ഭാവന:’ഹേയ്‌.. വാട്ട്‌സ്‌ യുവർ നെയിം..?’ | റോജി ഇലന്തൂർ

എന്റെ അമ്മയുടെ സ്കാനിംഗ്‌ റിപ്പോർട്ട്‌ കിട്ടിയ ഉടൻ അച്ഛൻ ഇങ്ങനെ പറഞ്ഞു, “അന്നേ ഞാൻ നിന്നോടു  പറഞ്ഞതാ.. നമുക്ക്‌ ഈ കുഞ്ഞ്‌ വേണ്ടായെന്ന്… എന്നിട്ട്‌ ഇപ്പോൾ എന്തായി..?” എന്റെ അമ്മ നിന്നുരുകുന്നതും ഉള്ളിന്റെയുള്ളിൽ എവിടൊക്കെയോ വിതുമ്പുന്നതും എല്ലാം ഉദരത്തിൽ കിടക്കുമ്പോഴേ ഞാൻ അറിയുന്നുണ്ടായിരുന്നു.. അല്ല, ഞങ്ങൾ ഒരുമിച്ചല്ലേ വിതുമ്പിയത്‌..? ഹാ.. പോട്ടെ.!

തുടർന്നുള്ള ‌ദിവസങ്ങളിൽ ‘ഈ കുഞ്ഞ്‌ നമുക്ക്‌ വേണ്ടാ..’ എന്നുള്ള ശബ്ദം പലപ്പോഴും പറയാതെ പറയുന്നത്‌ ഞാൻ പലപ്പോഴും കേട്ടു… അങ്ങനെ‌ കിടന്ന് ഞാൻ ഒന്ന് ഉറങ്ങി. എന്റെ ഉറക്കം പകലുകളിൽ ആയിരുന്നതിനാൽ രാവേറെ വൈകിയെത്തുന്ന അച്ഛന്റെ അനിഷ്ടത്തിന്റെ വാക്കുകൾ എന്രെ കാതുകളിൽ അലയടിച്ചു കൊണ്ടിരുന്നു.. ഹാ.. പോട്ടെ.!

ഒരു പകൽസമയം.. അന്ന് ഞാൻ ഉറക്കമുണരുന്നത്‌ ഏതോ കത്തികൊണ്ട്‌ എന്നെ ആരോ കൊല്ലാനായി വരുന്നത്‌ കണ്ടുകൊണ്ടാണ്.. ഗർഭപാത്രത്തിന്റെ ഒരു കോണിലേക്ക്‌ ഞാൻ ചുരുണ്ടുകൂടി കിടന്നു.. ഞാൻ നന്നേ ഭയന്നുപോയി.. എങ്ങനെ ഒക്കെയോ ആണ് ഞാൻ അന്ന് രക്ഷപെട്ടത്‌. എന്നെ കൊല്ലാനാരുന്നില്ലേ ഈ ചെയ്തത്‌..? എന്തിനായിരുന്നു എന്നോട്‌ ഈ ക്രൂരത‌..? ജനിപ്പിച്ച മാതാപിതാക്കൾക്ക്‌ എന്നെ വേണ്ടായിരുന്നുവോ.? എനിക്കറിയില്ല.. എനിക്കൊന്നും അറിയില്ല. ജനിക്കേണ്ടിയിരുന്നില്ല! എന്റെ മനസ്സ്‌ വ്യാകുലപ്പെട്ടു.. ഹാ.. പോട്ടെ.!

