ശുഭദിന സന്ദേശം : ഘനമേറിയതും ലഘുവായതും | ഡോ. സാബു പോൾ

”കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം; നിങ്ങൾ തുളസി, ചതകുപ്പ, ജീരകം ഇവയിൽ പതാരം കൊടുക്കയും ന്യായം, കരുണ, വിശ്വസ്തത ഇങ്ങനെ ന്യായപ്രമാണത്തിൽ ഘനമേറിയവ ത്യജിച്ചുകളകയും ചെയ്യുന്നു. അതു ചെയ്കയും ഇതു ത്യജിക്കാതിരിക്കയും വേണം”(മത്താ. 23:23).

post watermark60x60

കുറ്റാന്വേഷകനും അദ്ദേഹത്തിൻ്റെ അസിസ്റ്റൻ്റും കൂടി ക്യാമ്പ് ട്രിപ്പിൻ്റെ ഭാഗമായി ഒരു സ്ഥലത്തെത്തി തമ്പടിച്ചു. അത്താഴ ശേഷം ഉറക്കത്തിലേക്ക്…..

ചില മണിക്കൂറുകൾക്ക് ശേഷം ഡിറ്റക്ടീവ് അസിസ്റ്റൻ്റിനെ വിളിച്ചുണർത്തി:
”വാട്ട്സൺ, ആ കാശത്തേക്ക് നോക്കൂ! എന്നിട്ട് എന്ത് മനസ്സിലാകുന്നെന്ന് പറയൂ.”

Download Our Android App | iOS App

”ലക്ഷക്കണക്കിന് നക്ഷത്രങ്ങളെ ഞാൻ കാണുന്നു.”

”അതിൽ നിന്നും എന്ത് മനസ്സിലായി?”

“ജ്യോതിശാസ്ത്രപരമായി…
ലക്ഷക്കണക്കിന് ഗാലക്സികളും ഗ്രഹങ്ങളുമുണ്ട്.

ജ്യോതിഷ സംബന്ധമായി…
ശനി ചിങ്ങരാശിയിലാണ്.

കാലമാപന വിദ്യയനുസരിച്ച്…
സമയം ഏതാണ്ട് 2:45 ആയിട്ടുണ്ട്.

ദൈവശാസ്ത്രപരമായി…
ദൈവത്തിൻ്റെ ശക്തിയും മനുഷ്യൻ്റെ നിസ്സാരത്വവും ഏതുമില്ലായ്മയും തിരിച്ചറിയുന്നു.

കാലാവസ്ഥാ ശാസ്ത്ര പ്രകാരം…
നാളെ മനോഹരമായ പ്രഭാതമായിരിക്കുമെന്ന് ഊഹിക്കുന്നു.

…ആകട്ടെ സർ, താങ്കൾക്കെന്തൊക്കെയാണ് മനസ്സിലായത്..?”

“എടാ മണ്ടൻ വാട്ട്സൺ…..
നമ്മുടെ ടെൻ്റ് ആരോ മോഷ്ടിച്ചു…..!”

കപടഭക്തിക്കാരും ഇങ്ങനെയാണ്.

അനാവശ്യവും നിസ്സാരവുമായ കാര്യങ്ങൾക്ക് അമിത പ്രാധാന്യം നൽകുന്നു. പ്രാധാന്യമേറിയവയെ അവഗണിക്കുന്നു. അതാണ് ഇന്നത്തെ വേദഭാഗത്ത് കർത്താവ് നൽകുന്ന ഉപദേശവും.

പരീശന്മാരും ശാസ്ത്രിമാരും ന്യായപ്രമാണം ആചരിക്കുന്നത് സംബന്ധിച്ച് അഭിമാനം കൊള്ളുന്നവരാണ്.
ബാഹ്യമായ ആചാരങ്ങളിൽ ചെറിയൊരു കാര്യം പോലും വിട്ടുപോകാതിരിക്കാൻ അവർ ശ്രദ്ധ ചെലുത്തുന്നു. അക്കാര്യത്തിൽ അവർ വളരെ ഉത്സാഹവും തീവ്രതയുള്ളവരുമാണ്.

