- Advertisement -

ശുഭദിന സന്ദേശം : പണിതുയർത്തുന്ന പടിവാതിലുകൾ | ഡോ.സാബു പോൾ

”കലഹപ്രിയൻ ലംഘനപ്രിയൻ ആകുന്നു; പടിവാതിൽ പൊക്കത്തിൽ പണിയുന്നവൻ ഇടിവു ഇച്ഛിക്കുന്നു”(സദൃ.17:19).

Download Our Android App | iOS App

ബൈബിൾ കോളേജിൽ പഠിക്കാൻ വരുന്നവർ രണ്ട് വിഭാഗമാണ്. സ്വയം സമർപ്പിച്ചവരും മാതാപിതാക്കൾ സമർപ്പിച്ചവരും…..
+2 പാസ്സായിക്കഴിഞ്ഞപ്പോൾ
മാതാപിതാക്കൾ നിർബന്ധിച്ച് വചനപഠനത്തിനായി അയച്ചവരെ പെട്ടെന്ന് തിരിച്ചറിയാം. അവർക്ക് കളി ചിരിയിൽ മാത്രമാകും താത്പര്യം. സുവിശേഷ വേല ചെയ്യാനുള്ള ആഗ്രഹമോ, സ്വപ്നമോ, സമർപ്പണമോ ഉണ്ടാകില്ല…..

post watermark60x60

ഒരു സഹപാഠിയെ ഓർമ്മ വരുന്നു. എല്ലാവരുമായും ഗുസ്തി പിടിക്കുന്നതിലായിരുന്നു കക്ഷിക്ക് താത്പര്യം. എന്തായാലും ഓറിയൻ്റേഷൻ കഴിഞ്ഞപ്പോഴേക്കും ആൾ സ്ഥലം കാലിയാക്കി……

അതേ അഭിരുചിയുമായി സഭാ ശുശ്രൂഷയിലെങ്ങാനും പ്രവേശിച്ചിരുന്നെങ്കിലോ….?
സഭാംഗങ്ങളുമായി സ്ഥിരം ഗുസ്തിയിലേർപ്പെടാനാണ് സാധ്യതയേറെ….

ഇത്തരം ‘കലഹപ്രിയർ’ വിശ്വാസികളുടെയിടയിലും ശുശ്രൂഷകരുടെയിടയിലും ഉണ്ട്. നോക്കിയില്ലെങ്കിൽ ‘മൈൻഡ് ചെയ്യാതെ പോയി’ എന്നാകും പരാതി. നോക്കിയാലോ, ‘തുറിച്ചു നോക്കി’ എന്നാവും ആക്ഷേപം. അവർ ഏതു കാരണം ചൊല്ലിയും കലഹമുണ്ടാക്കിക്കൊണ്ടേയിരിക്കും……

ഇനി വാക്യത്തിൻ്റെ രണ്ടാം ഭാഗം……

പാലസ്തീനിലെ ആളുകൾ പൊതുവേ പടിവാതിൽ പണിയാറുണ്ട്. സാധാരണയായി അതിന് മൂന്നടിയേ ഉയരമുണ്ടാകൂ. കുതിരയെ ഓടിച്ച് അകത്തു കയറ്റി നാശനഷ്ടമുണ്ടാക്കാതിരിക്കാനുള്ള മുൻകരുതലാണത്.

അതേസമയം, പടിവാതിൽ പൊക്കിപ്പണിയാതിരിക്കാനും യിസ്രായേല്യർ പരമാവധി ശ്രദ്ധിക്കാറുണ്ട്. അധികമുയർത്തിയാൽ അകത്ത് ധാരാളം ധനമുണ്ടെന്ന ചിന്തയിൽ കള്ളൻമാർ കയറാൻ സാധ്യതയുണ്ടെന്ന ചിന്തയാണിതിനു പിന്നിൽ…..

വായ് സൂക്ഷിക്കേണ്ടതിനെക്കുറിച്ചാണ് ഇവിടെ സോളമൻ അർത്ഥമാക്കുന്നതെന്നാണ് പണ്ഡിതമതം. സ്വയം ശ്രേഷ്ഠരെന്ന് ചിന്തിക്കുന്നതിൻ്റെ അപകടമാണിവിടെ ചൂണ്ടിക്കാട്ടുന്നത്. ദൈവത്തിനും ദൈവീക സിംഹാസനത്തിനും മീതെ സ്വയം അവരോധിക്കാനുള്ള വിഫല ശ്രമമാണ് ലൂസിഫറിൻ്റെ വീഴ്ചയ്ക്ക് കാരണം….

അക്ഷരീക അർത്ഥത്തിലേക്ക് തിരിച്ചു വരാം……

കേരളം മതിലുകളുടെ നാടാണ്.
പത്തനംതിട്ട ജില്ല അടഞ്ഞ വാതിലുകളുടെ ജില്ലയും….
പ്രളയം മതിലുകളെ തകർത്തെറിഞ്ഞെങ്കിലും പൂർവ്വാധികം ഉറപ്പോടും ഉയരത്തോടും നാമത് കെട്ടിയുറപ്പിച്ചു…..

സൗഹൃദത്തിൻ്റേയും കരുതലിന്റേയും കളിതമാശകളുടെയും അരങ്ങിലെ ചിരാതുകൾ അണഞ്ഞുപോയി…. സ്നേഹത്തിൻ്റെ നോട്ടങ്ങളെ ‘എത്തിനോട്ട’ങ്ങളെന്ന് വ്യാഖ്യാനിച്ച് കന്മതിലുകൾ കെട്ടിപ്പൊക്കി ‘സ്വയം സുരക്ഷിതരാകു’കയാണ് നമ്മൾ…..

സാങ്കേതിക വിദ്യയുടെ മികവിൽ ലോകം ഒരു ഗ്രാമമായി ചുരുങ്ങിയപ്പോൾ ഓരോരുത്തരും സ്വന്തം കൊക്കൂണുകൾ തീർത്ത് ‘സമാധി’യിലിരിക്കുന്നു……

ദൈവം ആഗ്രഹിക്കുന്നത്, ആക്രമണങ്ങളെ ചെറുക്കുകയും സൗഹൃദങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്ന, ഉയരം കുറഞ്ഞ പടിവാതിലുകളെയാണ്.

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ.സാബു പോൾ

-ADVERTISEMENT-

You might also like
Comments
Loading...