അവസാനപ്രതീക്ഷയായ ഗർഭച്ഛിദ്രം കൂടി പരാജയമണഞ്ഞ സമയത്ത്‌ അവർക്ക് എന്നോട്‌ കടുത്ത അമർഷമോ പ്രതികാരമോ.. ഒക്കെ ആയിരുന്നിരിക്കാം.. എനിക്കറിയില്ല.. എന്റെ അമ്മയെ നോക്കി എന്റെ അച്ഛൻ‌ പല്ലിറുമ്മുന്നത്‌ ഞാൻ പലപ്പോഴും കേട്ടിരുന്നില്ലേ..? ഞാൻ ഒരിക്കലും പുറത്ത്‌ വരരുതെന്ന് എന്റെ മാതാപിതാക്കൾ നിരൂപിച്ചു.. ഒൻപതു മാസവും ഒൻപതു ദിവസവും ഒൻപതു നാഴികയും ഒൻപതു വിനാഴികയും ഞാൻ എണ്ണിതീർത്തു.. എനിക്ക്‌ പുറത്തേക്ക്‌, അല്ല ഇവരുടെ മധ്യത്തിലേക്ക്‌ ഇറങ്ങി വരണമെന്നേ ഉണ്ടായിരുന്നില്ല.. ഒരിക്കലും.. എങ്കിലും.. ഹാ.. പോട്ടെ.!

**************

അന്ന് ലേബർ റൂമിൽ…
കോരിച്ചൊരിയുന്ന മഴയുള്ള ആ തണുത്തവെളുപ്പാൻ കാലത്ത്‌..

അന്നെന്നെ എന്റെ അമ്മ പുറത്തേക്ക്‌ വിടാനായി വേദനപ്പെട്ട്‌ കിടന്ന് അലമുറയിടുന്നു.. ഞാനാണെങ്കിൽ പുറംലോകം കാണേണ്ട എന്ന് തീരുമാനിച്ചുറച്ചതു പോലെയും! എന്റെ തീരുമാനത്തിനു മുൻപിൽ അമ്മ ഒരുദിവസം മുഴുവൻ,  അല്ല നേരത്തോടുനേരം വരെ വേദനിക്കേണ്ടതായി വന്നു.. വേദനയുടെ ആധിക്യത്തിൽ എപ്പോഴൊക്കെയോ എന്റെ അമ്മ എന്നെ പ്രാകിയിരുന്നുവോ..? ഏതു നേരത്താണോ എനിക്കിതു തോന്നിയതെന്ന്.. അറിയില്ല എനിക്ക്‌..! അസാധാരണമാം വിധം ഞാൻ എവിടെയോ അള്ളിപ്പിടിച്ചിരുന്നുവോ.. ഒരുപക്ഷേ, ഞാനേറ്റ തിക്താനുഭവങ്ങൾ ആയിരിക്കാം എന്നെ അങ്ങനെ അള്ളിപ്പിടിക്കാൻ എന്നെ പ്രേരിപ്പിച്ചത്‌‌.. ഹാ പോട്ടെ.!

പുറത്ത്‌ നിന്നവർക്ക്‌ എന്നെ പുറംലോകം കാണിച്ചേ അടങ്ങൂ എന്ന‌ വാശിപോലെ.. അവസാനം ഞാൻ തോറ്റു, അവർ ജയിച്ചു..! അതെ, അവർ എന്റെ തലയ്‌ക്കു പിടിച്ച്‌  പുറത്തേക്കിടുമ്പോൾ എന്നെ കണ്ടവരെല്ലാം ഞെട്ടി! കണ്ണുകൾ വിടർന്നു.. അതെ, അവർ മൂക്കത്ത്‌ വിരൽ വച്ചു.. കാരണം ഞാൻ പുറത്തു വരുമ്പോൾ ശരീരം ആകമാനം വളവുകൾ കൊണ്ട്‌‌ നിറഞ്ഞിരുന്നു. ഞാൻ ഏറ്റ തിക്താനുഭവങ്ങൾ.. നിന്ദ.. പരിഹാസം.. ഒക്കെയാണ് എന്നെ ഇങ്ങനെയാക്കി മാറ്റിയത്‌. അവർ അതറിഞ്ഞിരുന്നില്ലേ..? ഇല്ല, എനിക്കറിയില്ല.. ഹാ പോട്ടെ.!

