അറിയിപ്പ് തിരുത്തി ദോഹ മോഡേൺ ഇന്ത്യൻ സ്‌കൂൾ, സ്‌കൂൾ അടക്കില്ല

ദോഹ: രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും ആശങ്കയിലാക്കി ദോഹ മോഡേൺ ഇന്ത്യൻ സ്‌കൂൾ ഇന്നലെ രക്ഷിതാക്കൾക്ക് അയച്ച വാട്സ്ആപ് സന്ദേശം പിൻവലിച്ചു. ഇക്കാര്യം അറിയിച്ചു കൊണ്ട് ഇന്ന് രാവിലെയാണ് മാനേജ്‌മെന്റ് വീണ്ടും രക്ഷിതാക്കളുടെ മൊബൈൽ ഫോണുകളിലേക്ക് വാട്സ്ആപ് സന്ദേശം അയച്ചത്. ഒഴിവാക്കാനാകാത്ത കാരണങ്ങളാൽ 2019 – 2020 അധ്യയന വർഷത്തോടെ സ്‌കൂളിന്റെ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്നും അടുത്ത അധ്യയന വർഷത്തേക്ക് വിദ്യാർത്ഥികൾക്ക് മറ്റു സ്‌കൂളുകളിൽ സീറ്റ് ഉറപ്പുവരുത്തണമെന്നുമായിരുന്നു കഴിഞ്ഞ ദിവസം രക്ഷിതാക്കൾക്ക് ലഭിച്ച അറിയിപ്പിൽ ഉണ്ടായിരുന്നത്. ഇത് തിരുത്തിയാണ് സ്‌കൂൾ അധികൃതർ ഇന്ന് പുതിയ സന്ദേശം അയച്ചത്. കഴിഞ്ഞ ദിവസം അയച്ച സന്ദേശത്തെ തുടർന്ന് നടത്തിയ ചർച്ചകളുടെ ഫലമായി സന്ദേശം പിൻവലിക്കുകയാണെന്നും സ്‌കൂളിന്റെ പ്രവർത്തനം സാധാരണ നിലയിൽ മുന്നോട്ട് പോകുമെന്നും അറിയിച്ചുകൊണ്ടാണ് പുതിയ വാട്സ്ആപ് സന്ദേശം.

അതേസമയം,കൃത്യമായ ആലോചനയോ തീരുമാനമോ ഇല്ലാതെ കഴിഞ്ഞ ദിവസം ഇത്തരത്തിലൊരു സന്ദേശം അയച്ച മാനേജ്‌മെന്റ് നടപടിയിൽ രക്ഷിതാക്കൾക്കിടയിൽ അമർഷം ഉയരുന്നുണ്ട്. ഫീസ് വർധിപ്പിക്കാനുള്ള മാനേജ്‌മെന്റിന്റെ ഗൂഢാലോചനയാണ് കഴിഞ്ഞ ദിവസം അയച്ച സന്ദേശത്തിന് പിന്നിലെന്നും അവർ ആരോപിക്കുന്നു. വിദ്യാഭ്യാസ മന്ത്രാലയവുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് സ്‌കൂൾ അധികൃതർ സ്‌കൂളിന്റെ പ്രവർത്തനം തുടരാൻ തീരുമാനിച്ചതെന്നാണ് അനൗദ്യോഗിക വിവരം. എന്നാൽ ഇതുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾ നൽകാൻ സ്‌കൂൾ മാനേജ്‌മെന്റ് ഇതുവരെ തയാറായിട്ടില്ല.

നിലവിലെ സാഹചര്യത്തിൽ മിക്ക സ്‌കൂളുകളിലും പത്ത്,പന്ത്രണ്ട് ക്ളാസുകളിൽ പുതുതായി പ്രവേശനം ലഭിക്കാൻ എളുപ്പമല്ല. അതുകൊണ്ടു തന്നെ ഈ അധ്യയന വർഷം ഒൻപത്,പതിനൊന്ന് ക്ലാസുകളിൽ പഠനം പൂർത്തിയാക്കുന്ന കുട്ടികളുടെ ഭാവിപഠനം പ്രതിസന്ധിയിലാകുമോ എന്ന ആശങ്കയിലായിരുന്നു രക്ഷിതാക്കൾ. താലിബ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള സ്‌കൂളിൽ നിലവിൽ രണ്ടായിരത്തോളം വിദ്യാർഥികൾ പഠനം നടത്തുന്നുണ്ട്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.