ശുഭദിന സന്ദേശം: നിദ്ര, നിത്യനിദ്ര | ഡോ.സാബു പോൾ

”യേശു മരിക്കയും ജീവിച്ചെഴുന്നേൽക്കയും ചെയ്തു എന്നു നാം വിശ്വസിക്കുന്നു എങ്കിൽ അങ്ങനെ തന്നേ ദൈവം നിദ്രകൊണ്ടവരെയും യേശുമുഖാന്തരം അവനോടുകൂടെ വരുത്തും”(1തെസ്സ.4: 14).

ഇന്നലെ മലയാളികൾ മിഴി തുറന്നത് ഞെട്ടിപ്പിക്കുന്ന, അത്യന്തം ദാരുണമായ കാഴ്ചകളിലേക്കാണ്.അവിനാശിയിൽ അപകടത്തിൽ പെട്ട ബസിൽ പുലർച്ച മൂന്നു മണിക്ക് സുഖനിദ്രയിലായിരുന്ന 19 പേർ നിത്യനിദ്രയിലേക്ക് നീക്കപ്പെട്ടെന്ന ഖേദകരമായ വാർത്തയുടെ ചലിക്കുന്ന ചിത്രങ്ങളായിരുന്നത്….!

ശുഭ പ്രതീക്ഷകളോടെ സ്വന്തം നാട്ടിലേക്ക് യാത്ര തിരിച്ചവർ……
പിറ്റേ ദിവസം അവർ കാണാൻ പോകുന്ന പ്രിയപ്പെട്ടവരെ ഓർത്തും, കാണുമ്പോൾ പങ്കു വെയ്ക്കേണ്ട രസകരമായ കാര്യങ്ങൾ അയവിറക്കിയും കിടന്ന അവരുടെ കൺപോളകൾക്ക് കനം വെച്ചപ്പോൾ എപ്പോഴോ ഉറക്കത്തിലേക്ക് വീണു….

ഒരു പക്ഷേ, ഉറക്കത്തിലും അവർ പല സ്വപ്നങ്ങൾ കണ്ടു കാണാം. അപ്രതീക്ഷിതമായാണ് ഒരു ടാങ്കർ ലോറി അവർ സഞ്ചരിച്ച ബസിലേക്കും അവരുടെ സ്വപ്നങ്ങളിലേക്കും ഇടിച്ചു കയറിയത്…….

എല്ലാം തകർന്നു തരിപ്പണമായി…
വാഹനം, ശരീരങ്ങൾ, സ്വപ്നങ്ങൾ……
ഉറക്കത്തിലായിരുന്ന അവർ ഇനിയൊരിക്കലും ഉണരാതവണ്ണം എന്നേക്കുമായ ഉറക്കത്തിലേക്ക് വീണു…….

എന്താണ് ഉറക്കവും മരണവും തമ്മിലുള്ള വ്യത്യാസം…..? ദൂരക്കാഴ്ചയിൽ പെട്ടെന്ന് തിരിച്ചറിയാനാവില്ല. എന്നാൽ ഉറങ്ങുന്നയാളെ വിളിച്ചുണർത്തുകയോ, സ്വയം അയാൾക്ക് ഉണരുകയോ ചെയ്യാം. മരിച്ചു കിടക്കുന്നയാൾ സ്വയം ഉണരുകയില്ല, ആർക്കും വിളിച്ചുണർത്താൻ കഴിയില്ല….!

ഇനി വചനത്തിലേക്ക് വരാം.യേശുക്രിസ്തു മരിച്ച മൂന്നു പേരെ ഉയിർപ്പിച്ചു. ഒരാളെ(നയീനിലെ വിധവയുടെ മകൻ) യാദൃച്ഛികമായി വഴിയാത്രയിൽ ഉയിർപ്പിക്കുകയായിരുന്നു.

യായീറോസിൻ്റെ മകളുടെയും ലാസറിൻ്റേയും കാര്യം ബന്ധപ്പെട്ടവർ യേശുവിനെ അറിയിക്കുമ്പോൾ അവർ ഉറങ്ങുകയാണെന്നാണ് രണ്ട് സ്ഥലത്തും യേശുവിൻ്റെ പ്രതികരണം(മർക്കൊ.5:39, യോഹ.11:11).

യേശു കേവലം അങ്ങനെ പറയുക മാത്രമല്ല, അവരെ വിളിച്ചുണർത്തുകയും ചെയ്തു. അതുപോലെ ക്രൂശിൽ ജീവത്യാഗം ചെയ്ത യേശു സ്വയം ഉണർന്നു.

നിത്യമായ, സ്വർഗ്ഗീയമായ കാര്യങ്ങളെ നമുക്ക് മനസ്സിലാകുന്നതു പോലെ ലളിതമായിട്ടാണ് ബൈബിൾ വരച്ചു കാണിക്കുന്നത്. രാത്രി ഉറങ്ങുന്നവർ രാവിലെ എഴുന്നേൽക്കുന്നതു പോലെ നീതി സൂര്യനായ ക്രിസ്തുവിൻ്റെ വരവിൽ മരിച്ചവർ ഉയിർത്തെഴുന്നേൽക്കും.

പക്ഷേ…..

ആർക്കും മാറ്റം വരുത്താൻ കഴിയാത്ത രണ്ടാം മരണമുണ്ട്. അതിനെ നരകമെന്ന് ബൈബിൾ പറയുന്നു.

പ്രിയമുള്ളവരേ, അപ്രതീക്ഷിത വിയോഗങ്ങളുടെ കദന കഥകൾ കേൾക്കുമ്പോൾ, നമുക്ക് ജീവിതത്തെ ദൈവ പ്രസാദത്തിനായി സമർപ്പിക്കാം. നീതി സൂര്യൻ വരാറായി…..!

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ.സാബു പോൾ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.