ശുഭദിന സന്ദേശം : തിരസ്ക്കാരം പുരസ്ക്കാരം | ഡോ.സാബു പോൾ

”…ഒരു പ്രവാചകൻ തന്റെ പിതൃനഗരത്തിലും സ്വന്തഭവനത്തിലും അല്ലാതെ ബഹുമാനമില്ലാത്തവൻ അല്ല”(മത്താ.13:57).

പല കസ്റ്റമേഴ്സിനെ സമീപിച്ചിട്ടും തിരസ്ക്കരിക്കപ്പെട്ട സെയിൽസ്മാൻ വളരെ നിരാശിതനായി…

കൂടുതൽ പരിചയസമ്പന്നനായ മറ്റൊരു സെയിൽസ്മാനിൽ നിന്നും ഉപദേശത്തിനായി അദ്ദേഹം ചെന്നു….

”എന്തുകൊണ്ടാണ് എല്ലായ്പ്പോഴും ഞാൻ തിരസ്ക്കരിക്കപ്പെടുന്നത്….?”

“എനിക്ക് നീ പറയുന്നത് മനസ്സിലാകുന്നില്ല…. എനിക്ക് തലയ്ക്ക് കിഴുക്ക് കിട്ടിയിട്ടുണ്ട്. മോശമായ പേരുകൾ എന്നെ വിളിച്ചിട്ടുണ്ട്. പക്ഷേ, ഞാൻ ഒരിക്കലും തിരസ്ക്കരിക്കപ്പെട്ടിട്ടില്ല…..!”

“കുഞ്ഞേ, ശ്രദ്ധിക്കുക. നമുക്ക് സംഭവിക്കുന്നത് തിരസ്‌ക്കാരമല്ല….. നമുക്ക് സംഭവിച്ചതിനെ നാം എങ്ങനെ വ്യാഖ്യാനിക്കുന്നുവെന്നതാണ് കാര്യം…..”

നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന നിരാശകരമായ സാഹചര്യങ്ങളെ നാം എങ്ങനെയാണ് വ്യാഖ്യാനിക്കുന്നത്…..?
…നമ്മൾ നിരാശിതരും നിരുത്സാഹിതരുമാകുന്നോ?
….അതോ, തിരസ്ക്കാരങ്ങൾ വിജയത്തിലേക്ക് ഒരു ചുവടു കൂടി അടുപ്പിച്ചെന്ന് ചിന്തിക്കുന്നോ?

മത്തായി സുവിശേഷം 13-ാം അദ്ധ്യായം മുഴുവൻ തൻ്റെ പ്രസംഗത്തിൻ്റെ പ്രധാന പ്രമേയം യേശു ഉപമകളിലൂടെ സംസാരിക്കുന്നതാണ്. സ്വർഗ്ഗരാജ്യത്തിൻ്റെ പ്രത്യേകതയാണ് ആവേശത്തോടെ അവിടുന്ന് പങ്കിടുന്നത്.

അതിനു ശേഷം നസറെത്തിലെ സിന്നഗോഗിൽ ഉപദേശിക്കുമ്പോൾ അവൻ്റെ ജ്ഞാനത്തിലും വീര്യപ്രവൃത്തികളും വിസ്മയിച്ച ജനം യേശുവിനെയും അവൻ്റെ മാതാപിതാക്കളെയും സഹോദരങ്ങളെയും ജീവിത സാഹചര്യങ്ങളെയും വിലയിരുത്തി അവനെ തിരസ്ക്കരിക്കുന്നു.

അതിനു മറുപടിയായി കർത്താവ് പറഞ്ഞ വാക്കാണ് ഇന്നത്തെ ചിന്ത….

പിതൃനഗരത്തിലും സ്വന്തഭവനത്തിലും(സഹോദരൻമാർ അന്ന് അവനിൽ വിശ്വസിച്ചിരുന്നില്ല) ഒഴികെ എല്ലായിടത്തും പ്രവാചകന് ബഹുമാനമുണ്ട്…..

ഒരു സ്ഥലത്തെ തിരസ്ക്കാരം കൊണ്ട് എല്ലാം അവസാനിക്കുന്നില്ല. പുരസ്ക്കാരത്തിൻ്റെ പൂച്ചെണ്ടുകളുമായി മറ്റെവിടെയൊക്കെയോ, ആരൊക്കെയോ നിൽപ്പുണ്ട്.

പ്രിയ ദൈവ പൈതലേ,
ഭവനത്തിൽ, സഭയിൽ, സംഘടനയിൽ, ജോലിസ്ഥലത്ത്, പഠന രംഗങ്ങളിൽ, തിരസ്ക്കരിക്കപ്പെടുന്നുവെന്ന് തോന്നുന്നോ……?
മറ്റെവിടെയോ അംഗീകാരവും ഒരുങ്ങിയിട്ടുണ്ട്…..!

ഈ ലോകം താങ്കളെ തിരസ്ക്കരിക്കുന്നുണ്ടോ…..?
പുരസ്ക്കാരവുമായി സ്വർഗ്ഗം കാത്തിരിക്കുന്നു…..!

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ.സാബു പോൾ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.