ശുഭദിന സന്ദേശം:കന്യകയും, കന്യകമാരും| ഡോ.സാബു പോൾ

“പിന്നെ ഞാൻ സീയോൻ മലയിൽ കുഞ്ഞാടും അവനോടുകൂടെ നെറ്റിയിൽ അവന്റെ നാമവും പിതാവിന്റെ നാമവും എഴുതിയിരിക്കുന്ന നൂറ്റിനാല്പത്തിനാലായിരം പേരും നിൽക്കുന്നതു കണ്ടു.”(വെളി.14:1).

ഇന്നലെ ചിന്തിച്ചതിൻ്റെ തുടർച്ചയാണിന്ന്…..
ഇവിടെ കാണുന്ന കന്യകമാർ ആരാണ്…?

ഇവരുടെ പ്രത്യേകതകൾ നോക്കാം.
▪ വേറെ ആർക്കും പാടാൻ കഴിയാത്ത പാട്ടു പാടുന്നവർ(വാ.3).
▪സ്ത്രീകളോടുകൂടെ മലിനപ്പെടാത്തവർ(വാ.4).
▪കുഞ്ഞാട് പോകുന്നിടത്തൊക്കെയും അവനെ അനുഗമിക്കുന്നവർ(വാ.4).
▪ ദൈവത്തിനും കുഞ്ഞാടിനും ആദ്യഫലമായി വീണ്ടെടുക്കപ്പെട്ടവർ( വാ.4).
▪ഭോഷ്ക്കും കളങ്കവുമില്ലാത്തവർ(വാ.5).

വിവാഹം കഴിക്കാത്ത തങ്ങളുടെ ആത്മീയ ശുശ്രൂഷകരാണിവർ എന്നാണ് റ്റി.പി.എം. സഭ പഠിപ്പിക്കുന്നത്.

എന്നാൽ വ്യാഖ്യാനിക്കേണ്ട വിധം ഈ വേദഭാഗത്തെ സമീപിക്കാം. വേദഭാഗത്തിൻ്റെ പശ്ചാത്തലം അറിഞ്ഞും, ഒത്തുവാക്യങ്ങൾ പഠിച്ചും(യെശ.34:16), വാക്യത്തെ വിശദമായി വിശകലനം ചെയ്തുമാണ് വ്യാഖ്യാനം നടത്തേണ്ടത്.

? പശ്ചാത്തലം
വെളിപ്പാട് പുസ്തകത്തിൽ വിവിധ വെളിപ്പാടുകൾ തുടർമാനമായി വിവരിച്ചു വരുന്നതു കൊണ്ട് വേദഭാഗത്തിൻ്റെ മുമ്പും പിമ്പും രേഖപ്പെടുത്തിയിരിക്കുന്നത് വായിച്ച് പശ്ചാത്തലം മനസ്സിലാക്കാനാവില്ല.

? ഒത്തുവാക്യം
ഇനി ഒത്തുവാക്യം നോക്കാം.144000 പേരെക്കുറിച്ച് വെളിപ്പാട് 7-ാം അദ്ധ്യായത്തിൽ പറയുന്നുണ്ട്. അത് ദൈവ ക്രോധം ഭൂമി മേൽ ചൊരിയപ്പെടുന്നതിനു മുമ്പ് മുദ്രയിടാൻ യഹൂദൻമാരിൽ നിന്നും
വേർതിരിക്കപ്പെടുന്നവരാണ്(3-8).
അതിനു ശേഷം സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിൽ നിന്നുമുള്ളതായി എണ്ണിക്കൂടാത്ത പുരുഷാരത്തെക്കുറിച്ച്(വാ.9) പറയുന്നതിനാൽ ഇത് രണ്ടും വ്യത്യസ്തമാണെന്ന് മനസ്സിലാക്കാം.

? വിശകലനം
വാക്യത്തിൻ്റെ വിശദമായ വിശകലനം തുടർന്ന് നടത്താം.
കന്യകമാർ എന്നു വിളിച്ചിരിക്കുന്നതാരെയാണ്? മണവാളനെ എതിരേൽപ്പാൻ പുറപ്പെട്ട 10 കന്യകമാരെ ക്കുറിച്ച് യേശു പറഞ്ഞ ഉപമയിൽ അവർ മണവാട്ടിയുടെ തോഴിമാരോ, വിളക്കേന്തുന്നവരോ(Torch Bearers) ആകാം. കൂടാതെ, തോഴിമാരായ കന്യകമാരെ ക്കുറിച്ച് സങ്കീർത്തനത്തിലും കാണുന്നു(45:14).

എന്നാൽ സഭ നിർമ്മല കന്യക യാണ്(2കൊരി.11:4).

