് പൗലോസ് സംസാരിക്കുന്നത് ശ്രദ്ധേയമാണ്.

നിങ്ങളുടെ പ്രാണന് ഹാനി വരികയില്ല എന്നു പറഞ്ഞ് അവരെ സാന്ത്വനപ്പെടുത്തുന്ന പൗലോസ് ഒരു സുവിശേഷകന്റെ ദൗത്യമാണ് വെളിപ്പെടുത്തുന്നത്.
പ്രതീക്ഷ നഷ്ടപ്പെട്ടവരെ
പൗലോസ് ധൈര്യപ്പെടുത്തുന്നു. ഇതൊരു ഊഹം വെച്ച് പറയുന്നതല്ല,
മറിച്ച്, ദൈവം തന്റെ ഉടയവൻ ആണെന്ന ഉറച്ച ബോദ്ധ്യത്തിൽ നിന്നാണ്
പൗലോസ് ഇത് സംസാരിക്കുന്നത്.
തന്റെ ജീവിതത്തിന്റെ മുഴു ഉത്തരവാദിത്വവും കർത്താവിനാണെന്നും കർത്താവറിയാതെ ഒന്നും സംഭവിക്കില്ലെന്നും ഉള്ള ഉറപ്പാണ് പൗലോസ് ഇവിടെ പ്രഖ്യാപിക്കുന്നത്.

ജീവൻ നഷ്ടപ്പെടുമെന്ന ഭീതിയാൽ ആഹാരം പോലും വെടിഞ്ഞ് നിരാശയോടും ഭീതിയോടും കൂടി ഇരിക്കുന്ന യാത്രക്കാർ. എന്നാൽ
“നിങ്ങളിൽ ആരുടെയും ഒരു തലമുടി പോലും നഷ്ടമാവുകയില്ല” എന്ന് ധൈര്യം പകർന്നു നൽകുന്ന പൗലോസ്.

ദൈവീക ബന്ധത്തിൽ നിൽക്കുന്നവനു മാത്രമേ കൊടുങ്കാറ്റിലും പതറാതെ നിൽക്കാനാവൂ. പുഞ്ചിരിയോടെ സാഹചര്യങ്ങളെ നേരിടാൻ അവന് മാത്രമേ കഴിയൂ.

14 ദിവസമായി ആഹാരം കഴിക്കാതിരുന്ന യാത്രക്കാരുടെ ആരോഗ്യ കാര്യങ്ങളിൽ പോലും പൗലോസ് ഇടപെടുന്നു. അവരുമായി സംസാരിച്ച് ധൈര്യപ്പെടുത്തി ആഹാരം കഴിക്കാൻ ഉത്സാഹിപ്പിക്കുന്നു. ആളുകളുടെ മാനസികവ്യഥ അകന്നു. മനസ്സ് സ്വസ്ഥമായി. എല്ലാവരും ഭക്ഷണം കഴിച്ചു.

അവസാനം ഒരു വിധത്തിൽ മെലിത്ത ദ്വീപിലെത്തി. കൈയിലുണ്ടായിരുന്നത് എല്ലാം നഷ്ടപ്പെട്ടിരുന്നു. കപ്പൽ പല കഷണങ്ങളായി ചിതറിപ്പോയിരുന്നു.
കപ്പലിനല്ലാതെ നിങ്ങളിൽ ആരുടെയും പ്രാണന് ഹാനി വരികയില്ല എന്ന് പൗലോസ് പറഞ്ഞതു പോലെ സംഭവിച്ചു. എല്ലാവരുടെയും ജീവൻ മാത്രം രക്ഷപ്പെട്ടു.

നിരാശയിലാണ്ട് കഴിയുന്നവർക്ക് താങ്ങും തണലുമായി മാറുക. ഭീതിപ്പെടുത്തുന്ന സാഹചര്യങ്ങളിലും ഭീതി പരത്താതെ ധൈര്യം പകർന്നു നൽകുക. സമൂഹത്തോടുള്ള കടമ കൃത്യമായി നിർവഹിക്കുക. ഭീതിയിൽ ആയിരിക്കുന്ന വലിയൊരു സമൂഹം നമ്മുടെ ചുറ്റുമുണ്ടെന്നത് മറക്കാതിരിക്കുക.

കഷ്ടനഷ്ടങ്ങൾ ഉണ്ടായേക്കാം, ഭീതിപ്പെടുത്തുന്ന മഹാമാരികൾ വന്നേക്കാം. പക്ഷേ ഞാൻ അവിടുത്തെ വകയാണ്. അവിടുന്ന് എന്റെ ഉടമസ്ഥനാണ്.
ഞാൻ അവിടുത്തെ കരങ്ങളിൽ സുരക്ഷിതനാണ്. കർത്താവ് അറിയാതെ ഒന്നും സംഭവിക്കുകയുമില്ല.

വായനയ്ക്ക്:
അപ്പൊസ്തലന്മാരുടെ പ്രവർത്തികൾ അദ്ധ്യായം 27

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply