ലേഖനം: പുതു യുഗങ്ങളുടെ നേർക്കാഴ്ച

ജിനീഷ് പുനലൂർ

ത് 2019 ഇനി വരാൻ പോകുന്നത് 2020, കാലങ്ങൾ ഇങ്ങനെ ഓടിക്കൊണ്ടിരിക്കുന്നു മനുഷ്യന്റെ സ്വഭാവങ്ങൾക്ക് മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ ഇതിനെക്കുറിച്ച് ആരും നോക്കുകയോ കാണുകയോ ചെയ്യാതെ മുന്നോട്ടുള്ള ജീവിതം തുടർന്നു കൊണ്ടേയിരിക്കുന്നു. എന്നാൽ ഒരുവൻ ഇതെല്ലാം കണ്ടു നെഞ്ച് തകർന്ന അവസ്ഥയിലാണ് ഇരിക്കുന്നത് അതെ, നമ്മുടെ കർത്താവായ യേശുക്രിസ്തു തന്നെ.

2000 വർഷങ്ങൾക്കു മുൻപ് സ്വന്തശരീരം ബലിയർപ്പിച്ചു നമ്മളെ അവൻ രക്തം കൊണ്ട് വിലയ്ക്കുവാങ്ങി. എന്നാൽ ഇന്ന് കർത്താവായ യേശുക്രിസ്തു നമ്മളെ നോക്കുന്നത് ഹൃദയം നുറുങ്ങുന്ന അവസ്ഥയിലാണ്. കാരണം ജനങ്ങളെല്ലാം നിഗളം കൊണ്ട് വഷളായി പോയി. ഞാൻ ഇവിടെ പ്രതിപാദിക്കുന്നത് ജാതി,വംശം എന്നിവയേ കുറിച്ചല്ല, മറിച്ച് കർത്താവായ ക്രിസ്തുയേശുവിനെ സ്വീകരിച്ച് സ്നാനപ്പെട്ട് അഭിഷേകം പ്രാപിച്ച് ദൈവമക്കൾ എന്ന ചെല്ലപ്പേര് ഉള്ള ആളുകളെ കുറിച്ചാണ്. എന്റെ ഒരു കാഴ്ചപ്പാടിൽ പറയുകയാണെങ്കിൽ മൂഢന്മാർ ആയുള്ള ജനങ്ങൾ എന്നു തന്നെ വേണം പറയുവാൻ.

എന്തൊക്കെയോ വെട്ടിപ്പിടിക്കാൻ വേണ്ടി സ്വന്തം മക്കളെ പലയിടങ്ങളിലും പഠിക്കുവാൻ ആക്കി, ലോകത്ത് എവിടെയൊക്കെയോ പോയി ജോലി ചെയ്തു സമ്പാദിക്കുകയും ചെയ്യുമ്പോൾ തങ്ങളുടെ തലമുറയ്ക്കുവേണ്ടി പദ്യോപദേശം കൊടുക്കുവാൻ ഈ മാതാപിതാക്കൾ മറന്നുപോകുന്നു.ഭാര്യയും ഭർത്താവും പരസ്പരം മിണ്ടിയിട്ട് തന്നെ ആഴ്ചകളായി. മൂഢന്മാരായ മാതാപിതാക്കൾ അറിയുന്നില്ല ഇവരുടെ കാലിന്നടിയിലെ മണ്ണ് ഒലിച്ചു പോകുന്നത്. തലമുറയുടെ ദുർനടപ്പ്, പാപങ്ങൾ എന്നിവ സ്വർഗ്ഗത്തോളം ഉയർന്നിരിക്കുന്ന അവസ്ഥയാണ് ഈ പുതിയ തലമുറയിൽ കാണുന്നത്. കർത്താവായ ക്രിസ്തുവിനെ കുറിച്ച് പഠിക്കുവാൻ, അല്ലെങ്കിൽ ബൈബിൾ എടുത്തു വായിക്കുവാൻ പോലും സമയമില്ലാതെ അവർ പണത്തിന്റെ കൊഴുപ്പുകളിൽ മയങ്ങി പാപം ചെയ്തു കൊണ്ടേയിരിക്കുന്നു. തലമുറയെ നമ്മൾ പഴിച്ചിട്ട് കാര്യമില്ല. മാതാപിതാക്കൾക്ക് തലമുറകളെയോർത്ത് കർത്താവിന്റെ സന്നിധിയിൽ ഇരുന്ന് പ്രാർത്ഥിക്കുവാൻ സമയം ഇല്ലാതായിപ്പോയി.പണത്തിന്റെയും, പ്രതാപത്തിന്റെയും പിന്നാലെ പായുമ്പോൾ ഇതിനൊക്കെ എവിടെ സമയം കിട്ടാൻ..!! വിശുദ്ധർ എന്നുള്ള ചെല്ലപേരുമായി കറുത്ത വസ്ത്രം അണിഞ്ഞു കൊണ്ട് അവർ എങ്ങോട്ടെന്നില്ലാതെ യാത്ര തുടർന്നു കൊണ്ടിരിക്കുന്നു..!!

ഇന്ന് ഒരു ദൈവദാസന്റെ കുടുംബത്തിൽ നിന്നു പോലും ദൈവ വേലയ്ക്കു ഇറങ്ങുവാൻ മടികാണിക്കുന്ന തലമുറയാണ് ഇന്നത്തെ തലമുറ…!! ഇന്നത്തെ ഒരു യൗവ്വനകാരനോട് ഭാവിയിൽ നിനക്ക് ആര് ആകണം എന്ന് ചോദിച്ചാൽ അവൻ പറയും എനിക്കു കമ്പ്യൂട്ടർ എൻജിനീയറോ,ഡോക്ടറോ ആകണം എന്നാണ്. ഇന്ന് കർത്താവിന്റെ വേലയ്ക്ക് പോകുവാൻ മടി കാണിക്കുന്ന ഒരു സമൂഹമാണ് ഉള്ളത്. അനേകർ കർത്താവിനെ അറിയാതെ ജീവിക്കുന്ന ഈ കാലത്ത് പെന്തക്കോസ്ത് സമൂഹം പോലും ഇരുട്ടിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്നു…!!!

പണത്തിന്റെ കുത്തൊഴുക്കുകൾ വരുമ്പോൾ, ജീവിതത്തിൽ സൗഭാഗ്യങ്ങൾ വരുമ്പോൾ ഇത് ദൈവമാണ് തരുന്നത് എന്ന ചിന്തയെങ്കിലും നിലനിർത്തിക്കൊണ്ട് ഇനിയുള്ള നാളുകളിൽ കർത്താവിനെ തേടിപ്പിടിച്ച് പിന്തുടരുവാൻ കഴിയുമാറാകട്ടെ.. ഒരു കാര്യം കൂടി ഇവിടെ പ്രതിപാദിക്കുവാൻ ആഗ്രഹിക്കുന്നു. ആവശ്യങ്ങളും, കഷ്ടപ്പാടുകളും വരുമ്പോൾ പ്രാർത്ഥിക്കുകയും,ഉപവസിക്കുകയും ദൈവത്തെ വിളിക്കുകയും ചെയ്യുന്ന ഒരു തലമുറയായി നമ്മൾ അധ:പതിച്ചു കഴിഞ്ഞു.അതെ ഈ സമൂഹം മാറേണ്ടത് അത്യാവശ്യമാണ്. കേരളം വിട്ട് പഠിക്കുവാനും, ജോലിക്കും മറ്റുമായി പല സ്ഥലങ്ങളിൽ പോകുന്ന ദൈവമക്കളുടെ തലമുറകൾ കാണിച്ചുകൂട്ടുന്ന കോപ്രായങ്ങൾ ലോകം കണ്ടു കൊണ്ടിരിക്കുകയാണ്…!! ഒരു കൂട്ടം നല്ല ദൈവ മക്കളുടെ ഇടയിൽ വെള്ള വസ്ത്രം അണിഞ്ഞു കറുത്ത നിഴൽ പോലെ നിൽക്കുന്ന,ഞങ്ങൾ വിശുദ്ധർ എന്ന് സ്വയം പുകഴുന്ന മനുഷ്യരുടെ ഇടയിൽ ആണ് നമ്മൾ ജീവിക്കുന്നത്. എന്നാൽ ഇവരോട് പറയാനുള്ളത്, കർത്താവിന്റെ വരവ് അടുത്തുകൊണ്ടിരിക്കുന്നു നക്ഷത്രങ്ങൾക്കും ഭൂമിക്കും വ്യത്യാസങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു.അഴിച്ചു മാറ്റുവാനും,വിടേണ്ടതിനെ വിട്ടുകൊണ്ട് കർത്താവിന്റെ സന്നിധിയിൽ വീഴുകയാണെങ്കിൽ എല്ലാം ക്ഷമിച്ചു തരുവാൻ ദൈവം കരുണാമയനാണ്.

ദൈവമക്കളെ നേർവഴിയിൽ നടത്തുവാൻ ദൈവമാക്കി വച്ചിരിക്കുന്ന ദൈവദാസന്മാർ പോലും നിഴൽ രൂപത്തിലാണ് ജീവിതം നയിച്ചു കൊണ്ടിരിക്കുന്നത്. എല്ലാ ദൈവ ദാസന്മാരെയും കുറിച്ചല്ല ഇവിടെ പ്രതിപാദിക്കുന്നത് പ്രത്യുത, വെള്ള വസ്ത്രം അണിഞ്ഞു കൊണ്ട് അകത്തു ഇരുട്ട് അടങ്ങിയ ദൈവദാസന്മാരെക്കുറിച്ചാണ്. സ്ഥാനമോഹത്തോടും, പണത്തോടും മാത്രം താല്പര്യം ഉള്ള ദൈവദാസന്മാരാണ് ഇന്ന് ഭൂരിപക്ഷവും. പെന്തക്കോസ്ത് സമൂഹത്തിന്റെ ഇലക്ഷൻ പ്രചരണം ലോകം പോലും തോറ്റു പോകുന്ന രീതിയിലാണ് നടന്നത്. ഇതൊക്കെ മാറേണ്ട കാലമായി കർത്താവിന്റെ വരവ് ഏറ്റവും അടുത്തുകൊണ്ടിരിക്കുന്നു. “ലോകവും അതിന്റെ മോഹവും ഒഴിഞ്ഞു പോകുന്നു; ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു”(1 യോഹന്നാൻ 2:17) എന്ന് ബൈബിൾ പറയുന്നു.എല്ലാ ലോകത്തിന്റെ മോഹങ്ങളും വെടിഞ്ഞ് കർത്താവിന്റെ സന്നിധിയിലേയ്ക്ക് അടുത്തുചെല്ലാം അവിടുന്ന് നമ്മെ അന്ത്യത്തോളം നടത്തുവാൻ വിശ്വസ്തൻ…

ജിനീഷ് പുനലൂർ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.