ചെറു ചിന്ത: ജീസസ് ഈസ്‌ മൈ വാലൻറ്റൈൻ | അമൽ മാത്യു

നമ്മളിൽ ഒട്ടുമിക്കപേരും തന്നെ നിരവധി തവണ കണ്ടിട്ടുള്ള, കേട്ടിട്ടുള്ള വാക്കുകൾ ആയിരിക്കും ഇത്. നമ്മുടെ പല സുഹൃത്തുക്കളും ഫേസ്ബുക്ക് വഴിയും വാട്സ്ആപ്പ് വഴിയും എല്ലാം ഇത്തരത്തിൽ പോസ്റ്റുകൾ ഇടുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാകാം. പ്രത്യേകിച്ച് ഈ ഒരാഴ്ചയിൽ കൂടുതലായി ഇപ്രകാരം കാണുവാൻ സാധിക്കും. ഇവരെല്ലാം തന്നെ ഏത് അർത്ഥത്തിലാണ് അങ്ങനെ ഇടുന്നത് എന്ന് ഇതുവരെ മനസ്സിലാക്കാൻ സാധിച്ചിട്ടില്ല

ഒരു ക്രിസ്തീയ വിശ്വാസിക്ക് ഇത്തരത്തിൽ എങ്ങനെ പറയുവാൻ, ചിന്തിക്കുവാൻ സാധിക്കുന്നു എന്നത് അത്ഭുതപ്പെടുത്തിയിട്ടുള്ള കാര്യമാണ്. യേശുക്രിസ്തു എങ്ങനെയാണ് നമ്മുടെ അല്ലെങ്കിൽ മറ്റൊരാളുടെ വാലൻറ്റൈൻ ആകുന്നത്.? ഞാൻ മനസ്സിലാക്കിയിടത്തോളം യേശുക്രിസ്തു അഥവാ യേശു ഒരു വ്യക്തിക്കും ഒരു നാളിലും പിതാവ്- പുത്രൻ അല്ലെങ്കിൽ പിതാവ്- പുത്രി എന്നതിൽ കവിഞ്ഞ് ഒരു സ്ഥാനവും കൊടുത്തിട്ടില്ല. അതിന്റെ കാരണം യേശു ദൈവം ആയിരുന്നതുകൊണ്ടാണ്. ഏതു ജാതി-മത വിഭാഗത്തിൽപ്പെട്ടവർ ആയിരുന്നാലും അവർ ദൈവത്തിന് അതിന് തക്കതായ ബഹുമാനം കൊടുക്കാറുണ്ട്. നമ്മുടെ യേശുക്രിസ്തു സർവ്വ പുകഴ്ചയ്ക്കും ബഹുമാനത്തിനും സ്തുതിക്കും യോഗ്യനാണ്. യേശുവിനെ പോലെ ആരാധ്യൻ വേറെ ആരുമില്ല

പിതാവ്- പുത്രൻ എന്ന ബന്ധത്തിന്റെ ദൃഢത വെളിവാക്കുന്ന രണ്ടു വാക്യങ്ങൾ താഴെ കുറിക്കാം,

” ഗലാത്യർ 4:6 നിങ്ങൾ മക്കൾ ആകകൊണ്ടു അബ്ബാ പിതാവേ എന്നു വിളിക്കുന്ന സ്വപുത്രന്റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയങ്ങളിൽ അയച്ചു.
ഗലാത്യർ 4:7 അങ്ങനെ നീ ഇനി ദാസനല്ല പുത്രനത്രെ; പുത്രനെങ്കിലോ ദൈവഹിതത്താൽ അവകാശിയും ആകുന്നു.

എബ്രായർ 12:6 കർത്താവു താൻ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു; താൻ കൈക്കൊള്ളുന്ന ഏതു മകനെയും തല്ലുന്നു; എന്നിങ്ങനെ മക്കളോടു എന്നപോലെ നിങ്ങളോടു സംവാദിക്കുന്ന പ്രബോധനം നിങ്ങൾ മറന്നുകളഞ്ഞുവോ?”