അമ്മയെന്റെ മുഖത്തു നോക്കി ഒരു പേരു വിളിച്ചു. വേദനയിൽ നിന്നായിരുന്നു അമ്മ എന്നെ അങ്ങനെ വിളിച്ചത്‌.. പിന്നീട്‌, എന്നെ എല്ലാവരും അങ്ങനെ തന്നെ വിളിച്ചു എന്നു ഞാൻ ഇന്നെന്നപോലെ ഓർത്തെടുത്തു. അതെ, കാണുന്നവർ എല്ലാം അമ്മയിട്ട പേരിൽ തന്നെ എന്നെ വിളിച്ചു.. ഹാ പോട്ടെ.!

***************

എന്നെ‌ സ്‌കൂളിൽ ചേർക്കാൻ പ്രായമായപ്പോൾ…
അഡ്മിഷൻ എടുക്കുന്ന സമയം.. രജിസ്‌ട്രറിൽ പേരു ചേർക്കും മുൻപ്‌ സ്കൂൾ അധ്യാപിക എന്നോട്‌ ഒരു ചോദ്യം ചോദിച്ചു.. ഒരിക്കലും ഉത്തരം പറയാൻ എനിക്ക്‌ ഇഷ്ടമില്ലാത്ത ഒരു ചോദ്യം അന്നാദ്യമായി ഞാൻ കേട്ടു..

“ഹേയ്‌.. വാട്ട്‌സ്‌ യുവർ നെയിം..?”

ലജ്ജയോടെ ഞാനെൻറെ പേരു പറഞ്ഞതും അവർ എല്ലാവരും കൂട്ടത്തോടെ ഒരു ചിരി പൊട്ടിച്ചു. എന്നിട്ട്‌ എന്നെ അടിമുടി ഒരു നോട്ടവും.. അതെന്നെ വല്ലാതെ നോവിച്ചു.  അന്നെനിക്ക്‌ എന്റെ പേരിന്റെ അർത്ഥമോ, അവർ ചിരിച്ചു പരിഹസിച്ചതിന്റെ ആഴമോ ഒന്നും.. ഒന്നുംതന്നെ എനിക്ക്‌ മനസ്സിലായില്ല.. ഹാ.. പോട്ടെ.!

ക്ലാസ്സിൽ എത്തിയതും ഓരോരുത്തരായി എന്നെ പരിചയപ്പെടാനായി വന്നു.. അവർ എന്നോടു ചോദിച്ചു,

“ഹേയ്‌.. വാട്ട്‌സ്‌ യുവർ നെയിം..?”

ഞാൻ എന്റെ പേരു പറഞ്ഞതും അവരും കൂട്ടത്തോടെ ചിരിച്ചുരസിച്ചു.. ശരിക്കും പറഞ്ഞാൽ എനിക്കൊന്നും മനസ്സിലായില്ല.. അവർ എന്തിനു ചിരിച്ചുവെന്നോ പരിഹച്ചുവെന്നോ ഒന്നും.. ഹാ.. പോട്ടെ.!

നിരാശയോടെ എന്റെ ആദ്യ സ്കൂൾദിനവും അങ്ങനെ കഴിഞ്ഞു.. വർഷങ്ങൾ പലതും മുൻപോട്ട്‌‌ പോയി. അതിനിടയിൽ എന്റെ പഠനവും മുടങ്ങി‌, നാൾക്കുനാൾ ഏറിയ നിന്ദയും പരിഹാസവും പേറി ഞാൻ ഒരുത്തൻ മാത്രം വീട്ടിൽ, ഒരു മുറിക്കകത്ത്‌ ഒതുങ്ങി.. ഹാ പോട്ടെ.!