പല യഹൂദരും ന്യായപ്രമാണം പാലിക്കുന്നതിൽ അലസരും ഒഴികഴിവുകൾ നിരത്തുന്നവരും ശീതോഷ്ണവാന്മാരും ആയിരിക്കുമ്പോൾ തീർച്ചയായും ഇവർ നല്ലൊരു മാതൃകയല്ലേ…?

തീർച്ചയായും യേശുക്രിസ്തു ഇവരുടെ തീക്ഷ്ണതയ്ക്കെതിരല്ല….!

ആത്മീയ കാര്യങ്ങളിൽ ദൈവമക്കൾ ഉത്സുകരായിരിക്കണമെന്ന് തന്നെയാണ് യേശു പഠിപ്പിച്ചത്. ലവോദിക്യ സഭയുടെ ശീതോഷ്ണാവസ്ഥയെ അവിടുന്ന് ശാസിക്കുന്നുണ്ട് താനും.

എന്നാൽ ചിലതിന് മാത്രം അമിത പ്രാധാന്യം കൊടുക്കുകയും സുപ്രധാനമായതിനെ അവഗണിക്കുകയും ചെയ്യുന്ന അവരുടെ സമീപനത്തെയാണ് യേശു ശാസിക്കുന്നത്.

ഇത്രയും പറഞ്ഞപ്പോൾ ബാഹ്യമായ ആചാരങ്ങൾക്ക് പ്രാധാന്യം കൊടുത്ത് വചനത്തിൻ്റെ അനുശാസനയെ അവഗണിക്കുന്ന ചില ക്രൈസ്തവ സഭകളെക്കുറിച്ച് നാം ചിന്തിച്ചില്ലേ…..?

അതു ശരിയായിരിക്കാം.
എന്നാൽ ആ കണ്ണാടി നമ്മിലേക്കു തന്നെ തിരിക്കാം…….

വചനത്തെ വളരെ ബഹുമാനിക്കുന്നെന്ന് അഭിമാനിക്കുന്ന നമ്മളും ചില പ്രത്യേക വാക്യങ്ങൾക്ക് അമിത പ്രാധാന്യം കൊടുത്തിട്ട് ഘനമേറിയവയെ വിട്ടുകളയുന്നില്ലേ…….?

ന്യായം, കരുണ, വിശ്വസ്തത എന്നിവയ്ക്ക് ദൈവം വളരെ പ്രാധാന്യം കൊടുക്കുന്നുവെന്ന് യേശുവിൻ്റെ വാക്കുകളിൽ വ്യക്തമാണ്. എന്നാൽ ചിലപ്പോഴെങ്കിലും നാം അവയെ അവഗണിക്കുന്നില്ലേ…..?

വചന വിരുദ്ധമായ കാര്യങ്ങൾ നമ്മിൽ ഇല്ലായിരിക്കാം. പക്ഷേ, വചനം പറയാത്ത കാര്യങ്ങൾക്ക് അമിത പ്രാധാന്യം കൊടുത്ത്, അമിത തീക്ഷ്ണത കാണിച്ച് വിശ്വാസ സമൂഹത്തിലേക്കുള്ള ആത്മാക്കളുടെ ഒഴുക്കിന് നമ്മൾ തടസ്സം സൃഷ്ടിച്ചിട്ടില്ലേ……?

കൊതുകിനെ അരിക്കുന്നത് നല്ലതു തന്നെ. പക്ഷേ, ഒന്നുമറിയാത്തതുപോലെ ഒട്ടകത്തെ വിഴുങ്ങരുത്…..!

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ. സാബു പോൾ

-ADVERTISEMENT-

You might also like