ഇവിടെ നമുക്ക് വ്യക്തമായി കാണുവാൻ സാധിക്കും ദൈവം നമുക്ക് ഒരു പിതാവാണ് എന്ന്. പിതാവായതുകൊണ്ടു തന്നെ നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന ഏത് സാഹചര്യത്തിലും ഏതവസ്ഥയിലും നമുക്ക് സ്വന്തം പിതാവ് എന്നപോലെ എല്ലാം പങ്കു വെക്കാൻ സാധിക്കും. (നമ്മുടെ മാതാപിതാക്കളോട് പറയുന്നതുപോലെ)
മറിച്ചൊരു കൂടപ്പിറപ്പിന്റെ (വാലൻറ്റൈൻ-ന്റെ) സ്ഥാനം നമ്മൾ കൊടുത്തിരുന്നെങ്കിലോ..? ഒരു ബഹുമാനവും നാം ദൈവത്തിന് കൊടുക്കുക ഇല്ലായിരുന്നു എന്നതാണ് സത്യം

യേശു തന്റെ ശിഷ്യന്മാരെ പ്രാർത്ഥിക്കാൻ പഠിപ്പിച്ചപ്പോൾ “സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ” എന്ന് തുടങ്ങി കൊണ്ടാണ് പ്രാർത്ഥന പഠിപ്പിക്കുന്നത്. അതിലൂടെ ദൈവത്തെ അപ്പാ എന്ന് വിളിക്കാൻ ഉള്ള ധൈര്യവും അവകാശവുമാണ് നിഴലിക്കുന്നത്. ഈ സംബോധനയിലൂടെ ദൈവത്തിലുള്ള നമ്മുടെ ആഴമേറിയ വിശ്വാസവും അതിലുപരി സ്വന്തം പിതാവിന്റെ സ്നേഹവും കരുതലും ഒരു പിഞ്ചു പൈതലിന്റെ മനോഭാവത്തോടെ നമുക്ക് മനസ്സിലാക്കാൻ സാധിക്കും.

ഈ ഒരു വിഷയത്തെ കുറിച്ച് സംസാരിക്കുമ്പോൾ ഒരു കാര്യം കൂടി പറയാതെ വയ്യ. നമ്മുടെ “ന്യൂ ജെനറേഷൻ പാട്ടുകൾ.” പുതിയ പാട്ടുകൾ എഴുതുന്നവർക്ക് യേശുവിനോട് ഉള്ള പ്രേമവും പ്രണയവും ഓരോ വരികളിലായി ഒഴുകിയിറങ്ങുകയാണ്. ഏത് ആത്മാവാണ് അങ്ങനെ എഴുതാൻ പ്രേരിപ്പിക്കുന്നത് എന്ന് മനസ്സിലായിട്ടില്ല. എല്ലാവരും മോശമാണെന്നല്ല, ഒരുപാട് നല്ല ഗാനങ്ങൾ എഴുതുന്നവർ ഇന്നും നമ്മുടെ ഇടയിൽ ഉണ്ട്. പാട്ടുകൾ ആയാലും ലേഖനങ്ങൾ ആയാലും ദൈവത്തിനു വേണ്ടി എന്ത് ചെയ്താലും അത് നല്ലതിനായി ചെയ്യുക. ബൈബിളിൽ പറയുന്നത് പോലെ ബുദ്ധിയിലും ആത്മാവിലും നിരവധി കാര്യങ്ങൾ ചെയ്യാൻ സാധിക്കും. ബുദ്ധി മാറ്റിവെച്ചു ആത്മാവിന്റെ നടത്തിപ്പ് അനുസരിച്ച് മുന്നോട്ടു പോകണം

ഒരുപാട് കാര്യങ്ങൾ നമുക്ക് പലയിടങ്ങളിൽ നിന്നും ലഭിക്കും, അതെല്ലാം ഷെയർ, പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് ഒന്ന് ചിന്തിക്കുന്നത് നല്ലതായിരിക്കും. ഇത് ഒരു കുറ്റപ്പെടുത്തലല്ല, മറിച്ച് ഒന്ന് ചിന്തിക്കുന്നത് നല്ലതായിരിക്കും,
‘ദൈവവും നമ്മളും തമ്മിലുള്ള ബന്ധം എന്താണ് എന്ന്, എങ്ങനെ ആയിരിക്കണം എന്ന്’

അമൽ മാത്യു

-Advertisement-

You might also like
Comments
Loading...