അറിവായ കാലത്ത്‌ ഞാൻ എന്റെ അമ്മയോട്‌ പറഞ്ഞു, “എനിക്ക്‌ വേറെ പേരു വേണം. ഈ പേരേ ഉണ്ടാരുന്നുള്ളോ എനിക്കിടാൻ..? എന്റെ സഹോദരങ്ങൾക്ക്‌ എല്ലാം നല്ല പേരുകൾ.. എനിക്ക്‌ മാത്രം എന്തേ എല്ലാരും ചിരിക്കുന്ന പേരും..? ചോദിക്കുന്നവർ അറിയുന്നില്ല അവർ  ചിരിക്കുമ്പോൾ, എന്റെ ഉള്ളം  കരയുകയാണെന്ന്.. ഞാൻ മടുത്തു ഈ പേരുമായി നടക്കാൻ..”
ഞാൻ എന്റെ ഹൃദയം പങ്കുവച്ചു.
“പിന്നേ, ഈ പേരുകൂടെ മാറാത്തതിന്റെ കുറവുകൂടേ ഉള്ളൂ.. ഉണ്ടായപ്പോൾ മുതൽ വേദനയല്ലാതെ വല്ലതും നീ എനിക്ക്‌ തന്നിട്ടുണ്ടോ..? എന്റെ വയറ്റിലെ നിനക്ക്‌ പിറക്കാൻ കണ്ടുള്ളല്ലോ എന്നാ ഞാൻ ചിന്തിക്കുന്നത്‌.. എന്നേക്കൊണ്ട്‌ കൂടുതലൊന്നും ഒന്നും പറയിക്കല്ല്.. ഇപ്പൊ ഉള്ള പേരൊക്കെ കൊണ്ട്‌ അങ്ങ്‌ നടന്നാമതി എന്റെ പൊന്നുമോൻ..”
പരിഹാസവും അമർഷവും നിറഞ്ഞ എന്റെ അമ്മയുടെ വാക്കുകൾ.. ഹാ പോട്ടെ.!

‘ഈ നശിച്ചവൻ ഒന്ന് ചത്തുകിട്ടി ഇരുന്നെങ്കിൽ’ എന്നൊക്കെ ഉള്ള അമ്മയുടെ ഓരോ ശാപവാക്കുകൾക്കും ഈർച്ചവാളിനെക്കാൾ മൂർച്ച ഏറിയതായിരുന്നു എന്നു  ഞാൻ ഇന്ന് തിരിച്ചറിയുന്നു. കാരണം ഞാൻ എല്ലാവർക്കും ഒരു ബാധ്യത ആയിരുന്നുവല്ലൊ ജനനം മുതൽക്കേ.. അതുകൊണ്ടാകാം ലോകം മാന്യരെന്നും ശ്രേഷ്ഠരെന്നും പറയപ്പെടുന്ന എന്റെ സഹോദരവർഗ്ഗത്തിനോ മാതാവിനോ എന്റെ അരികിൽ ഇരുന്നൊന്നു എന്നെ സാന്ത്വനിപ്പിക്കുവാൻ.. പോട്ടെ ഒരു നല്ല വാക്ക്‌ പറയാൻ… ഞാൻ പലപ്പൊഴും ചിന്തിച്ചുപോയിട്ടുണ്ട്‌ ‘എന്തിന് ഇങ്ങനെ ഒരു പാഴ്‌ജന്മമെന്ന്.. അല്ല എനിക്കാരുമില്ലേ’.. എന്നുപോലും.. അല്ല, ഞാനല്ല നിങ്ങൾ ആണെങ്കിലും അങ്ങനെ ചിന്തിച്ചുപോകില്ലേ? അല്ല, ഇനി ചിന്തിച്ചിട്ട്‌ എന്താ കാര്യം.? ജനിച്ചുപോയില്ലേ.. ഹാ പോട്ടെ.!

