ശുഭദിന സന്ദേശം : പ്രമാണമോ പാരമ്പര്യമോ | ഡോ.സാബു പോൾ

”ആകയാൽ സഹോദരന്മാരേ, നിങ്ങൾ ഉറെച്ചുനിന്നു ഞങ്ങൾ വാക്കിനാലോ ലേഖനത്താലോ ഉപദേശിച്ചുതന്ന പ്രമാണങ്ങളെ മുറുകെ പിടിച്ചുകൊൾവിൻ”(2തെസ്സ.2:15).

വചന വിരുദ്ധമായ ആചാരങ്ങൾ ചോദ്യം ചെയ്യപ്പെടുമ്പോൾ വചനത്തിൽ നിന്നും തെളിയിക്കാനാവില്ലെന്ന് ഉത്തമ വിശ്വാസമുള്ള സമുദായസ്ഥർ സാധാരണയായി പാരമ്പര്യവും തിരുവെഴുത്തും തുല്യ പ്രാധാന്യമുള്ളതാണെന്ന് പറഞ്ഞ് തടിതപ്പുകയാണ് ചെയ്യുന്നത്.

എന്നാൽ പാരമ്പര്യത്തെത്തന്നെ വചനത്തിൽ നിന്ന് തെളിയിക്കാൻ ഒരു വ്യക്തി നടത്തിയ വൃഥാ ശ്രമം ലൈവായി കണ്ടു. കുറെ നാളായി ‘കെട്ടു പൊട്ടിച്ച്’ നടക്കുന്ന ഇദ്ദേഹം അതിനായി തിരഞ്ഞെടുത്ത വാക്യമാണ് ഇന്നത്തെ ചിന്തയ്ക്കാധാരം.

ഇവിടെ പ്രമാണങ്ങൾ എന്ന് പറഞ്ഞിരിക്കുന്നത് ചില വേർഷനുകളിൽ traditions എന്ന് കൊടുത്തിരിക്കുന്നതുകൊണ്ടാണ് പാരമ്പര്യം തെളിയിക്കാൻ ഈ വാക്യം കഷ്ടപ്പെട്ട് അദ്ദേഹം കണ്ടുപിടിച്ചത്. എന്നാൽ വചനം വ്യാഖ്യാനിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഏറ്റവും അടിസ്ഥാനപരമായ രണ്ടു കാര്യങ്ങളുണ്ട്.

1️⃣ മൂലപദം

Paradoseis എന്ന ഗ്രീക്കു പദമാണിവിടെ ഉപയോഗിച്ചിരിക്കുന്നത്. ഇതിൻ്റെ അർത്ഥം വാക്കിനാലോ, എഴുത്തിനാലോ കൈമാറ്റം ചെയ്യപ്പെട്ട കല്പന, അല്ലെങ്കിൽ ധാർമ്മിക ഉപദേശം എന്നാണ്.

അപ്പൊസ്തലൻമാർക്ക് കർത്താവിൽ നിന്ന് ലഭിച്ചതും അവർ കൈമാറിയതുമായ പ്രമാണങ്ങളെ ഉപദേശപരം(1കൊരി.15:5, യൂദ1:3), ആചാരപരം(1കൊരി.11: 2, 23), ധാർമ്മീകം(2തെസ്സ.3:6, 2 പത്രോ.2:21) എന്നിങ്ങനെ തരംതിരിക്കാം.
ഈ ഉപദേശങ്ങൾ മാറ്റമില്ലാത്തതിനാലാണ് ഇതിനു വിപരീതമായി സ്വർഗ്ഗത്തിലെ ദൂതൻ പറഞ്ഞാലും അംഗീകരിക്കരുതെന്ന് പൗലോസ് അനുശാസിക്കുന്നത്(ഗലാ.1:8). മാത്രമല്ല, താൻ പഠിപ്പിച്ച ഉപദേശങ്ങളൊന്നും തൻ്റെ സ്വന്തമല്ല, കർത്താവിൽ നിന്ന് പ്രാപിച്ചത്, അല്ലെങ്കിൽ കൈമാറ്റം ചെയ്ത് കിട്ടിയതാണെന്ന് പറയാനും കൂടിയാണ് പൗലോസ് പ്രസ്തുത ഗ്രീക്കുപദം ഉപയോഗിച്ചത്.

2️⃣ പശ്ചാത്തലം

ഏതൊരു വേദഭാഗവും വ്യാഖ്യാനിക്കേണ്ടത് പശ്ചാത്തലം മനസ്സിലാക്കിയാവണം.
അന്ത്യകാല സംഭവമാണ് (Eschatology) ഈ അദ്ധ്യായത്തിലെ പ്രമേയം. അപ്പൊസ്തലൻമാർ എഴുതി എന്ന ഭാവത്തിൽ കർത്താവിൻ്റെ വരവ് സംബന്ധമായി ആരെങ്കിലും എഴുതിയാൽ ഇളകി പോകാതെ(2:2) ഞങ്ങൾ വാക്കിനാലോ ലേഖനത്താലോ ഉപദേശിച്ചു തന്ന പ്രമാണങ്ങളെ മുറുകെ പിടിച്ചു കൊള്ളണം (15) എന്നാണ് അപ്പൊസ്തലൻ ബുദ്ധിയുപദേശിക്കുന്നത്. അപ്പൊസ്തലൻമാർ പഠിപ്പിച്ചതും ലേഖനങ്ങളിൽ എഴുതിയതും ഒന്നു തന്നെയായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ വചന വിരുദ്ധമായ കാര്യങ്ങളെ സൂക്ഷിക്കാനാണ് പൗലോസ് മുന്നറിയിപ്പ് നൽകുന്നത്. അല്ലാതെ പാരമ്പര്യത്തിൻ്റെ പേര് പറഞ്ഞ് വചനം പറയാത്ത ആചാരങ്ങളെ അകത്തു കൊണ്ടുവരാനല്ല.

പ്രിയമുള്ളവരേ,
കഴിയുമെങ്കിൽ വ്രതന്മാരെക്കൂടെ തെറ്റിക്കാൻ പിശാച് കഠിനശ്രമം നടത്തുമ്പോൾ വചനത്തെ മുറുകെ പിടിക്കാം.

അറിവില്ലാത്തവരും അസ്ഥിരന്മാരുമായവർ തിരുവെഴുത്തുകളെ കോട്ടിക്കളയുന്നത് അവർക്ക് നാശം വരുത്തുമെന്ന് പത്രോസ് ശ്ളീഹ മുന്നറിയിപ്പ് നൽകുന്നു(2പത്രോ. 3:16).

ദൈവവചനത്തെ ദൈവത്തോളം ബഹുമാനത്തോടെ കാണാം. നമ്മുടെ ഇഷ്ടത്തിന് വചനം വ്യാഖ്യാനിക്കുകയല്ല, വചനം പറയുന്നത് നമുക്ക് അനുസരിക്കാം, അനുഗ്രഹം പ്രാപിക്കാം.

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ.സാബു പോൾ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.