ഇനി ഈ കന്യകമാരും കന്യകയും തമ്മിലുള്ള ചില വ്യത്യാസങ്ങൾ ശ്രദ്ധിക്കുക…
കന്യകമാരെ മുദ്രയിടുന്നത് ദൂതൻമാരാണ്, മുദ്രയേൽക്കുന്നത് നെറ്റിയിലാണ്(വെളി. 7:3,4). അവർ കുഞ്ഞാടിനെ അനുഗമിക്കുകയാണ്(വെളി.14:4).

എന്നാൽ കന്യകയായ സഭയ്ക്ക് മുദ്രയിട്ടത് പിതാവും പരിശുദ്ധാത്മാവുമാണ്. മുദ്ര അദൃശ്യമാണ്, ഹൃദയത്തിലാണ്(2കൊരി.1:22;എഫെ.4:30). സഭ കാന്തൻ്റെ വലതു വശത്താണ്(സങ്കീ.45: 9).

ഇനി മൂന്ന് കാര്യങ്ങൾക്കു കൂടി വ്യക്തത വരേണ്ടതുണ്ട്.
കന്യകമാർ ആദ്യഫലമെന്ന് പറയുന്നു.
ക്രിസ്തുവിനെ ആദ്യഫലമെന്ന് പറഞ്ഞിട്ടുണ്ട് (കൊലോ.1:15,1 കൊരി. 15:20), യിസ്രായേലിനെക്കുറിച്ച് ആദ്യഫലമെന്ന് പറയുന്നു( യിര.2:3, പുറ.4:22). ഇവിടെ മഹാപീഡനത്തിൽ നിന്നും രക്ഷിക്കപ്പെട്ട ആദ്യഫലമാകാം.

ഇവർ സ്ത്രീകളോടുകൂടെ മലിനപ്പെടാത്തവർ എന്നാണ് പറഞ്ഞിരിക്കുന്നത്. കന്യകമാർ എങ്ങനെയാണ് സ്ത്രീകളോട് കൂടെ മലിനപ്പെടുന്നത്?

ഏക ദൈവ വിശ്വാസത്തിലും ക്രിസ്തുവിനോടുള്ള ഏകാഗ്രതയിലും നിലകൊള്ളുന്ന സഭയെ കന്യകയെന്ന് വിളിക്കുമ്പോൾ, ബഹുദൈവ വിശ്വാസത്തിലും, അശുദ്ധിയിലും തുടരുന്നവരെ അഭിസാരികയായ സ്ത്രീ എന്നും വിളിക്കുന്നു(വെളി.17:1-6). ഇത്തരത്തിലുള്ള ദുരാചാരങ്ങളുടെ പിന്നാലെ പോകാത്തതു കൊണ്ടായിരിക്കണം
സ്ത്രീകളോടുകൂടെ മലിനപ്പെടാത്തവർ എന്ന് പറയുന്നത്. യഹൂദൻ എന്നും ബഹുദൈവ വിശ്വാസത്തിനും വിഗ്രഹാരാധനയ്ക്കുമെതിരെ നിൽക്കുന്നവരുമാണ്.

മറ്റാർക്കും മനസ്സിലാകാത്ത പാട്ട് ഇവർ പാടുന്നു. വിശിഷ്ടാതിഥികൾക്കായി(കാന്തനെയും കാന്തയെയും അഭിനന്ദിച്ച്) പാടുന്നതാകണം ഇത്.

ഇന്നത്തെ വേദഭാഗത്തെ 144000 എന്ന സംഖ്യയും, കന്യകമാർ എന്നതിനെയും അക്ഷരീകമായി(literal) എടുക്കുന്നവർ കുഞ്ഞാടിനെ ആ നിലയിൽ എടുക്കുന്നില്ല എന്നതും വൈരുദ്ധ്യമാണ്.

ചുരുക്കിപ്പറഞ്ഞാൽ ഇവിടെ പറയുന്നവർ ‘കുത്തിയവങ്കലേക്ക് നോക്കി’ രക്ഷിക്കപ്പെട്ടു വരുന്ന യിസ്രയേലിലെ ശേഷിപ്പാണ്(റോമ.11). സഭയാം മണവാട്ടിയുടെ വിശേഷമായ പദവിയല്ല യിസ്രായേലിന് നൽകപ്പെടുന്നത്.

പ്രിയമുള്ളവരേ,
ആത്മ മണവാളനായ ക്രിസ്തുവിനു വേണ്ടി വിശുദ്ധിയോടെ ജീവിക്കുന്നതിനെയാണ് ബൈബിൾ കന്യകാത്വം എന്ന് വിശേഷിപ്പിക്കുന്നത്. വിശുദ്ധ ജീവിതത്തിനായി നമ്മെ സമർപ്പിക്കാം. കാഹളം മുഴങ്ങാറായി…..!!

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

Pastor Dr. Sabu Paul
(Advisory Board Member K.E.OMAN CHAPTER)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.