**************

വർഷങ്ങൾ പലത്‌ കഴുഞ്ഞു.. ഇന്ന് ഞാൻ ഒരു യൗവ്വനക്കാരൻ ആയിരിക്കുന്നു.. സ്കൂൾ വിദ്യാഭ്യാസം പോലും പൂർത്തിയാക്കാതെ എന്നെ എല്ലാരുംകൂടി വീട്ടിലിരുത്തി. കാരണം മറ്റൊന്നുമല്ല, ഒരാളുടെ ആശ്രയം ഇല്ലാതെ എനിക്കൊന്നും ചെയ്യാൻ കഴിയില്ല എന്നത്‌ തന്നെ.  സഹോദരങ്ങൾ അതിരുകൾ കടന്ന് വിശാലതയുടെ വിഹായസ്സിലേക്ക്‌ പറന്നുയരുമ്പോഴും ഞാൻ എന്റെ ‘ഠ’ വട്ടത്തിന്റെ അവസ്ഥയെ ഓർത്ത്‌ ആരും കാണാതെ വിതുമ്പിയില്ലേ പലപ്പോഴും ആരുമറിയാതെ..? ഹാ.. പോട്ടെ.!

ഇതിനോടകം ഒന്ന് ഞാൻ തിരിച്ചറിഞ്ഞു, എന്നെ രക്ഷിപ്പാൻ.. എന്റെ അവസ്ഥകൾക്ക്‌ മാറ്റം വരുത്തുവാൻ.. സർവശക്തനായ ദൈവത്തിനു മാത്രമേ ഇനി കഴിയുകയുള്ളു എന്ന സത്യം. കുഞ്ഞുന്നാളിൽ പോലും വേണ്ടുംവണ്ണം പള്ളിയിൽ പോകാനോ, മറ്റുള്ളവരെ പോലെ പ്രാർത്ഥിപ്പാനോ എനിക്ക്‌ അറിവോ കഴിവോ പ്രാപ്തിയോ‌ ഉണ്ടായിരുന്നില്ല. എല്ലാം എന്റെ വിധി.. ഹാ പോട്ടെ.!

ചെറു ടീപോയിൽ കിടന്ന ‘തോറാ’ (പഞ്ചഗ്രന്ഥങ്ങൾ) ഞാൻ വിടർത്തി നോക്കി. ഉൽപത്തി പുസ്തകം മുപ്പത്തിയഞ്ചാം അധ്യായം പതിനെട്ടാമത്‌ വാക്യം.. അവിടെ അതാ, എനിക്ക്‌ സമാനമായ ഒരു വ്യക്തിയുടെ ജനനം കോറിയിട്ടിരിക്കുന്നു.. എന്റെ കണ്ണുകൾ പിടഞ്ഞുവികസിച്ചു!! ഈ ലോകത്തിൽ എനിക്ക്‌ തുല്ല്യനായി ഞാൻ മാത്രം എന്ന് ഇതുവരെ ഞാൻ ചിന്തിച്ചിരുന്നു.. എന്നാൽ ഇപ്പോൾ..? അതെ എനിക്കു സമാനമായ അനുഭവത്തിൽ കൂടി കടന്നുപോയ ഒരുവൻ ഇതാ.. അവന്റെ പേരാണ് ‘ബെനോനി’ (അർത്ഥാൽ വ്യസനപുത്രൻ) അതവന്റെ അമ്മ മരിക്കും മുൻപ്‌ ഇട്ട പേരാണ്. എന്നാൽ അവന്റെ അപ്പൻ അവനെ ‘ബെന്യാമീൻ’ (വലങ്കൈയുടെ പുത്രൻ) എന്നാണു പേർ വിളിച്ചത്‌. എന്റെ പ്രതീക്ഷകൾക്ക്‌ ചിറക്‌ മുളയ്‌ക്കുകയായിരുന്നുവോ..? അറിയില്ല! ഈ ലോകത്തിൽ എല്ലാവരും കൈവെടിഞ്ഞാലും സ്വർഗ്ഗീയ താതൻ കൈവിടില്ലെന്നൊരു തോന്നൽ ആ ഭാഗം വായിച്ചപ്പോൾ എനിക്കുണ്ടായി. ഹാ.. പോട്ടെ.!

ഈ വചനത്തിന് ഇത്രയും ശക്തിയുണ്ടോ..? ഞാൻ അറിഞ്ഞിരുന്നില്ല.. എന്തായാലും ഇപ്പോൾ എന്റെ ഹൃദയത്തിനു വലിയ ഒരാശ്വാസം പോലെ..

തുറന്നിട്ട വാതായനങ്ങൾ വഴി മന്ദമാരുതൻ മെല്ലെ വീശി, പുസ്തകത്തിന്റെ താളുകൾ ഒന്നൊന്നായി പിന്നോട്ട്‌ മറിച്ചു.. ഉൽപത്തി പുസ്തകം മുപ്പത്തിരണ്ടാം അധ്യായം ഇരുപത്തിയാറാം വാക്യത്തിൽ എന്റെ കണ്ണുകൾ ഉടക്കിയതുപോലെ.. അവിടെ അതാ, ഒരുവൻ പ്രാർത്ഥിക്കുകയാണ്.. എത്ര ശക്തമായ പ്രാർത്ഥനയാണ് ആ മനുഷ്യന്റേത്‌‌.. അതെ, ‘നീ എന്നെ അനുഗ്രഹിച്ചല്ലാതെ ഞാൻ നിന്നെ വിടുകയില്ല’ എന്നുള്ള യാക്കോബിന്റെ  പ്രാർത്ഥന! ഹൊ, അതു വെറും പ്രാർത്ഥന ആയിരുന്നില്ല, എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ച പോലെയുള്ള.. വളരെ തീക്ഷ്ണമായ വിശ്വാസത്തോടെ.. തീവ്രമായ ഒരു പ്രാർത്ഥന! എന്റെയും വിശ്വാസം വർദ്ധിക്കയായിരുന്നുവോ.. ഞാൻ പോലും അറിയാതെ.? അറിയില്ല, എന്തൊക്കെയാണ് സംഭവിച്ചതെന്ന്.. ഈ രണ്ട്‌ വ്യക്തികൾ എന്നെയും എന്റെ ചിന്താഗതിയെ തന്നെയും മാറ്റി മറിക്കുകയായിരുന്നോ..? എങ്ങനെയുള്ള അവസ്ഥയിലും ആയിരിക്കുന്ന എന്റെ വിഷയത്തിനും ‘ഒരു മൽപ്പിടുത്ത പ്രാർത്ഥന’യിലൂടെ വിടുതൽ ലഭിക്കുമെന്നല്ലേ അതിലൂടെ ദൈവം എന്നെ മനസ്സിലാക്കിയത്‌.? അതെ, വൈകല്യം ശരീരത്തിനു മാത്രമേ ബാധിച്ചിട്ടുള്ളൂ, മനസ്സിനെയോ വിശ്വാസത്തെയോ അണുവിടപോലും ബാധിച്ചിട്ടില്ലെന്ന് അന്ന് ഞാൻ തിരിച്ചറിഞ്ഞു. ജീവിതാവസ്ഥകൾ പലപ്പോഴും നിരാശയുടെ ചുഴിയിൽ ആഴ്‌ത്തുവാൻ നോക്കുമ്പോഴും കരം പിടിച്ചു നടത്തുന്ന നാഥൻ.. അതൊന്നാണെന്റെ ആശ്രയം.. യാക്കോബിന്റെ പ്രാർത്ഥന എനിക്കൊരു ‘മോഡൽ പ്രയർ’ ആയിരുന്നു.. ഒന്നെനിക്ക്‌ ഇന്ന് വിശ്വാസം ഉണ്ട്‌, ഒരിക്കലും പിരിയാത്ത ഒരു നല്ല സ്നേഹിതനാണ് ‘അവനെന്ന്’.. അതാണ് ‘ഞാനും അവനും’ തമ്മിലുള്ള ബന്ധം. അവിടെവിടെയോ ഒരു ഗാനത്തിന്റെ ശീലുകൾ നിങ്ങളുടെ കാതുകളിൽ മുഴങ്ങുന്നില്ലേ..?

“പിരിയാബന്ധമാണിത്‌… പിരിയാബന്ധമാണിത്‌…
പിരിയാബന്ധമാണിത്‌… യുഗകാലം.. വരെയും…”

അതെ, ഈ ബന്ധം ആർക്കും ഇനി പറിച്ചെറിയാനാവില്ല. ഞാൻ അത്‌ തിരിച്ചറിഞ്ഞു കഴിഞ്ഞു. അങ്ങനെ പ്രാർത്ഥനയോടെ വർഷങ്ങൾ പലതും കഴിഞ്ഞുപോയി. പ്രാർത്ഥിച്ച വിഷയങ്ങൾക്ക് സർവ്വശക്തൻ അക്കമിട്ടക്കമിട്ട്‌ മറുപടി തന്നുകൊണ്ടിരുന്നു. ഇന്നെന്റെ അവസ്ഥകൾക്ക് മാറ്റം വന്നിരിക്കുന്നു. അതെ, ഒരിക്കൽ നിന്ദിച്ചവർ ഇന്നെന്നെ വന്ദിക്കുന്ന അവസ്ഥയിലേക്ക്‌ സർവ്വശക്തൻ എത്തിച്ചിരിക്കുന്നു. ഒരിക്കൽ ആരാലും ആശ്വാസം കിട്ടാതിരുന്നവൻ, ഇന്ന് എല്ലാവർക്കും ആശ്വാസം പകരുന്ന നിലയിലേക്ക്‌ ഉയർത്തിയിരിക്കുന്നു. ഇനി ഒരു ഉയർച്ച ഇല്ലെന്ന് വിധി എഴുതിയവർ ‘ഇതെങ്ങനെ സംഭവിച്ചു!?’ എന്നു ചോദിക്കുന്ന തലത്തിൽ എത്തിച്ചിരിക്കുന്നു എന്റെ പ്രാർത്ഥനകൾ.. ഇന്ന് ഞാൻ ഒന്നറിയുന്നു.. ഞാൻ ആകുന്നതോ കൃപയാൽ.. അതെ, അവൻ കൃപ മതി എനിക്ക്‌..! ഒരിക്കൽ നിന്ദിച്ച്‌ പരിഹസിച്ച ആ ദേശം പോലും എന്റെ പേരിലാണ് ഇന്ന് അറിയപ്പെടുന്നത്‌! എന്റെ ദേശവും ഭവനവും സർവ്വശക്തനാൽ അനുഗ്രഹിക്കപ്പെട്ടു.

ഒരു കാലത്ത്‌, ഞാൻ ഏറ്റവും വെറുക്കപ്പെട്ടിരുന്ന ഒരു ചോദ്യമുണ്ട്‌..

‘വാട്ട്‌സ്‌ യുവർ നെയിം..?’

അന്നൊക്കെ മറുപടി പറയുമ്പോൾ എന്നും നിന്ദയും പരിഹാസവും ഏറ്റിരുന്ന ഒരു ഭൂതകാലം എന്റെ പിൻപിലുണ്ട്‌! ഒരുപക്ഷേ, ഇതു വായിച്ച നിങ്ങൾക്കും ഒരാഗ്രഹമില്ലേ എന്നോടാ ചോദ്യമൊന്ന് ചോദിക്കാൻ..

‘ഹേയ്‌.. വാട്ട്‌സ്‌ യുവർ നെയിം..?’

എന്നാൽ ഇന്ന് ഞാൻ എന്റെ പേർ അഭിമാനത്തോടെ പറയും.. ‘യെസ്‌, ആം നൺ അദർ ദാൻ യുവർ ജബ്ബേസ്‌!’

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.